| Tuesday, 11th July 2023, 11:16 am

ആറ് വര്‍ഷങ്ങള്‍ക്കൊടുവില്‍ സഹല്‍ പടിയിറങ്ങുമ്പോള്‍....

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ആറ് വര്‍ഷം മഞ്ഞപ്പടക്കൊപ്പം ചെലവഴിച്ചതിന് ശേഷം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡറിലൊരാളായ സഹല്‍ അബ്ദുല്‍ സമദിനെ പോലൊരു താരം ക്ലബ്ബ് വിടുമ്പോള്‍ എങ്ങനെ സങ്കടപ്പെടാതിരിക്കാനാണല്ലേ.

എന്നിരുന്നാലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. താരം ബ്ലാസ്റ്റേഴ്‌സ് വിട്ടെന്നും നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സുമായി കരാറിലേര്‍പ്പെട്ടുവെന്നുമാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ദേശീയ ടീമിലും മികവ് പുലര്‍ത്തുന്ന സഹലിനെ നോട്ടമിട്ട് ലീഗിലെ മുന്‍ നിര ക്ലബ്ബുകളെല്ലാം തന്നെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്ന ക്ലബ്ബിന് മാത്രമെ തങ്ങളുടെ പ്രഷ്യസായ താരത്തെ വില്‍ക്കുകയുള്ളൂ എന്ന് ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

അതുകൊണ്ടുതന്നെ കോടികള്‍ എറിഞ്ഞാണ് മോഹന്‍ ബഗാന്‍ സഹലിനെ സ്വന്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകക്കായിരിക്കും സഹലിന്റെ ട്രാന്‍സ്ഫര്‍ നടക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വരുന്ന ദിവസങ്ങളില്‍ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

2017ലാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്. യു.എ.ഇയിലെ അല്‍ ഐനില്‍ ജനിച്ച മലയാളി ബാലന് അങ്ങനെയൊരു അവസരം തേടിയെത്തുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. തന്റെ എട്ടാം വയസില്‍ കാല്‍പന്ത് തട്ടാനാരംഭിച്ച സഹലിനെ 2010ല്‍ മാതാപിതാക്കള്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി അല്‍ എത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ചേര്‍ത്തു.

യു.എ.ഇയില്‍ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ സഹല്‍ ഉന്നത വിദ്യാഭ്യാസത്തിനായി തന്റെ നാടായ കണ്ണൂരിലെ പയ്യന്നൂരിലെത്തി പഠനത്തോടൊപ്പം യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ കളിക്കാനും തുടങ്ങി. ഡിഗ്രി തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എസ്.എന്‍ കോളേജില്‍ താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ഒരു പരിശീലകന്‍ അദ്ദേഹത്തെ കോളേജ് മാറാന്‍ പ്രേരിപ്പിച്ചു. യൂണിവേഴ്‌സിറ്റി തല ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനത്തിന് ശേഷം, സന്തോഷ് ട്രോഫിയില്‍ മത്സരിക്കാന്‍ ജില്ലാ അണ്ടര്‍ 21 ടീമിലും തുടര്‍ന്ന് കേരള ടീമിലും ചേര്‍ന്നു.

തുടര്‍ന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ബി, സീനിയര്‍ ടീം അരങ്ങേറ്റം. 2017 സന്തോഷ് ട്രോഫിയിലെ സഹലിന്റെ പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌കൗട്ടുകള്‍ ശ്രദ്ധിച്ചു. അവര്‍ അദ്ദേഹത്തെ 2017-18 ഐ-ലീഗ് 2 ഡിവിഷനില്‍ റിസര്‍വ് സൈഡില്‍ ഇട്ടു. കളത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഹലിനെ
എഫ്.സി കേരളക്കെതിരായ നാലാം മത്സരത്തില്‍ സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ക്യാപ്റ്റനായി നിയമിച്ചു. പത്ത് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടിയ അദ്ദേഹം ലീഗിലെ മൂന്നാമത്തെ ടോപ്പ് സ്‌കോററായി.

ഐ.എസ്.എല്ലിന്റെ 2017-18 സീസണില്‍ സീനിയര്‍ ടീം പോയിന്റുമായി ബുദ്ധിമുട്ടുന്നതിനാല്‍, സഹല്‍ ഉള്‍പ്പെടെയുള്ള ചില യുവതാരങ്ങളെ സീനിയര്‍ ടീമിലേക്ക് പ്രൊമോട്ടുചെയ്യാന്‍ മാനേജര്‍ റെനെ മ്യുലെന്‍സ്റ്റീന്‍ തീരുമാനിച്ചു. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന്, മത്സരശേഷം റെനെയെ പുറത്താക്കുകയും ഡേവിഡ് ജെയിംസ് സീസണിന്റെ ശേഷിക്കുന്ന സമയം ഏറ്റെടുക്കുകയും ചെയ്തു. അടുത്ത അഞ്ച് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സഹലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തെ സൈഡിലേക്ക് വിളിക്കുകയും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ സഹല്‍ അവസരം ലഭിക്കാത്ത സബ്സ്റ്റിറ്റിയൂട്ടായി തുടരുകയും ചെയ്തു.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ദിമിതര്‍ ബെര്‍ബറ്റോവിന് പകരക്കാരനായാണ് സഹല്‍ സീനിയര്‍ ടീമിനായി അരങ്ങേറിയത്. 2018 ഫെബ്രുവരി എട്ടിന് മോഹന്‍ ബഗാനെതിരായ മത്സരത്തിന്റെ 80ാം മിനിട്ടില്‍ താരം അത്യുഗ്രന്‍ ഗോള്‍ നേടി. ബെംഗളൂരുവിനെതിരായ മത്സരത്തിന്റെ 90ാം മിനിട്ടില്‍ താരത്തിന് വീണ്ടും അവസരം ലഭിച്ചു.

2018-2019 കാലഘട്ടമായിരുന്നു സഹലിന്റെ ബ്രേക്ക് ത്രൂ സീസണ്‍. 2018 സെപ്റ്റംബര്‍ 29ന് ബഗാനെതിരെയുള്ള സീസണ്‍ ഓപ്പണറിന്റെ പ്ലെയിങ് ഇലവനില്‍ സഹലിനെ ഉള്‍പ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് 2-0 ന് വിജയിച്ചു.സീസണില്‍ അദ്ദേഹം 17 ലീഗ് മത്സരങ്ങളില്‍ കളിച്ചു. 2019 ഫെബ്രുവരി 15ന് ചെന്നൈയിനെതിരെ ക്ലബ്ബിനായി തന്റെ ആദ്യ ഗോള്‍ നേടി. സഹല്‍ തന്റെ പാസിങ് കഴിവ് മെച്ചപ്പെടുത്തുകയും സീസണില്‍ 688 ടച്ചുകള്‍ നടത്തുകയും ചെയ്തു.

സീസണില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ നല്‍കിയ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍. 2018-19 സീസണ്‍ ബ്ലാസ്റ്റേഴ്‌സിന് അത്ര നല്ല കാലമല്ലായിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത സഹല്‍ ഐ.എസ്.എല്‍ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡ് നേടി. എ.ഐ.എഫ്.എഫ് എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയും അദ്ദേഹത്തെ പ്രഖ്യാപിച്ചു.

ഇതിനകം കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമെന്ന ഖ്യാതിയും സഹല്‍ നേടി. ബ്ലാസ്റ്റേഴ്‌സിനായി കളിച്ച 97 മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. മികച്ച അറ്റാക്കിങ് മിഡ് ഫീല്‍ഡറായ താരത്തെ സ്വന്തമാക്കാന്‍ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി തുടങ്ങിയ മുന്‍ നിര ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2.2 കോടി രൂപ ട്രാന്‍സ്ഫര്‍ തുകയുള്ള സഹലിന് കുറഞ്ഞത് മൂന്നു കോടി എങ്കിലും ലഭിച്ചാലേ വിട്ടുകൊടുക്കുകയുള്ളൂ എന്നാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിട്ടുള്ളത്. മൂന്ന് കോടിക്ക് മുകളില്‍ തുക ലഭിച്ചാല്‍ അത് ഐ.എസ്.എല്‍ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ റെക്കോഡ് തുകയാവും. ഐ.എസ്.എല്‍ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി സഹല്‍ രാജ്യാന്തര ജേഴ്സിയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യന്‍ദേശീയ ടീമിനായി ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, സാഫ് കപ്പ് എന്നിവ നേടുന്നതിലും സഹല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Content Highlights: Sahal Abdul Samad leaves Kerala Blasters

We use cookies to give you the best possible experience. Learn more