നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന വേദിയില്‍ പൊലീസുകാരന്റെ കയ്യില്‍ നിന്നും വെടിയുതിര്‍ന്നു
D' Election 2019
നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന വേദിയില്‍ പൊലീസുകാരന്റെ കയ്യില്‍ നിന്നും വെടിയുതിര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th April 2019, 7:43 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന വേദിയില്‍ പൊലീസുകാരന്റെ കയ്യില്‍ നിന്നും വെടിയുതിര്‍ന്നു.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സംഭവം. അല്‍പ്പ സമയത്തിനുള്ളില്‍ മോദി എത്താനിരിക്കെയാണ് സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്. പൊലീസുകാരനെ സ്ഥലത്തു നിന്നും മാറ്റി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബി.ജെ.പി പൊതുസമ്മേളനത്തില്‍ സംസാരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ രണ്ടാംഘട്ട സംസ്ഥാന സന്ദര്‍ശനം പുര്‍ത്തിയാക്കി ബുധനാഴ്ച വൈകിട്ടോടെ മടങ്ങിയതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം.

പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗാതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.

അതേസമയം കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം മണ്ഡലങ്ങളിലായി രണ്ട് ദിവസമാണ് ഗുലാംനബി ആസാദിന്റെ കേരളത്തിലെ പരട്യനം. കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന സിദ്ദു ഇന്ന് തന്നെ പഞ്ചാബിലേക്ക് മടങ്ങും.