വാടിപ്പോവുമോ ഇറാനിയന്‍ സഫ്‌റോണ്‍
Worldnews
വാടിപ്പോവുമോ ഇറാനിയന്‍ സഫ്‌റോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2019, 3:56 pm

തെഹ്‌രാന്‍: ലോകത്തേറ്റവും കൂടുതല്‍ വിലപിടിപ്പുള്ള സുഗന്ധവ്യജ്ഞനമാണ് സഫ്‌റോണ്‍. 75000 ത്തോളം സഫ്‌റോണ്‍ പൂക്കളാണ് ഒന്നരകിലോഗ്രാം സഫ്‌റോണ്‍ സ്‌പൈസ് ഉണ്ടാക്കാന്‍ ആവശ്യമായത്. ഔഷധ മൂല്യമുള്ള സഫ്‌റോണിന് ലോകമെമ്പാടും വന്‍ പ്രചാരമാണുള്ളത്. യൂറോപ്പിലും പശ്ചിമേഷ്യന്‍ വിപണിയിലും സഫ്‌റോണിന് വലിയ മൂല്യമാണുള്ളത്.

ഇത്രയും വിലപിടിപ്പുള്ള സഫ്‌റോണ്‍ പൂക്കളുടെ കേന്ദ്രമാണ് ഇറാന്‍. ലോകത്തേറ്റവും കൂടുതല്‍ സഫ്‌റോണ്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ഇറാനാണ്. 96 ശതമാനം സഫ്‌റോണും ഉല്‍പാദിപ്പിക്കുന്നത് ഇറാനില്‍ നിന്നാണ്. ഇറാനിയന്‍ ജനതയുടെ ഭക്ഷണത്തില്‍ സഫ്‌റോണ്‍ സ്‌പൈസ് ഒരു വലിയ ചേരുവയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇറാനുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ വ്യാപാരവിലക്കുകള്‍ സഫ്‌റോണിന്റെ ആഗോളവിപണിയെ ബാധിക്കുന്നുണ്ട്. ഇറാനുമായുള്ള വ്യാപാര ബന്ധം നടത്തുന്നതില്‍ നിന്നും രാജ്യങ്ങളെ വിലക്കുന്ന ട്രപിന്റെ നടപടി സഫ്‌റോണ്‍ വ്യാപാരത്തെ തെല്ലൊന്ന് പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സഫ്‌റോണിന്റെ വലിയൊരു ശതമാനം ഉല്‍പാദനവും ഇറാനില്‍ മാത്രമായതിനാല്‍ തന്നെ വിലക്കുകള്‍ക്കിടയിലും സഫ്‌റോണിനായി രാജ്യങ്ങള്‍ക്ക് ഇടനിലക്കാര്‍ വഴി ഇറാനെ തന്നെ ആശ്രയിക്കേണ്ടിയും വരുന്നുണ്ട്.

അതിനൊപ്പം ഇറാന്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് സഫ്‌റോണ്‍ കൃഷി ഇപ്പോള്‍ ചൈനയിലും അഫ്ഘാനിസ്ഥാനിലും  തുടങ്ങിയിട്ടുണ്ടെന്നത്. പ്രത്യേക കാലാവസ്ഥയില്‍ മാത്രം വളരുന്ന സഫ്‌റോണ്‍ അഫ്ഘാനിസ്ഥാനിലും ചൈനയിലും മുളപൊട്ടിയാലും ഇറാനിയന്‍ സഫ്‌റോണിന്റെ നിറമോ മണമോ ഗുണമോ ഇവയ്ക്കുണ്ടാകില്ലെന്നാണ് ഇറാനിയന്‍ കൃഷിക്കാര്‍ അവകാശപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാപാര വിലക്കുകള്‍ സഫ്‌റോണ്‍ കയറ്റുമതിയെ ബാധിക്കുകയാണെങ്കില്‍ അതിന്റെ പ്രഹരമേല്‍ക്കേണ്ടി വരുന്നത് വലിയൊരു വിഭാഗം ഇറാനിയന്‍ ജനതയായിരിക്കും. സഫ്‌റോണ്‍ കൃഷി ചെയ്യുന്നവര്‍, കയറ്റുമതി ചെയ്യുന്നവര്‍, സഫ്‌റോണ്‍ വ്യാപാരം ചെയ്യുന്നവര്‍ എന്നിങ്ങനെ ഒരു വലിയ വിഭാഗം ഇറാനിയന്‍ ജനതയുടെ ജീവിതത്തില്‍ സുഗന്ധം പരത്തുന്ന പൂവാണിത്.