കാവി എനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന നിറം; പച്ച മുസ്‌ലിങ്ങളുടെ നിറമല്ല: ആരിഫ് മുഹമ്മദ് ഖാന്‍
Kerala News
കാവി എനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന നിറം; പച്ച മുസ്‌ലിങ്ങളുടെ നിറമല്ല: ആരിഫ് മുഹമ്മദ് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th February 2022, 8:10 pm

തിരുവനന്തപുരം: ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ വീടകങ്ങളില്‍ തളച്ചിടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുഷിച്ച ആസൂത്രണമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിജാബ് ഇസ്‌ലാമിലുള്ളവരാണെന്ന് പറയുന്നവര്‍ ഗൂഢാലോചനക്കാരാണ്. മുസ്‌ലിം ലീഗ് തന്നെ ഇസ്‌ലാം വരുദ്ധനാക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ അഭിമുഖത്തില്‍ പറഞ്ഞു.

കാവി തനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന നിറമാണ്. പച്ച മുസ്‌ലിങ്ങളുടെ നിറമല്ലെന്നും അത് സമ്പല്‍സമൃദ്ധിയുടെ നിറമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് ആരുടെയും അവകാശവും സ്വത്ത്വവും ഹനിക്കാനല്ല. വിവാഹ നിയമങ്ങള്‍ എല്ലാ വിഭാഗത്തിലും ഏകീകരിക്കപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലിം ചരിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം, കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.