| Monday, 23rd April 2018, 5:59 pm

കേരള പൊലീസിന്റെ സംഘപരിവാര്‍ മനോവീര്യം, കുറയ്ക്കാനെന്തെങ്കിലും ചെയ്യാനാകുമോ, സര്‍?

രശ്മി

പൊലീസ് എന്നത് ഭരണകൂടത്തിന്റെ മുഖമാണ് ഏതൊരു ജനകീയ ഭരണത്തെയും ജനവിരുദ്ധമാക്കി മാറ്റാനും ജനവിരുദ്ധ നയങ്ങള്‍ ഉള്ള ഒരു സര്‍ക്കാരിനെ ജനകീയ മുഖം നല്‍കി നിലനിര്‍ത്താനും പൊലീസ് സംവിധാനത്തിന് സാധിക്കും. ഭരണകൂടത്തിന്റെ മര്‍ദ്ദക ഉപകരണമാണ് പൊലീസ് എന്നാണല്ലോ പൊതുവില്‍ പറയുക ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ ആയുധം കൂടിയാണ് പോലീസ്.

കൊളോണിയല്‍ കാലഘട്ടത്തിലെ ചട്ടങ്ങളും രീതികളും പരിശീലനവും സല്യൂട്ടും ഒക്കെ ഇന്നും മാറ്റം കൂടാതെ പിന്തുടര്‍ന്ന് പോകുന്ന പൊലീസ് സേനയെ മനുഷ്യ പക്ഷത്തേക്ക് കൊണ്ടുവരുക അല്ലെങ്കില്‍ നീതിയുടെ പക്ഷത്തേക്ക് എത്തിക്കുക എന്നത് ഭരണകൂടങ്ങള്‍ ഇച്ചാശക്തിയോടെ ശ്രമിച്ചാല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ് അല്ലാതെ പൊലീസിനുള്ളില്‍ സ്വാഭാവികമായി ആന്തരികമായി അത്തരം ഒരു മാറ്റം ഉരുത്തിരിഞ്ഞു വരും എന്ന് കരുതുന്നത് അബദ്ധമാണ്.

ആന്തരികമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ കേവലം യൂണിഫോം പരിഷ്‌കരണങ്ങള്‍ക്കപ്പുറം സഞ്ചരിച്ച ചരിത്രം ഒരു പോലീസ് സേനയ്ക്കും ഉണ്ടാകില്ല മനുഷ്യാവകാശത്തെ കുറിച്ചും പൌരാവകാശത്തെ കുറിച്ചും ഒക്കെ പൊലീസ് തലവന്മാര്‍ ഇറക്കിയ നൂറുകണക്കിന് സര്‍ക്കുലറുകള്‍ പൊലീസ് ആസ്ഥാനത്തെ ഫയലില്‍ പൊടിപിടിച്ചു ഇരിക്കുന്നുണ്ടാകും. ആ സര്‍ക്കുലറുകള്‍ക്ക് മുകളില്‍ ആണ് ലോക്കപ് കൊലകള്‍ പോലും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്.

ഏതു നീതിബോധമാണ് പൊലീസിനെ ഭരിക്കുന്നത് എന്ന് ചോദിച്ചാല്‍ സംശയമേതും ഇല്ലാതെ പറയാന്‍ കഴിയും അത് ബ്രാഹ്മണിക്കല്‍ കൊളോണിയല്‍ നീതിബോധമാണ്. അധികാരവും പ്രിവിലെജും ഉള്ള ഉപരി വര്‍ഗ്ഗത്തിന്മേല്‍ ഒരു നിയമവും ഇത് രണ്ടും ഇല്ലാത്ത അതിനു താഴേക്കുള്ള മറ്റുള്ളവരോട് മറ്റൊരു നിയമവും ആണ് എന്ന് ഒരിക്കല്‍ എങ്കിലും ഒരു പരാതിയുമായി ഒരു പൊലീസ് സ്റെഷനില്‍ പോയിട്ടുള്ള ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല.

പെരുമാറ്റത്തിലെ ഈ വിവേചനം നീതിനിര്‍വഹണത്തിലും നടക്കുന്നത് സ്വാഭാവികമാണ്. സാധാരണ ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്തണം എന്നും അവര്‍ തങ്ങളെ യജമാനനെ പോലെ ബഹുമാനിക്കണം എന്നും മനസുകൊണ്ട് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് ബഹുഭൂരിപക്ഷം പൊലീസുകാരും. ഒരു റിപബ്ലിക്ക് രാജ്യമായി അറുപത്തെട്ടു വര്‍ഷം കഴിഞ്ഞിട്ടും സമൂഹത്തിന്റെ നാനാതലങ്ങളും സ്റ്റേറ്റ്‌ന്റെ മറ്റു മിഷനറികളും പല പരിഷ്‌കരണങ്ങള്‍ക്കും വിധേയമായിട്ടും അതിനൊപ്പം ഓടിയെത്താന്‍ കഴിയാതെ നമ്മുടെ പോലീസ് സേന മാത്രം ഇപ്പോഴും ആ മനുഷ്യത്വ വിരുദ്ധമായ കൊളോണിയല്‍ ചട്ടക്കൂടിനുള്ളില്‍ തുടരുന്നതിന്റെ കാരണം എന്താകും.

അന്വേഷിച്ചിറങ്ങിയാല്‍ പല കാരണങ്ങളും കണ്ടെത്താം പൊലീസിനുള്ളില്‍ അല്ലാതെ ബാഹ്യമായ കാരണങ്ങള്‍ പോലും അതിനെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ജനകീയ സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളുടെ ഹീറോയിസം നിര്‍ണയിക്കുന്ന അളവുകോല്‍ ഇടിയാണ്. പോലീസ് ലോക്കപ്പില്‍ പ്രതിയെ തോര്‍ത്തില്‍ കരിക്ക്കെട്ടി അടിക്കുന്ന ആക്ഷന്‍ഹീറോ ബിജു എന്ന ക്രിമിനല്‍ കഥാപാത്രം നമുക്ക് ഹീറോ ആണ്.

മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കാന്‍ എത്തുന്ന ആക്ട്ടിവിസ്റ്റിനെ സ്ലട്ട് ഷെയിം ചെയ്യുന്നത് നിറഞ്ഞ കയ്യടിയോടെ ആണ് സ്വീകരിക്കപ്പെടുന്നത്. ഈയിടെ തിരുവനന്തപുരത്ത് നവ മാധ്യമങ്ങളില്‍ കൂടി ശ്രദ്ധ നേടിയ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ പോലീസ് കൊലപാതകതിനെതിരെ ഉള്ള സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിചെത്തിയ ഒരാള്‍ പറഞ്ഞത് “”പോലീസ് തല്ലാം പക്ഷെ കൊല്ലാതിരുന്നാല്‍ മതി”” എന്നാണു .ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ഹീനമായ ക്രൈം ഒരു ഹീറോയിസമായാണ് മുഖ്യധാരാ സിനിമ എല്ലാ കാലത്തും അവതരിപ്പിച്ചിട്ടുള്ളത്.

അതില്‍ ഏറ്റുമുട്ടലില്ല കൊലപാതകം മാത്രമേ ഉള്ളൂ എന്ന് കയ്യടിച്ച നമ്മളും മറന്നു. പൊലീസ്് “”കള്ളനെ”” പിടിച്ചാല്‍ രണ്ട് ഇടി ഇടിക്കുന്നതില്‍ എന്താ കുഴപ്പം എന്ന് ചോദിക്കുന്നവര്‍ ആകും നമ്മുടെ പൊതുബോധത്തില്‍ ഭൂരിപക്ഷവും. പൊലീസിന്റെ ഇടി പേടിച്ചു കുറ്റം ചെയ്യാതിരിക്കും എന്ന് വിശ്വസിക്കുന്നവര്‍ പോലും ഉണ്ട്.

പൊലീസിന്റെ ഗുണ്ടായിസത്തെ ഗ്ലോറിഫൈ ചെയ്യുന്നതില്‍ സിനിമള്‍ മാത്രമല്ല പരസ്യങ്ങള്‍ പോലും പങ്കു വഹിക്കുന്നു എന്ന് വേണം മനസിലാക്കാന്‍ മില്‍മയുടെ ഈ അടുത്ത് പ്രശസ്തമായ ഒരു പരസ്യം ഹെല്‍മറ്റ് വയ്ക്കാത്ത യുവാവിനെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചു കൊണ്ടുവന്നു ക്രിമിനല്‍ കേസിലെ പ്രതിയെ പോലെ ട്രീറ്റ് ചെയ്യുന്നതും പോലീസ് ഇന്‍സ്പെക്ടര്‍ തന്നെ സ്വയം ശിക്ഷ വിധിച്ചു നടപ്പാക്കുകയും ചെയ്യുന്നതാണ്. ഇതിനെയെല്ലാം അംഗീകരിക്കുകയും ഏതെങ്കിലും ഒരു ജീവന്‍ ഈ ക്രൂരതയില്‍ പൊഴിയുകയും ചെയ്യുമ്പോള്‍ മാത്രം രോഷപ്രകടനം നടത്തുന്ന പൊതുബോധം ഒരു വലിയ കളവാണ്.

പൊലീസ് പിടിക്കുന്നവര്‍ എല്ലാം “”കള്ളന്‍”” ആണ് എന്ന ലോജിക് ആണ് അവിടെ ആദ്യം സ്ഥാപിക്കപ്പെടുന്നത്. ഇടിക്കാം എന്നത് അതിനു ശേഷമാണ് കടന്നു വരുന്നത്. ഇതിന്റെ വസ്തുത പരിശോധിച്ചാല്‍ ഇന്ത്യയില്‍ പോലീസ് പ്രതികളാക്കി റിമാണ്ട് ചെയ്യുന്ന മനുഷ്യരില്‍ വെറും നാല്പത്തഞ്ചിനും അന്‍പതിനും ഇടയില്‍ ശതമാനം മാത്രമേ കോടതി കുറ്റക്കാര്‍ ആണെന്ന് കണ്ടെതുന്നുള്ളൂ. അതായാത് പൊലീസ് പ്രതികളാക്കുന്നവരില്‍ പകുതിയും നിരപരാധികള്‍ ആണ് ഒരു ചെറിയ ശതമാനം സാമ്പത്തിക അധികാര സ്വാധീനം ഉപയോഗിച്ചും കോടതി നടപടിക്രമങ്ങളിലെ സാങ്കേതികത ഉപയോഗിച്ചും ഒക്കെ രക്ഷപെടുന്നുണ്ടാവാം എന്നാല്‍ തന്നെയും പകുതിയോളം നിരപരാധികള്‍ ആണ് എന്നത് ഒരു വലിയ അളവാണ്.

അമ്പതു ശതമാനം പേര്‍ നിരപരാധികളാണ് എന്ന് പറയുമ്പോള്‍ രാജ്യത്ത് നടക്കുന്ന ക്രൈമുകളില്‍ അമ്പതു ശതമാനം ക്രിമിനലുകളെ പ്രതി സ്ഥാനത്ത് പോലും എത്തിപെടാതെ പൊലീസ് സംരക്ഷിച്ചു നിര്‍ത്തുന്നു എന്നാണു. നിലവിലെ നമ്മുടെ നിയമവാഴ്ചയുടെ ഏറ്റവും വലിയ പോരായ്മ എന്നത് വിചാരണയിലെ കാലതാമസമാണ് അതുതന്നെയാവും ഒരുപക്ഷെ പൊലീസ് സംവിധാനങ്ങളുടെ ക്രിത്യവിലോപത്തിനും കാരണം.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് കാലയളവില്‍ എത്ര നിരപാരാധികളെ പ്രതികളാക്കി എന്നതോ എത്ര കേസുകള്‍ കോടതിയില്‍ തെളിയിക്കപ്പെട്ട് എന്നത് സംബധിച്ചോ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ യാതൊരു ഓഡിട്ടിന്ഗോ കണക്കുകളോ ഇല്ല. എന്തിനു നിരപരാധിയാണ് എന്ന് കോടതി കണ്ടെത്തുന്ന രണ്ടോ മൂന്നോ വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞ മനുഷ്യര്‍ക്ക് സ്വാഭാവികമായ നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം പോലും നമ്മുടെ രാജ്യത്തില്ല.

ഇതുതന്നെയാണ് പൊലീസ് നിര്‍മിച്ചു നടപ്പാക്കുന്ന ഭയവും പോലീസിനു ആരെയും കൊലപാതകി ആക്കാം ലൈംഗീക തൊഴിലാളി ആക്കാം തീവ്രവാദി ആക്കാം ഒരൊറ്റ ദിവസം കൊണ്ട് മറിച്ചു നിങ്ങളതല്ല എന്ന് തെളിയിക്കാന്‍ നിങ്ങളുടെ ആയുസും അധ്വാനവും മുഴുവന്‍ വേണ്ടിവന്നേക്കാം അപ്പോഴേക്കും സമൂഹം നിങ്ങളെ കള്ളികള്‍ക്കുള്ളില്‍ ആക്കിയിട്ടുണ്ടാകും. കോടതി വിചാരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും വേഗതയേറിയതും ആകുകവഴി ഇതിനെ ഒരു പരിധിവരെ മറികടക്കാന്‍ കഴിയും എന്നാണു ഞാന്‍ മനസിലാക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഒരു പൊലീസ് നയമുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തെ ഭരണത്തില്‍ ഒരിക്കല്‍ പോലും പൊലീസ് ആ നയം അനുസരിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്തിട്ടില്ല . ജനകീയ സമരങ്ങളെ പോലീസ് ഗുണ്ടായിസത്തില്‍ കൂടി അടിച്ചമര്‍ത്തുക ദളിത് മുസ്‌ലിം യുവാക്കളെ അകാരണമായി പീഡിപ്പിക്കുക്ക. സദാചാര പോലീസിംഗ് നടത്തുന്ന ശിവസേനയ്ക്ക് പരസ്യമായി കാവല്‍ നില്‍ക്കുക അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ സംഭവവികാസങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഈ ചെറിയ സമയത്തിനുള്ളില്‍ തന്നെ അരങ്ങേറി കഴിഞ്ഞു.

സര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങള്‍ക്ക് പൊലീസ് വഴങ്ങുകയാണോ അതോ പൊലീസ് തീരുമാനിക്കുന്ന നയങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരിന് ഭരിക്കേണ്ടി വരികയാണോ എന്ന ചോദ്യം പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. അവിടെയാണ് കേരളാ പൊലീസിലെ സംഘപരിവാര്‍ സെല്ലുകളുടെ പ്രവര്‍ത്തനത്തെ ഗൌരവകരമായി പരിശോധിക്കേണ്ടി വരുന്നത്.

കേരളാ പൊലീസിന്റെ നീതിബോധത്തെ ബ്രാഹ്മണിക് ഹിന്ദുത്വനീതി ആക്കി മാറ്റുന്നതില്‍ സംഘപരിവാര്‍ ഇടപെടലുകള്‍ ചെറുതല്ല . ദളിത് മുസ്‌ലിം സ്വത്വങ്ങളില്‍ ഉള്ളവരോടും സെക്കുലര്‍ ആക്ടിവിസ്റ്റ് പരിവേഷം ഉള്ളവരോടും പോലീസ് ശത്രുതയും പ്രതികാര മനോഭാവവും പൊതുവില്‍ പുലര്‍ത്തുന്നതിന്റെ മൂലകാരണം ഈ സംഘപരിവാര്‍ സ്വാധീനമാണ് . അതൊരു ദിവസം കൊണ്ടോ വര്‍ഷം കൊണ്ടോ സംഭവിച്ചതല്ല കാലങ്ങള്‍ കൊണ്ട് സംഘപരിവാര്‍ നിര്‍മിച്ചെടുത്ത സ്വാധീനമാണത് .

RSSപ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ കേരളാ പൊലീസിന്റെ നീതിബോധം പ്രവര്‍ത്തിക്കുന്നത് ഏതു തരത്തിലാണ് എന്ന് ഒരു പത്ത് ഉദാഹരണം എടുത്തു പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്നതാണ് ഈ വിഷയം. ഭരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ നയപരിപാടികളെ പൊലീസിനു കാറ്റില്‍ പറത്തി പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന രീതിയില്‍ സംഘപരിവാര്‍ സ്വാധീനം പൊലീസില്‍ ഉണ്ട് എന്ന് വേണം മനസിലാക്കാന്‍.

പിണറായി വിജയനെ പോലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആഭ്യന്തര മന്ത്രി ആയി ചുമതല ഏറ്റപ്പോള്‍ ഈ കാവിവല്‍ക്കരണത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടും എന്ന് ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നവര്‍ ആണ് കേരളത്തിലെ മതേതര സമൂഹം പൊതുവില്‍ എന്നാല്‍ ഈ വിഷയത്തില്‍ തീര്‍ത്തും നിരാശാജനകമായ പ്രവര്‍ത്തനമാണ് ആഭ്യന്തര മന്ത്രി നടത്തികൊണ്ടിരിക്കുന്നത് എന്നത് എടുത്തുപറയാതെ വയ്യ. സംഘപരിവാറിനു പ്രിയപ്പെട്ട ബഹ്റയെ പൊലീസ് മേധാവിയാക്കിയത്തിനു പിന്നാലെ. രമണ്‍ശ്രീവാസ്തവയെ പോലെയൊരു സംഘപരിവാര്‍ അനുകൂലിയെ പോലീസ് ഉപദേഷ്ടാവായി നിയമിക്കുക കൂടി ചെയ്തതോടെ ആ പ്രതീക്ഷകള്‍ മുഴുവന്‍ അസ്ഥാനത്തായി.

മുസ്‌ലീങ്ങളെയും ദളിതരെയും സമരക്കാരെയും തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പൊലീസ് രീതിക്ക് യാതൊരു മാറ്റവും വന്നില്ല എന്ന് മാത്രമല്ല അത്തരം പ്രവര്‍ത്തനം നടത്തുന്ന പൊലീസുകാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവന്നപോലെയായി കാര്യങ്ങള്‍. വടയംബാടിയും വൈപ്പിനും ഗെയിലും അശാന്തനും നിലമ്പൂരും ഒക്കെ ഈ സര്‍ക്കാര്‍ കാലഘട്ടത്തിലെ പൊലീസ് വേട്ടയുടെ ചരിത്രങ്ങളായി ചരിത്രത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കും എന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.

എത്രമേല്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടതാണോ അത്രമേല്‍ തന്നെ സ്ത്രീവിരുദ്ധവുമാണ് പൊലീസ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഹിന്ദുത്വയുടെ തന്നെ അടിസ്ഥാന നിലനില്‍പ്പ് സ്ത്രീവിരുദ്ധതയില്‍ ഊന്നിയാണല്ലോ . കേരളത്തിലെ ഏറ്റവും വലിയ സംഘടിത അധികാര കേന്ദ്രീകൃത സദാചാര ഗുണ്ടകള്‍ കേരളാ പൊലീസ് ആണ് . സ്ത്രീവിരുദ്ധത എന്നതുപോലെ തന്നെ പൊലീസ് നീതിബോധത്തെ നിര്‍ണയിക്കുന്ന മറ്റൊരു ഘടകമാണ് നിയോ ലിബറല്‍ വിധേയത്വം. അത് സ്വാഭാവികമായി തന്നെ സ്റ്റേറ്റിനു ഉണ്ടാകുന്ന വിധേയത്വം ആണെന്നും പറയാം . അതില്‍ പൂര്‍ണ്ണമായും പൊലീസിനെ ഭരിക്കുന്നത് സ്റ്റേറ്റ്/സാമ്പത്തിക താല്പര്യങ്ങള്‍ ആണ് പരിസ്ഥിതി വിഷയങ്ങളില്‍ ഉണ്ടാകുന്ന പൊലീസ് നടപടികളും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുള്ള കള്ള കേസുകളും ഒക്കെ എടുത്തു പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും.

വ്യക്തിപരമായി വളരെയധികം സമ്മര്‍ദ്ദവും പരീക്ഷണങ്ങളും നേരിടേണ്ടി വരുന്ന തൊഴില്‍ മേഖലയാണ് പൊലീസ് ജോലി. എന്നാല്‍ അതിനെ അതിജീവിക്കാനുള്ള പരിശീലനങ്ങളും പദ്ദതികളും പൊലീസ് സേനകളില്‍ കാര്യമായി നടപ്പാക്കുന്നുണ്ടോ എന്നത് സംശയമാണ്. തങ്ങളുടെ ജോലിയിലെയും ജീവിതത്തിലെയും ഫ്രസ്ട്രേഷന്‍ ആണ് നല്ലൊരു വിഭാഗം പൊലീസുകാര്‍ തങ്ങളുടെ മുന്നില്‍ വരുന്ന പ്രിവിലേജ്ഡ് അല്ലാത്ത സാധാരണക്കാര്‍ക്ക് മുകളില്‍ തീര്‍ക്കുന്നത്.

പൊലീസ് ട്രെയിനിംഗ് സംവിധാനങ്ങള്‍ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യ ഇംബ്ലിമെന്റ് ചെയ്യുക എന്നതിനപ്പുറം മറ്റൊരു മാറ്റവും നടക്കാത്ത മേഖലയാണതു എന്ന് വേണം പ്രായോഗികമായി മനസിലാക്കാന്‍. പൗരസമൂഹത്തെ ഭയപ്പെടുത്താനും അവരെ പൊലീസിനെ ബഹുമാനിക്കാന്‍ ആ ഭയത്തില്‍ കൂടി പഠിപ്പിക്കണം എന്ന ബോധ്യത്തില്‍ ആണ് ഓരോ പൊലീസുകാരനും സമൂഹത്തില്‍ ഇടപെടുന്നത് അതിനു മാറ്റം വരുകയും തങ്ങളും സമൂഹത്തിന്റെ ഒരു ഭാഗമാണ് ആ സിസ്റ്റത്തിനുള്ളില്‍ ആണ് നിലനില്‍ക്കുന്നത്.

തങ്ങള്‍ ഇടപെടുന്ന മനുഷ്യരേക്കാള്‍ മുകളിലോ താഴെയോ അല്ല എന്ന ബോധ്യത്തില്‍ സമൂഹത്തില്‍ ഇടപെടാന്‍ പൊലീസിനു കഴിയണം. പൊലീസ് സേനയിലെ നല്ലൊരു ഭാഗം വരുന്ന ക്രിമിനലുകളെ പിരിച്ചു വിടുവാനും കര്‍ശനമായ നടപടികള്‍ എടുക്കുവാനും സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ അതിനു സാധിക്കുകയുള്ളൂ. പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും കൂടി മാത്രം പൊലീസിലെ ക്രിമിനലുകളെ ഇല്ലാതാക്കാന്‍ കഴിയില്ല അതിനു നടപടികള്‍ ആണ് ആവശ്യം.

രശ്മി

We use cookies to give you the best possible experience. Learn more