എന്‍.ബി.ടിയുടെ കാവിവത്ക്കരണം കോടതി കയറുന്നു
social issue
എന്‍.ബി.ടിയുടെ കാവിവത്ക്കരണം കോടതി കയറുന്നു
അനസ്‌ പി
Wednesday, 16th January 2019, 5:25 pm

സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുസ്തക പ്രസാധന കേന്ദ്രമായ നാഷണല്‍ ബുക്ക് ട്രസ്റ്റിലെ ജീവനക്കാരെ വേട്ടയാടുന്ന നടപടി തുടരുന്നു. എന്‍.ബി.ടിയിലെ സംഘപരിവാര്‍ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മലയാളം അസിസ്റ്റന്റ് എഡിറ്റര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന റൂബിന്‍ ഡിക്രൂസ്. റൂബിനെ ജോലിയില്‍ നിന്ന് പുറത്താക്കാനുള്ള സംഘപരിവാര്‍ നേതാവായ എന്‍.ബി.ടി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തെ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

1995 മുതല്‍ എന്‍.ബി.ടിയില്‍ ജോലി ചെയ്യുന്ന റൂബിന്‍ ഡിക്രൂസ് 2007 മുതല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ എത്തിയിരുന്നു. 2010ല്‍ റൂബിന്റെ സേവനം രണ്ട് വര്‍ഷം കൂടി നീട്ടിക്കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍.ബി.ടിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിര നിയമനത്തിനായി റൂബിന്റെ രാജി എന്‍.ബി.ടിയ്ക്ക് സര്‍ക്കാര്‍ കൈമാറി. പക്ഷെ 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഈ നിയമനം റദ്ദാക്കിയപ്പോള്‍ നേരത്തെ നല്‍കിയ സാങ്കേതിക രാജി പിന്‍വലിക്കാന്‍ റൂബിന്‍ എന്‍.ബി.ടിയ്ക്ക് അപേക്ഷ നല്‍കുകയും സ്വീകരിച്ചത് പ്രകാരം 2011 ഒക്ടോബറില്‍ അദ്ദേഹത്തെ എന്‍.ബി.ടിയില്‍ തിരിച്ചെടുക്കുകയും ചെയ്തു.

നിയമപരമായ രീതിയില്‍ മാതൃസ്ഥാപനത്തില്‍ തിരിച്ചെത്തിയ റൂബിനെതിരെ ഇപ്പോള്‍ ഏഴു വര്‍ഷം കഴിയുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ചെലുത്തി തിരിച്ചുകയറിയെന്ന് ആരോപിച്ച് എന്‍.ബി.ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

റൂബിന്‍ ഡിക്രൂസ്

എന്‍.ബി.ടിയുടെ ഈ ഷോകോസ് നോട്ടീസ് തന്നെ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. റൂബിനെ പുറത്താക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയാണ് നോട്ടീസ് എന്നും ആരോപിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവുകളൊന്നും കൊണ്ടുവരാന്‍ എന്‍.ബി.ടിയ്ക്ക് സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി ഹൈക്കോടതി പുറത്താക്കല്‍ നടപടിക്ക് തടയിട്ടത്. കേസ് ഇനി ഫെബ്രുവരിയിലാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.

സംഘപരിവാര്‍ പരാതിയില്‍ നടപടിയെടുക്കുന്ന എന്‍.ബി.ടി

എന്‍.ബി.ടിയില്‍ റൂബിനെതിരെ നടക്കുന്ന രണ്ടാമത്തെ നീക്കമാണ് ഈ ഷോക്കോസ് നോട്ടീസ്. കൊച്ചിയില്‍ മലയാള ഭാഷ വിഭാഗം എഡിറ്ററായിരുന്ന റൂബിനെ ദല്‍ഹിയിലേക്ക് സ്ഥലം മാറ്റിയത് സംഘപരിവാറിന്റെ പുസ്തക പ്രസാധക സ്ഥാപനമായ “കുരുക്ഷേത്ര പ്രകാശന്‍” ചുമതലക്കാരനായ ഇന്‍.എന്‍ നന്ദകുമാറിന്റെ നടപടിയിലായിരുന്നു.

ഇപ്പോള്‍ റൂബിനെതിരെ ഷോകോസ് നോട്ടീസ് നല്‍കിയതും ഉണ്ണികൃഷ്ണന്‍ തൃശൂര്‍ എന്ന വ്യാജ പേരില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.

റൂബിന്‍ ഡിക്രൂസ് മാത്രമല്ല എന്‍.ബി.ടിയില്‍ സംഘപരിവാര്‍ വേട്ടയ്ക്ക് ഇരയായത്. രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് ലാലി പി.എമ്മിനെ കഴിഞ്ഞ വര്‍ഷം എന്‍.ബി.ടി പുറത്താക്കിയത്. എന്‍.ബി.ടിയുടെ എറണാകുളം ഓഫീസില്‍ ജോലിചെയ്യുന്ന ലാലിയെ സ്ത്രീയായതിന്റെ
പേരില്‍ ജോലിയില്‍ നിന്നു പുറത്താക്കിയത്.

ലാലി പി.എം

“ഒരു ബുക്ക് ഷോപ്പില്‍ സ്ത്രീകളെക്കാളേറേ പുരൂഷന്മാരെയാണാവശ്യം. പുസ്തകക്കെട്ടുകള്‍ കയറ്റാനും ഇറക്കാനുമൊക്കെ ആണുങ്ങള്‍ക്കേ പറ്റു തന്നെയുമല്ല നിങ്ങള്‍ക്ക് രാത്രി വൈകി ഇവിടെ നില്‍ക്കാനാവില്ലല്ലോ. ചിലപ്പോളതൊക്കെ വേണ്ടി വരും. അതു കൊണ്ട് നിങ്ങള്‍ക്ക് മറ്റൊരു ജോലി തേടി പ്പിടിക്കാവുന്നതേയുള്ളു.”എന്നു പറഞ്ഞ് മാനേജര്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയായിരുന്നെന്ന് ലാലി അന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

മുന്‍കൂറായി നോട്ടീസോ മറ്റു അറിയിപ്പുകളോ നല്‍കാതെ മണിക്കൂറുകള്‍ കൊണ്ടാണ് പുറത്താക്കിയതെന്നും തന്നെ പുറത്താക്കിയശേഷം പുസ്‌കരംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത രണ്ടുപേരെ അവിടെ നിയമിക്കുകയായിരുന്നെന്നും കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിന്റെ ഭാഗമാണെന്നും ലാലി അന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

 

എന്‍.ബി.ടിയിലെ സംഘപരിവാര്‍വത്ക്കരണം

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ജെ.എന്‍.യുവിലും സെന്‍സര്‍ബോര്‍ഡിലുമെല്ലാം സംഭവിച്ചത് പോലെ 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം നിയമിതനായ ചെയര്‍മാന്‍ ബല്‍ദേവ് ഭായ് ശര്‍മ്മ എന്ന സംഘപരിവാര്‍ നേതാവാണ് എന്‍.ബി.ടിയിലെ ഈ നീക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയുടെ മുന്‍ എഡിറ്ററായിരുന്നു ബല്‍ദേവ് ശര്‍മ്മ. മലയാളി എഴുത്തുകാരനായ സേതു ചെയര്‍മാനായിരിക്കെയാണ് ബല്‍ദേവ് ശര്‍മ്മ നാഷണല്‍ ബുക്ക് ട്രസ്റ്റിലെത്തുന്നത്. അന്ന് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സേതുവിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

ഡോ. റീത ചൗധരിയാണ് ഇപ്പോള്‍ എന്‍.ബി.ടിയുടെ ഡയറക്ടര്‍. റിത ചൗധരിയെ മറികടന്നാണ് ബല്‍ദേവ് ശര്‍മ്മ ബുക്ക് ട്രസ്റ്റില്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന് റൂബിനെതിരായ നടപടി തന്നെ വ്യക്തമാക്കുന്നുണ്ട്. അതായത് ഡയറക്ടറായ റിതാ ചൗധരിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചെയര്‍മാന്റെ ഈ നീക്കമെന്നാണ് ചില എന്‍.ബി.ടി ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ബല്‍ദേവ് ശര്‍മ്മ,  എന്‍.ബി.ടി ചെയര്‍മാന്‍

എന്‍.ബി.ടിയില്‍ സംഘപരിവാര്‍ നടത്തുന്ന അമിതാധികാര പ്രയോഗത്തിന്റെ ഭാഗമായി ചുരുങ്ങിയത് പത്ത് ജീവനക്കാരെയെങ്കിലും സ്ഥലം മാറ്റിയിട്ടുണ്ടെന്നാണ് ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ഇക്കൂട്ടത്തില്‍ റൂബിനെതിരായ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്.

വര്‍ഷത്തില്‍ ശരാശരി 2000 പുസ്തകങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്ന എന്‍.ബി.ടി ഇപ്പോള്‍ അഞ്ഞൂറില്‍ താഴെയായിരിക്കുകയാണ്. എന്‍.ബി.ടി സംഘടിപ്പിക്കുന്ന മറ്റ് പരിപാടികളും കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയടക്കം ലക്ഷ്യമിട്ടത് പോലെ തന്നെ എന്‍.ബി.ടിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്ന് ഈ സംഭവങ്ങള്‍ തെളിവാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.

അനസ്‌ പി
ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍