| Wednesday, 21st June 2023, 9:08 pm

ഗ്രൗണ്ടില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി ഇന്ത്യ-പാക് താരങ്ങള്‍; റെഡ് കാര്‍ഡ് പുറത്തെടുത്ത് റഫറി!

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പരിശീലകനെ പിടിച്ചുതള്ളി പാകിസ്ഥാന്‍ താരം. ആദ്യ പകുതിയുടെ 44ാം മിനിറ്റിലാണ് വിവാദ രംഗങ്ങള്‍ അരങ്ങേറിയത്. ആദ്യ പകുതി അവസാനിക്കാനിരക്കെ 2-0ന് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യ-പാക് താരങ്ങള്‍ കയ്യാങ്കളിയുടെ വക്കിലെത്തിയത്.

44ാം മിനിറ്റില്‍ ഇന്ത്യക്ക് ലഭിക്കേണ്ടിയിരുന്ന ത്രോ പാകിസ്ഥാന്‍ താരം എടുക്കാന്‍ ശ്രമിച്ചതാണ് പ്രകോപനങ്ങള്‍ക്ക് കാരണമായത്. ഇതിനെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് എതിര്‍ത്തു. അതിന് പിന്നാലെ പാക് താരങ്ങളെല്ലാം ഇന്ത്യന്‍ കോച്ചിനെതിരെ തിരിഞ്ഞതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്.

കോച്ചിനെ ആക്രമിക്കാന്‍ പാക് താരങ്ങള്‍ ശ്രമിച്ചതോടെ പാക് താരങ്ങളുമായി ഇന്ത്യന്‍ താരങ്ങളും കൊമ്പുകോര്‍ക്കാനെത്തി. ഉന്തിനും തള്ളിനും വാഗ്വാദത്തിനും പിന്നാലെ രംഗം ചൂടുപിടിച്ചതോടെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഇടപെട്ടാണ് ഇരു ടീമുകളിലേയും താരങ്ങളെ ശാന്തരാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന് മാച്ച് റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യപാതി പിന്നിട്ടപ്പോള്‍ ഇന്ത്യ 2-0ത്തിന് മുന്നിലായിരുന്നു. സുനില്‍ ഛേത്രിയാണ് രണ്ട് ഗോളുകളും നേടിയത്. പത്താം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദ്ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. പന്ത് കാലില്‍ റാഞ്ചിയെടുത്ത ഛേത്രി അനായാസം വല കുലുക്കി. 16ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍.

ഇതോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്സിയില്‍ 89 ഗോളുകളായി ഉയര്‍ന്നു. സാഫ് ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. നേപ്പാള്‍, കുവൈറ്റ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുടീമുകള്‍.

Content Highlights: SAFF cup india-pak match turned in open fight, indian coach shown red card

Latest Stories

We use cookies to give you the best possible experience. Learn more