സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ ചൊവ്വാഴ്ച കുവൈത്തിനെ നേരിടും. ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് സുനില്‍ ഛേത്രിയും സംഘവും കലാശപ്പോരാട്ടത്തിനിറങ്ങുക. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.
മൂന്ന് പതിറ്റാണ്ട് നീണ്ട സാഫ് കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ കിരീട ഫേവറിറ്റുകളാണ് ഇന്ത്യ. 13 ഫൈനലുകളില്‍ 12ലും മാറ്റുരച്ച ടാം ഇന്ത്യ എട്ട് തവണ കിരീടം ചൂടുകയും നാല് തവണ റണ്ണറപ്പാവുകയും ചെയ്തു.
ഭുവനേശ്വറില്‍ കഴിഞ്ഞ മാസം നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ ലബനനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിന് ഈയൊരു വിജയം അനിവാര്യമാണ്. ഫിഫ റാങ്കിങ്ങില്‍ 100ാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് ഈ വിജയത്തോടെ റാങ്ക് മെച്ചപ്പെടുത്തുക മാത്രമല്ല ലക്ഷ്യം. വരാനിരിക്കുന്ന ഏഷ്യന്‍ കപ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ കിരീടവിജയം അനിവാര്യമാണ്.
ഷൂട്ടൗട്ടിലെ നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ ലെബനനെ കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ ഏഴ് ഗോളുകളില്‍ അഞ്ചെണ്ണം ഛേത്രയുടേതായിരുന്നു. 38കാരനായ താരത്തില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഉദാന്ത സിങ്, മഹേഷ് സിങ്. സഹല്‍ അബ്ദുല്‍ സമദ് എന്നിവരിലും ടീം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.