ഒരു വര്‍ഷമായി തനിക്ക് സിനിമയിലേക്ക് തിരിച്ചു വന്നാലോയെന്ന ആലോചനയുണ്ടായിരുന്നെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോയ് മാത്യു തന്നെ മമ്മൂട്ടിയുടെ ‘അങ്കിള്‍’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നെന്നുമുള്ള കാര്യം തുറന്ന് പറയുകയാണ് സംഗീത. വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ചിന്താവിഷ്ടയായ ശ്യാമള’യെന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറിയ സംഗീത സിനിമയില്‍ നിന്നുള്ള ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ‘ചാവേറി’ലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.
‘ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, അതിലൊരു കഥാപാത്രത്തിന് എന്റെ മനസ്സില്‍ ചേച്ചിയുടെ മുഖമാണ്.’ ഇതായിരുന്നു സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആദ്യം പറഞ്ഞത്. ഒരു വര്‍ഷമായി എനിക്ക് സിനിമയിലേക്ക് തിരിച്ചു വന്നാലോയെന്ന ആലോചനയുണ്ടായിരുന്നു.
പിന്നെ ജോയ് മാത്യു സാറിന്റെ തിരകഥയാണല്ലോ. അതിലും വാല്യൂ കണ്ടു. മുമ്പ് ‘അങ്കിള്‍’ സിനിമയില്‍ മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കാന്‍ അദ്ദേഹം വിളിച്ചതാണ്. ചാവേറിന് ശേഷം ഇപ്പോള്‍ അര്‍ജുന്‍ രമേശ് സംവിധാനം ചെയ്യുന്ന ‘പരാക്രമം’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ്,’ സംഗീത പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയിട്ടും സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടിയിരുന്നില്ലെന്ന് തോന്നാറില്ലേയെന്ന ചോദ്യത്തിന് തേടി വന്ന ഒരുപാട് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അതോര്‍ത്ത് വിഷമിച്ചിട്ടില്ലെന്നും സംഗീത പറഞ്ഞു. ‘ചിന്താവിഷ്ടയായ ശ്യാമള’യിലേക്ക് മോഹന്‍ലാല്‍ ആയിരുന്നോ പേര് നിര്‍ദ്ദേശിതെന്ന ചോദ്യത്തിന് താനും അങ്ങനെ കേട്ടിട്ടുണ്ടെന്നും ഒരു കുട്ടിയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച തന്നെ മോഹന്‍ലാലിന് ഓര്‍മയുണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്നും താരം കൂട്ടിചേര്‍ത്തു.
‘തേടി വന്ന ഒരുപാട് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ആ സിനിമകള്‍ റിലീസാകുമ്പോള്‍ ഇതില്‍ ഞാന്‍ അഭിനയിക്കേണ്ടത് ആയിരുന്നല്ലോ എന്നുമാത്രം തോന്നും. അല്ലാതെ അതോര്‍ത്ത് വിഷമിച്ചിട്ടൊന്നുമില്ല. ആരുടെയും നിര്‍ബന്ധത്തിനല്ലല്ലോ. വീടും സിനിമയും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണല്ലോ വേണ്ടെന്ന് വെച്ചത്. അപ്പോള്‍ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.
‘ചിന്താവിഷ്ടയായ ശ്യാമള’യിലേക്ക് മോഹന്‍ലാല്‍ സാറാണ് എന്റെ പേര് നിര്‍ദ്ദേശിതെന്ന് ഞാനും കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. ശ്രീനിസാറിനോട് ചോദിക്കണമെന്ന് വിചാരിച്ചിരുന്നു. ലാല്‍സാറിനൊപ്പം ‘നാടോടി’യിലാണ് അഭിനയിച്ചത്. അന്ന് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. പിന്നെയും നാലു വര്‍ഷം കഴിഞ്ഞാണ് ‘ചിന്താവിഷ്ടയായ ശ്യാമള’. ഒരു കുട്ടിയായി അഭിനയിച്ച എന്നെ ലാല്‍സാറിന് ഓര്‍മയുണ്ടാകുമോ എന്നെനിക്ക് അറിയില്ല.
എത്ര ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത സിനിമയാണ് ‘ചിന്താവിഷ്ടയായ ശ്യാമള’. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയത് കൊണ്ട് മാത്രമല്ല അത്. ഇപ്പോഴും പലര്‍ക്കും ഞാന്‍ ശ്യാമളയാണ്. സംഗീത എന്ന പേര് പോലും ആരും ഓര്‍ക്കാറില്ല. 19 വയസുള്ള എന്നെ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിപ്പിച്ചത് ശ്രീനി സാര്‍ ആണ്,’ സംഗീത പറയുന്നു.
Content Highlight: Sageetha Talks About Mammootty And Mohanlal