ജെ.എന്‍.യുവില്‍ കാവി പതാകയും പോസ്റ്ററുകളും: ഹിന്ദുസേന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
national news
ജെ.എന്‍.യുവില്‍ കാവി പതാകയും പോസ്റ്ററുകളും: ഹിന്ദുസേന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th April 2022, 3:06 pm

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്ക് പുറത്ത് കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.ഹിന്ദുസേന വൈസ് പ്രസിഡന്റ് സുര്‍ജിത് യാദവ് ഉള്‍പ്പെടെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പ്രധാന ഗേറ്റിന് സമീപമാണ് ഹിന്ദുസേന കാവിക്കൊടിയും പോസ്റ്ററുകളും സ്ഥാപിച്ചത്. രാമനവമിയില്‍ മാംസാഹാരം വിളമ്പുന്നു എന്നാരോപിച്ച് ഹോസ്റ്റലില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് ഹിന്ദുസേന കാവിക്കൊടി സ്ഥാപിച്ചത്.

വലതുപക്ഷ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് സുര്‍ജിത് സിംഗ് യാദവാണ് ‘ഭഗ്വ (കാവി) ജെ.എന്‍.യു’ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതെന്ന് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.

‘ജെ.എന്‍.യു ക്യാമ്പസില്‍ സ്ഥിരമായി കാവി അപമാനിക്കപ്പെടുന്നു, ഇത് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ വഴി ശരിയാക്കുക. ഞങ്ങള്‍ ഇത് സഹിക്കില്ല ‘വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ഗുപ്ത ഹിന്ദിയില്‍ പറയുന്നതായി കേള്‍ക്കാം.

കൊടികള്‍ അഴിക്കാന്‍ പൊലീസ് തിടുക്കം കാണിക്കരുതെന്ന് ഹിന്ദുസേന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
പൊലീസ് തിടുക്കം കാണിച്ച് അഴിക്കാന്‍ കാവി ഭീകരതയുടെ പ്രതീകമല്ല, കാവിയും ഹിന്ദുത്വവും സംരക്ഷിക്കുന്നത് നിയമപ്രകാരമുള്ള അവകാശമാണെന്നും സംഘടന പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ്, ജെ.എന്‍.യുവില്‍ മാംസം വിഴമ്പരുതെന്ന് ഭീഷണിപ്പെടുത്തി എ.ബി.വി.പി ആക്രമണം നടത്തിയത്.

പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

Content Highlights: Saffron Flag and Posters at JNU: Three people, including the vice-president of the Hindu Sena, are in custody