| Wednesday, 12th September 2018, 9:27 pm

എട്ടാമത് സാഫ് കിരീടത്തിനരികെ ഇന്ത്യ; ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ധാക്ക: സാഫ് കപ്പ് സെമിഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ മിന്നും വിജയം. മന്‍വീര്‍ സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. എട്ടാമത് സാഫ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് കിരീടത്തില്‍ മുത്തമിടാന്‍ ഇനി ഒരു വിജയം മാത്രമാണ് ബാക്കി. പാകിസ്ഥാന്‍ ഇത് നാലാം തവണയാണ് സാഫ് കപ്പിന്റെ സെമിയില്‍ തോല്‍ക്കുന്നത്.

പാകിസ്ഥാനതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരുടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. 48, 69 മിനിറ്റുകളിലായിരുന്നു മന്‍വീറിന്റെ ഗോളുകള്‍.


പകരക്കാരനായി ഇറങ്ങിയ സുമീത് പാസിയുടെ ബൂട്ടില്‍ നിന്നായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. മലയാളി താരം ആഷിഖ് കുരുണിയന്‍ രണ്ടു അസിസ്റ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്തു. 88-ാം മിനിറ്റില്‍ ഹസന്‍ ബഷീര്‍ പാകിസ്ഥാന്റെ ആശ്വാസ ഗോള്‍ നേടി. 86-ാം മിനിറ്റില്‍ ഇന്ത്യയുടെ ലാല്ലിയാന്‍സുവാല ചാങ്തെയും പാകിസ്ഥാന്റെ മുഹ്സിന്‍ അലിയും ചുവപ്പു കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. ഇതുവരെ ഇന്ത്യയും പാകിസ്ഥാനും 32 തവണയാണ് ഫുട്‌ബോളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇന്നത്തെ ജയത്തോടെ ഇന്ത്യയുടെ വിജയത്തിന്റെ എണ്ണം 19 ആയി. നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച മാലിദ്വീപ് ആകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മാലിദ്വീപിനെ തോല്‍പ്പിച്ചിരുന്നു

We use cookies to give you the best possible experience. Learn more