| Sunday, 7th June 2020, 9:43 am

ഗര്‍ഭാവസ്ഥയോടുള്ള മനുഷ്യക്രൂരതകള്‍ ചര്‍ച്ചയാകുമ്പോള്‍ കാണാതെ പോകരുത് സഫൂറ സര്‍ഗാറിനെ

ശ്രിന്‍ഷ രാമകൃഷ്ണന്‍

കേരളത്തില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു ഉള്ളില്‍ച്ചെന്ന് കൊല്ലപ്പെട്ട സംഭവം ദിവസങ്ങളോളം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ഹാഷ് ടാഗായി നിന്നു. ബോളിവുഡ് താരങ്ങള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ വിഷയത്തില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി. തക്കം നോക്കി ചിലര്‍ ഇതിന് വര്‍ഗീയ മുഖം നല്‍കാന്‍ പാലക്കാട് നടന്ന സംഭവത്തെ മലപ്പുറമെന്നാക്കി ചിത്രീകരിച്ചു. വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് മനേക ഗാന്ധി രംഗത്തെത്തി. ആദ്യ ഘട്ടങ്ങളില്‍ ഗര്‍ഭിണിയായ ആനയെ ബോധപൂര്‍വ്വം സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിപ്പിച്ചു എന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത ജനരോഷമാണ് വിഷയത്തില്‍ രാജ്യമെമ്പാടും ഉയര്‍ന്നത്.

ഈ ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് യു.എ.പി.എ ചുമത്തി കേന്ദ്ര സര്‍ക്കാര്‍ ജയിലിലടച്ച ജാമിഅ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ച ജാമിഅ കോഡിനേഷന്‍ കമ്മിറ്റി അംഗവുമായിരുന്ന സഫൂറ സര്‍ഗാര്‍. ആന വിഷയം ചര്‍ച്ചയായി നിന്ന ജൂണ്‍ അഞ്ചിന് തന്നെയാണ് ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിന് വീണ്ടും ദല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം നിഷേധിച്ചത്. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ജാഫ്രാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചെന്നും മെട്രോ സ്റ്റേഷനിലേക്കുള്ള വഴി തടഞ്ഞുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സഫൂറയെ ജയിലടച്ചിരുന്നത്.

”നിങ്ങള്‍ കനല്‍ക്കട്ടകള്‍ കൊണ്ട് കളിക്കാന്‍ തീരുമാനിച്ചാല്‍ തീക്കനലുകള്‍ ദൂരങ്ങളിലെത്തിച്ച് തീപടര്‍ത്തിയതിന് കാറ്റിനെ കുറ്റം പറയാന്‍ പറ്റില്ല”. സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ പാട്യാലക്കോടതി പറഞ്ഞതാണിത്. ഇവിടെ കോടതി നിയമത്തിന് പകരം ഉപമകളെ ആശ്രയിച്ച് ഒരു വ്യക്തിയെ അതും ഗര്‍ഭിണിയായ സ്ത്രീയെ ജയില്‍ അടച്ചിരിക്കുകയാണ്.

കോടതി സഫൂറ സര്‍ഗാറിനെതിരായി ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടില്ല എന്ന വിമര്‍ശനവും നിയമവിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിലെ ചില അവ്യക്തമായ ഭാഗങ്ങള്‍ പരിശോധിക്കാം.

ഒന്ന് ജാമ്യാപേക്ഷയായിട്ടു കൂടി കോടതി പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന നല്‍കിയത്. കോടതി സഫൂറ സര്‍ഗാര്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ ഗൂഢാലോചന എന്തുമായി ബന്ധപ്പെട്ടാണ് എന്ന് കൃത്യമായി പറയുന്നില്ല. വിധി പ്രസ്താവത്തില്‍ ഏതാനും വാട്ട്‌സ്അപ്പ് മെസജുകള്‍ മാത്രമാണ് കോടതി ഗൂഢാലോചനയ്ക്ക് തെളിവായി പറയുന്നത്.

രണ്ട്, സഫൂറ ക്രമസമാധാനം തകര്‍ക്കുന്നതിലും അക്രമം അഴിച്ചുവിടുന്നതിലും മുന്‍പില്ലാത്ത വിധത്തില്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നു. എന്നാല്‍ വിധി പ്രസ്താവത്തിലെ മുന്‍പില്ലാത്ത വിധത്തില്‍ അഥവാ അണ്‍പ്രസിഡന്റഡ് സ്‌കെയില്‍ എന്താണ് എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

സഫൂറ സര്‍ഗാര്‍ വിദ്വേഷ പ്രസംഗം നടത്തിയതായോ അക്രമത്തിനു പ്രേരിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചതായോ യാതൊരു തെളിവുമില്ല. പക്ഷേ സഫൂറയൊടൊപ്പം ഉണ്ടായിരുന്നവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ സഫൂറയ്ക്ക്് എതിരായുള്ള തെളിവായി തന്നെ സ്വീകരിക്കാമെന്നാണ് കോടതി പറഞ്ഞത്. ഇതിലും എന്താണ് വിദ്വേഷ പ്രസംഗമെന്നും ആരാണ് ഇത്തരം പ്രസംഗങ്ങള്‍ നടത്തിയതെന്നും കോടതി പരാമര്‍ശിച്ചിട്ടില്ല.

അതായത് സഫൂറ സര്‍ഗാര്‍ ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നും കോടതി പറയുമ്പോള്‍ ഇവ എന്താണ് എന്ന് വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കുന്നില്ല. ഒരു റോഡ്് തടഞ്ഞുവെന്ന് പറയുന്ന കുറ്റം എങ്ങിനെയാണ് യു.എ.പി.എ പോലെ ഗുരുതരമായ നിയമവകുപ്പിലേക്ക് വഴിമാറിയത് എന്നും കോടതി പറഞ്ഞില്ല. എന്നിട്ടും സഫൂറ സര്‍ഗാര്‍ ഇപ്പോഴും ജയിലിലാണ്.

ഇതിനെല്ലാം ഉപരി രാജ്യം ഒരു മഹാമാരിയുടെ നടുവില്‍ നില്‍ക്കുമ്പോഴും തിങ്ങി നിറഞ്ഞിരിക്കുന്ന ജയിലിലേക്കാണ് കോടതി ഗര്‍ഭിണിയായ ഒരു സ്ത്രീയെ വീണ്ടും പറഞ്ഞയച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്് തന്നെ വ്യക്തമാക്കിയതാണ് ഗര്‍ഭിണികളായവര്‍ക്ക് കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നത്. അതേസമയം ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആംസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത മനീഷ് സിരോഹിയെന്നയാള്‍ക്ക് കോടതി കൊവിഡ് പശ്ചാത്തലം ഉയര്‍ത്തിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

ദല്‍ഹി കലാപസമയത്ത് ആയുധങ്ങള്‍ കൈവശം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തതാണ് മനീഷ് സിരോഹിയെ. സഫൂറയെയും മനീഷിനെയും കസ്റ്റഡിയിലെടുത്തത് ദല്‍ഹി കലാപം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ സെല്ലാണ് എന്നത് മറ്റൊരു വസ്തുത. നേരത്തെ പറഞ്ഞ യുവാവിന് ക്രിമിനല്‍ പശ്ചാത്തലവും ഉണ്ട്. രണ്ട് വര്‍ഷമായി ഇയാള്‍ ആയുധങ്ങള്‍ കടത്തുന്നുണ്ടെന്നും, മധ്യപ്രദേശില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് തന്നെ പറയുന്നു. ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട 55 പേര്‍ക്കും വെടിയുണ്ടകള്‍ ഏറ്റിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവിടെയാണ് ക്രിമിനല്‍ പശ്ചാത്തലവും സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിവുകളുമുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും ക്രിമിനല്‍ ബാക്ക് ഗ്രൗണ്ടോ തെളിവുകളോ പോലുമില്ലാത്ത ഗര്‍ഭിണിയായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രിന്‍ഷ രാമകൃഷ്ണന്‍

Latest Stories

We use cookies to give you the best possible experience. Learn more