| Thursday, 16th March 2017, 7:35 pm

Video:- ക്യാച്ചെടുക്കാന്‍ സ്മിത്തിന്റെ മേല്‍ ചാടി വീണ് സാഹയുടെ സാഹസം; നിലത്ത് വീണുരുണ്ട് താരങ്ങള്‍; പിന്നെ സംഭവിച്ചതാണ് തമാശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: വികാര തീവ്രമായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ പിന്നിട്ട രണ്ട് ടെസ്റ്റുകളും. പോരാട്ടം ധോണിയുടെ റാഞ്ചിയിലേക്ക് എത്തുമ്പോള്‍ കഥ അതുപോലെ തുടരുക തന്നെയാണ്. മത്സരത്തിന്റെ വാശി വെളിവാകുന്ന നിമിഷങ്ങളിലൊന്ന് അരങ്ങേറിയത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയ്ക്ക് മൂന്ന് റണ്‍സ് മാത്രം അകലെ നില്‍ക്കെയായിരുന്നു.

നാല് വിക്കറ്റ് നഷ്ടമായ ഓസീസ് സ്മിത്തിന്റെ നേതൃത്വത്തില്‍ തിരിച്ചു വരവ് ശ്രമങ്ങള്‍ നടത്തെവെയായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.

രവിന്ദ്ര ജഡേജയുടെ പന്ത് കുത്തി തിരിഞ്ഞ് ഓസീസ് നായകന്റെ കാലുകളുടെ ഇടിയില്‍ കുരുങ്ങുകയായിരന്നു. പന്ത് സ്മിത്തിന്റെ ബാറ്റില്‍ കൊണ്ടെന്നു കരുതിയ വിക്കറ്റ് കീപ്പര്‍ വൃഥിമാന്‍ സാഹ ഉടനെ തന്നെ സ്മിത്തിന്റെ മേല്‍ ചാടി വീണു. ദേഹത്തു നിന്നും പന്ത് നിലത്തു വീഴുന്നതിന് മുമ്പ് കൈക്കുള്ളിലാക്കുകയായിരുന്നു ലക്ഷ്യം.

സാഹ ദേഹത്തേക്ക് ചാടി വീണതോടെ സ്മിത്തിന്റെ ബാലന്‍സ് നഷ്ടമായി. അതോടെ രണ്ടാളും നിലത്തടിച്ചു വീണു. നിലത്തു വീണെങ്കിലും പന്ത് സാഹ കയ്യിലൊതുക്കി. വിജയശ്രീലാളിതനായി തലയുയര്‍ത്തി നോക്കിയ സാഹ കണ്ടത് പൊട്ടിച്ചിരിക്കുന്ന സഹതാരങ്ങളേയും അമ്പയറേയുമായിരുന്നു.

സാഹയുടെ സാഹസികം കണ്ട് പൊട്ടിച്ചിരി അടക്കാന്‍ കമന്റേറ്റര്‍മാര്‍ക്കും ഗാലറിക്കുപോലും സാധിച്ചില്ല. മത്സരത്തില്‍ താരങ്ങള്‍ വിജയത്തിനായി എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന്റേയും തെളിവാണ് സാഹയുടെ പ്രകടനം.


Also Read:മിഷേലിന്റെ മരണം: ഐ.ജിയുടെ നേതൃത്വത്തില്‍ ഗോശ്രീ പാലത്തില്‍ തെളിവെടുപ്പ്


അതേസമയം, റാഞ്ചിയില്‍ ഓസീസ് പിടിമുറുക്കുകയാണ്. തുടക്കത്തില്‍ തകര്‍ന്ന കംഗാരുക്കള്‍ പിന്നീട് ക്യാപ്റ്റന്‍ സ്മിത്തിന്റേയും മാക്‌സ്‌വെല്ലിന്റേയും ചെറുത്തു നില്‍പ്പില്‍ തിരികെ വരുകയായിരുന്നു. ആദ്യം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ നാലിന് 299 എന്ന നിലയിലാണ്. സ്മിത്ത് 117 ഉം മാക്‌സ്‌വെല്‍ 92 ഉം നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more