'എസ്.എഫ്.ഐയെ മിമിക്ക് ചെയ്ത് ക്യാമ്പസുകളെ കൊള്ളയടിക്കാനുള്ള സൂത്രപ്പണിയാണ് മെക്‌സിക്കന്‍ അപാരതയും സഖാവും; എ.എന്‍ ഷംസീര്‍ എം.എല്‍.എ അതിന് കുടപിടിക്കുന്നു':വിമര്‍ശനവുമായി മാനോജ് കാന
Kerala
'എസ്.എഫ്.ഐയെ മിമിക്ക് ചെയ്ത് ക്യാമ്പസുകളെ കൊള്ളയടിക്കാനുള്ള സൂത്രപ്പണിയാണ് മെക്‌സിക്കന്‍ അപാരതയും സഖാവും; എ.എന്‍ ഷംസീര്‍ എം.എല്‍.എ അതിന് കുടപിടിക്കുന്നു':വിമര്‍ശനവുമായി മാനോജ് കാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th April 2017, 5:12 pm

കോഴിക്കോട്: മലയാള സിനിമയില്‍ ഇടതുപക്ഷ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തിറങ്ങുകയാണ്. ടൊവിനോ തോമസ് നായകനായ മെക്‌സിക്കന്‍ അപാരതയായിരുന്നു തുടക്കം. പിന്നാലെ നിവിന്‍ പോളി നായകനാകുന്ന സഖാവും ദുല്‍ഖറിന്റെ കോമറേഡ് ഇന്‍ അമേരിക്കയും തിയ്യറ്ററുകളിലെത്തും. ഇടതുപക്ഷത്തെ സിനിമയിലൂടെ വിറ്റഴിക്കാനുള്ള ശ്രമമാണ് ഇതെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സംവിധായകന്‍ മനോജ് കാന.

നിവിന്‍ പോളിയുടെ സഖാവിന്റെ പ്രമോഷനു തുടക്കമിട്ടത് തലശ്ശേരിയില്‍ നടന്ന റോഡ് ഷോയിലൂടെയായിരുന്നു. ബ്രണ്ണന്‍ കോളേജില്‍ സ്വീകരണവുമുണ്ടായിരുന്നു. റോഡ് ഷോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് എ.എന്‍ ഷംസീര്‍ എം.എല്‍.എയായിരുന്നു. ഇതിനെതിരെയാണ് ചായില്യം, അമീബ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മനോജ് കാന രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സബുക്കിലൂടെയായിരുന്നു മനോജ് കാനയുടെ വിമര്‍ശനം.

ചുവപ്പു കുപ്പായമിട്ടാല്‍ മാത്രം ആരും കമ്മ്യൂണിസ്റ്റാകില്ലെന്നാണ് കാനയുടെ വിമര്‍ശനം. കേരള സമൂഹത്തില്‍ ഇടതുപക്ഷത്തിനും ചുവപ്പിനും വലിയ സ്വാധീനമുണ്ട്. അതിനെ എങ്ങനെ വിറ്റ് കാശാക്കി എടുക്കാം എന്നാണ് സിനിമ മുതലാളിമാര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി നിവിന്‍ പോളി ചുവന്ന കുപ്പായവുമിട്ട് “സഖാവ് ” ആയിക്കഴിഞ്ഞു. അത് മാര്‍ക്കറ്റിന്റെ സൂത്രപണിയാണെന്നും മനോജ് പറയുന്നു. നാളുകള്‍ക്ക് മു്മ്പ് തിയ്യറ്ററുകളില്‍ വിജയം കൊയ്ത മെക്‌സിക്കന്‍ അപാരതയും മാര്‍ക്കറ്റിനെ മാത്രം ലക്ഷ്യമിട്ട് ചുവപ്പിനെ കൂട്ടു പിടിച്ചതാണെന്നും മാനോജ് വിമര്‍ശിക്കുന്നുണ്ട്.

“കുറച്ച് നാളുകള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ അപാരത എന്ന സിനിമ എസ്.എഫ്.ഐയെ മിമിക്ക് ചെയ്ത് ക്യാമ്പസുകളെ കൊള്ളയടിച്ച് കൊണ്ടുപോയപ്പഴും ഉത്തരവാദപ്പെട്ടവര്‍ ആ ഭാഗം ശ്രദ്ധിച്ചതേയില്ല. ഇത്തരം കൊള്ളകളെ നേതാക്കളും അണികളും തിരിച്ചറിയുക.” മനോജ് പറയുന്നു.


Also Read: ഐ.പി.എല്‍; കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് നാളെ കൊടിയേറ്റം; പൂരക്കാഴ്ചകളിലേക്ക് തിരിഞ്ഞുനോട്ടം


സഖാവിന്റെ പ്രചരണ റോഡ് ഷോക്ക് കൊടി വീശിയത് എം.എല്‍.എ ഷംസീര്‍ ആയിരുന്നു. സിനിമയായത് കൊണ്ട് ഷംസീറിന്റെ സൗന്ദര്യം കണ്ടിട്ടാണ് ഉദ്ഘാടകനാക്കിയത് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും. മറിച്ച് അദേഹം ഒരു പാര്‍ട്ടി നേതാവും എം.എല്‍.എയുമാണ് എന്നതുകൊണ് തന്നെയാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

“ഷംസീറിനെ പോലുള്ള നേതാവ് ഈ കച്ചവടത്തിന് കുട പിടിച്ചത് വളരെ മോശമായിപ്പോയി. നമുക്കൊരു സൗന്ദര്യ ശാസ്ത്ര അടിത്തറയും സാംസ്‌കാരിക നിലപാടും ഉണ്ട് എന്ന കാര്യം ഓര്‍ക്കണമായിരുന്നു.”

രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികള്‍ക്കും കലാസമിതികള്‍ക്കും സിനിമാപ്രവര്‍ത്തകരോടുമുള്ള കൊഞ്ഞനം കുത്തലായി പോയി ഇതെന്നു പറഞ്ഞാണ് സംവിധായകന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.