| Thursday, 20th March 2014, 4:21 pm

എ സഹദേവന്‍ ഇന്ത്യാവിഷനില്‍ നിന്നും റിട്ടയര്‍മെന്റിന് അപേക്ഷ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: സമീപകാലത്തുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സഹദേവന്‍ ഇന്ത്യാവിഷനില്‍ നിന്ന് റിട്ടയര്‍മെന്റിന് അപേക്ഷ നല്‍കി.

ഇന്ത്യാവിഷന്‍ ശില്‍പ്പികളിലൊരാളായ എം ടി വാസുദേവന്‍ നായര്‍ക്കൊപ്പം ഇന്ത്യാവിഷനിലേക്ക് വന്ന പ്രമുഖനായ മാധ്യമപ്രവര്‍ത്തകനാണ് ഇപ്പോള്‍ ഇന്ത്യാവിഷനില്‍  നിന്ന് പിന്‍വാങ്ങുന്നത്.

പതിനൊന്ന് വര്‍ഷത്തെ സേവനം മതിയാക്കിയാണ് വിരമിക്കുന്നത്. നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ നടത്തിപ്പോന്ന സമരത്തില്‍ ഇദ്ദേഹവും പങ്കാളിയായിരുന്നു.

പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ആയി ജോലിയില്‍ കയറിയ അദ്ദേഹം പിന്നീട് ഇന്ത്യാവിഷന്‍ അസോസിയേറ്റ് എഡിറ്റര്‍ ആയി മാറി. ഇന്ത്യാവിഷനില്‍ ദീര്‍ഘകാലമായി സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ പരിപാടിയായ 24 ഫ്രെയിംസിന്റെ അവതാരകനായിരുന്നു അദ്ദേഹം.

എഫ്പിസി ഫിക്‌സഡ്‌പ്രോഗ്രാമിങ് ചാര്‍ട്ട് രൂപീകരിച്ചതും ഇന്ത്യാവിഷന്റെ സ്റ്റൈല്‍ ബുക് രൂപീകരിച്ചതും സഹദേവന്റെ നേതൃത്വത്തിലായിരുന്നു.

നേരത്തെ ജേര്‍ണലിസ്റ്റുകള്‍ക്ക് വേണ്ടി വാദിച്ച എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യാവിഷനിലെ വാര്‍ത്താ അവതാരകനായിരുന്ന ഇ.സനീഷ് രാജിവച്ചിരുന്നു.

മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുന്നുവെന്നും സൂചനയുണ്ട്.

We use cookies to give you the best possible experience. Learn more