| Thursday, 9th September 2021, 3:24 pm

കെട്ടടങ്ങില്ല ഈ പെണ്‍ശബ്ദങ്ങള്‍ | സഫ്‌ന ഹുസൈന്‍

സഫ്‌ന ഹുസൈന്‍

‘സ്ത്രീകള്‍ വ്യക്തികളാണോ’?
1873 ല്‍ ‘നിയമവിരുദ്ധമായി വോട്ട് ചെയ്തതിന്റെ’ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യം നേടുകയും ചെയ്ത സൂസന്‍ ബി ആന്റണി എന്ന മസാച്ചുസെറ്റ്‌സിലെ ഒരു ‘ഫെമിനിച്ചി’യുടെ പ്രസംഗ വിഷയമായിരുന്നു ഇത്.

‘സുഹൃത്തുക്കളെ, സഹപൗരന്മാരെ,
നിയമപരമായി വോട്ടുചെയ്യാന്‍ അവകാശമില്ലാതെ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു എന്ന എന്നിലാരോപിക്കപ്പെട്ട അപരാധത്തിനുള്ള കുറ്റപത്രം ചുമത്തപ്പെട്ട് ഇന്ന് രാത്രി ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്…’ ഇങ്ങനെ തുടങ്ങുന്നു വാക്കുകള്‍.
പൊറുക്കപ്പെടാന്‍ കഴിയാത്ത ‘അച്ചടക്കലംഘന’മായിരുന്നു അവര്‍ നടത്തിയത്. അവര്‍ക്കെതിരില്‍ പിഴ ചുമത്തപ്പെട്ടു. കാലങ്ങള്‍ക്ക് ശേഷം 1920 ല്‍ സ്ത്രീവോട്ടവകാശം എല്ലാ അമേരിക്കന്‍ സംസ്ഥാനങ്ങളിലും അംഗീകരിക്കപ്പെട്ടെങ്കിലും അതിന് മുമ്പേ അവര്‍ മരണപ്പെട്ടിരുന്നു.

മേല്‍പറഞ്ഞ സംഭവം 1873 ല്‍ ആണ്. സ്ത്രീകള്‍ ഇന്നും ‘അച്ചടക്കരാഹിത്യം’ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഈ അച്ചടക്കമെന്നാല്‍ ഭരണ രാഷ്ട്രീയ കക്ഷികളുടെ ആജ്ഞകള്‍ അനുസരിച്ച് പൂര്‍ണവിധേയത്വം പാലിച്ച് മിണ്ടാതെയിരിക്കലാണെന്നുള്ള ബോധം പോലുമില്ലാത്ത സ്ത്രീകള്‍! എന്തൊരു ധിക്കാരികള്‍! സ്വന്തം സ്വത്വത്തെ ആക്രമിച്ചവരോട്, ദുരാരോപണങ്ങള്‍ ഉന്നയിച്ചവരോട്, ലൈംഗിക ചുവയോടെ ചിത്രീകരിച്ചവരോട് പ്രതികരിച്ചത് കാരണം കടുത്ത അച്ചടക്കലംഘന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു ഭരണവര്‍ഗ പാര്‍ട്ടിയായ മുസ്‌ലിം ലീഗ്. അതിന്റെ വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിടുക കൂടി ചെയ്തിരിക്കുകയാണ്!

സ്ത്രീകള്‍ വ്യക്തികളാണോ എന്ന് ചിന്തിച്ചിരുന്ന ചര്‍ച്ചകള്‍ നടന്നിരുന്ന കാലഘട്ടത്തില്‍ നിന്നും ഇന്നിലേക്കുള്ള ദൂരം എത്രത്തോളം ചുരുങ്ങുന്നു എന്ന ചോദ്യം പ്രസക്തമാവുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ പെണ്ണിറങ്ങി നാട് നന്നാക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന്! ഇനി ആരെങ്കിലും നന്നാക്കാന്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഞങ്ങളുടെ കാലിന്‍ ചുവട്ടില്‍ നിന്നാല്‍ മതിയെന്ന്!

പുരുഷ കേന്ദ്രീകൃത അഹന്തയോട് പൊരുത്തപ്പെട്ട് കീഴടങ്ങി ഒതുങ്ങി ജീവിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് ഒരു കൂട്ടം സ്വത്വം പണയം വെച്ചിട്ടില്ലാത്ത പെണ്‍കുട്ടികള്‍ വിളിച്ചു പറഞ്ഞിരിക്കുകയാണ്. വളരെയധികം ഗൗരവത്തില്‍ എടുക്കുകയും രാഷ്ട്രീയ പരിഹാരം കാണുകയും ചെയ്യുന്നതിന് പകരം അവരുടെ പരാതികളെ മുഖവിലക്കെടുക്കാതിരിക്കുകയും അവരെ അപഹസിക്കുകയും അവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരിക്കുകയാണ് നമ്മുടെ സോ കോള്‍ഡ് സമുദായ പാര്‍ട്ടി.

സ്വന്തം സംഘടനാ പ്രവര്‍ത്തകനില്‍ നിന്നുണ്ടായ ലൈംഗികാധിക്ഷേപത്തിനെതിരെ അതേ പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ കൊടുത്ത പരാതി മാസങ്ങളോളം പരിഗണിക്കപ്പെടാതെ വന്നപ്പോള്‍ വനിത കമ്മീഷനില്‍ പരാതിയുമായി പോകാന്‍ നിര്‍ബന്ധിതരാവുകയിരുന്നു ഫാത്തിമ തഹ്ലിയ അടക്കമുള്ള വിദ്യാര്‍ത്ഥിനികള്‍. ഇതിനെയാണ് അച്ചടക്കലംഘനമായി ലീഗ് നേതൃത്വം വിലയിരുത്തിയത്. ഈ പരാതി പിന്‍വലിക്കാനുള്ള ആവശ്യം നിരസിച്ചതാണ് ‘കലഹരണപ്പെട്ട’ ഈ സംഘടനയേ ഇനി വേണ്ടെന്ന തീരുമാനമെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

ഫാത്തിമ തഹ്ലിയ

നിങ്ങള്‍ സ്ത്രീകളാണെന്നും, ശബ്ദിച്ചു പോവരുതെന്നും, പാചകത്തില്‍ മികവ് കാണിച്ചാല്‍ മതിയെന്നും വീണ്ടും വീണ്ടും ഉണര്‍ത്തിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍! സ്ത്രീകളെ വ്യക്തികളായി അംഗീകരിക്കാന്‍ കഴിയാത്ത നേതൃത്വങ്ങള്‍ അപഹാസ്യരായി എന്നെന്നും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. പെണ്‍കുട്ടികള്‍ ഇനിയും ശബ്ദിച്ചുകൊണ്ടേയിരിക്കും. നിശബ്ദരാക്കാമെന്നത് കേവല വ്യാമോഹം മാത്രമാണ്.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഏതെങ്കിലും സാഹചര്യങ്ങളില്‍ സ്ത്രീവിരുദ്ധത പ്രത്യക്ഷമായോ പരോക്ഷമായോ ഏറിയും കുറഞ്ഞും പ്രകടമാക്കാറുള്ളത് നിരീക്ഷിച്ചാല്‍ ബോധ്യമാവും.

എന്നാല്‍ സ്ത്രീവിരുദ്ധതയുടെ ചൂണ്ടിക്കാട്ടാവുന്ന സകല രാഷ്ട്രീയ ഘട്ടങ്ങളെയും വിസ്മയിപ്പിക്കുന്ന തുല്യതകളില്ലാത്ത പ്രവണതയാണ് ഇപ്പോള്‍ വിവാദമായ ഹരിത വിഷയത്തില്‍ ഉണ്ടായതെന്ന് പറയേണ്ടി വരും. ലൈംഗികാധിക്ഷേപങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിന്റെ പേരില്‍ പോഷക സംഘടന തന്നെ പിരിച്ചുവിട്ട സംഭവം ചരിത്രത്തില്‍ വിസ്മയമായി തന്നെ അടയാളപ്പെട്ടു നില്‍ക്കും.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഭരണകൂടത്തിലേക്ക് വന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വോട്ടവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ സ്ത്രീകളോടുള്ള അന്നത്തെ ഭരണകൂടങ്ങളുടെ സമീപനവും അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി കാലോചിതമായി പൊരുതുന്ന സ്ത്രീകളോടുള്ള ഇന്നത്തെ ഭരണകൂടത്തിന്റെ സമീപനവും തമ്മില്‍ ഈ ജനാധിപത്യ കാലത്തും അധികം വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് കാണാം.

രാത്രി 9 മണിക്ക് ശേഷം ഫോണ്‍ ഉപയോഗിക്കുന്നത് പോലും ഗുരുതര അച്ചടക്ക ലംഘനമായി ചിത്രീകരിച്ചിരിക്കുകയാണ് നേതൃത്വം. അന്നും ഇന്നും യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുകയാണ് ജീര്‍ണ്ണിച്ച പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതി. വ്യക്തമായ നിലപാടിലുറച്ചു നില്‍ക്കുകയോ പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തുകയോ ചെയ്ത ഒരു സ്ത്രീയെയും അധികം വാഴിച്ചതായി ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീസാന്നിധ്യം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്.

പഞ്ചായത്ത് ഇലക്ഷനില്‍ സംവരണം ഉറപ്പാക്കിയപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ മല്‍സര രംഗത്ത് എത്തിയത് ലീഗടക്കമുള്ള സംഘടനകള്‍ കാഴ്ച്ചപാടുകളില്‍ മാറ്റം വരുത്തുമെന്ന ശുഭപ്രതീക്ഷ നല്‍കിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെ കനിഞ്ഞ് നല്‍കിയ സീറ്റില്‍ വൃത്തിക്ക് തോല്‍പിച്ചുകൊണ്ട് ആ പ്രതീക്ഷയും അസ്ഥാനത്താണെന്ന് മനസ്സിലാക്കി തന്നതും നാം കണ്ടു.

ഇവിടെ എന്നും തുല്യനീതിയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടി പൊരുതിക്കൊണ്ടേയിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സ്ത്രീസമൂഹം. സ്ത്രീകളെ അപരവത്കരിച്ചുകൊണ്ടിരിക്കുന്ന മറ്റു നാടുകളിലെ പ്രാകൃത അപരിഷ്‌കൃത വര്‍ഗങ്ങളെ അപലപിക്കുകയും എന്നാല്‍ അതേ പ്രാകൃത നിലപാട് സ്വന്തം സ്ത്രീകളോട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനം എത്രമാത്രം നിന്ദ്യമാണ്! ഇത് ഇവര്‍ പ്രതിനിധാനം ചെയ്യുന്നതായി പറയുന്ന, പല രീതിയില്‍ അപരവല്‍ക്കരിക്കപ്പെടുന്ന സമുദായത്തെ വീണ്ടും അപരവല്‍ക്കരിക്കാനെ സഹായകമാവുകയുള്ളു

മുസ്‌ലിം ലീഗില്‍ ഹരിത ഉയര്‍ത്തിയ കലാപം, സ്ത്രീകളോടുള്ള സമീപനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമോ അതോ സമ്മര്‍ദങ്ങളില്‍ കെട്ടടങ്ങുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ഹരിതയിലെ പെണ്‍പോരാളികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. പൊരുതി നേടിയ അവകാശങ്ങള്‍ സ്ത്രീകളില്‍ നിന്ന് തഴയുന്നതിനു പകരം അവ ഉറപ്പാക്കുന്നതിനാവണം രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും നിലകൊള്ളേണ്ടത്.

‘ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും പുരുഷന്റെയും സ്ത്രീയുടെയും വീക്ഷണകോണുകള്‍ വ്യത്യസ്തമാണ്. ശരീരത്തിലെ രണ്ട് കണ്ണുകള്‍ പോലെ അവ പരസ്പര പൂരകങ്ങളായിരിക്കും. ഒരു പുരുഷനും സ്ത്രീക്കും ഒരുമിച്ച് തങ്ങള്‍ വെവ്വേറെ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാണാന്‍ സാധിക്കും; ആ സംയുക്ത ദര്‍ശനം കൂടുതല്‍ സത്യവും പൂര്‍ണ്ണവും വിശ്വസനീയവുമായിരിക്കും. സ്ത്രീയുടെ വീക്ഷണകോണില്‍ നിന്നുമുള്ള കാഴ്ച ലഭിക്കാത്തതിനാല്‍ ഭാരതത്തിന് കണക്കില്ലാത്ത നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നു.’ – Dr. ആനി ബസന്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Safna Hussain writes – Women Politics – Haritha – Muslim League

സഫ്‌ന ഹുസൈന്‍

Latest Stories

We use cookies to give you the best possible experience. Learn more