|

കയ്യടിക്കടാ... ഫൈനലില്‍ സഡണ്‍ ഡെത്ത് ഫിനിഷിങ്; സാഫില്‍ ഇന്ത്യക്ക് ഒമ്പതാം കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

സാഫ് കപ്പില്‍ കിരീടം ചൂടി ഇന്ത്യ. ഫൈനലില്‍ കുവൈറ്റിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. അധികസമയം കഴിഞ്ഞിട്ടും മത്സരം 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് കടന്നത്. അഞ്ച് കിക്കും കഴിഞ്ഞപ്പോഴും സമനിലയായി. പിന്നീട് ഷൂട്ടൗട്ടിന്റെ സഡന്‍ ഡെത്തില്‍ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. സാഫില്‍ ഇന്ത്യയുടെ ഒമ്പതാം കിരീടമാണിത്.

ഷൂട്ടൗട്ടിലടക്കം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 14-ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെയാണ് കുവൈറ്റ് മുന്നിലെത്തിയത്. കളിയുടെ അധിക സമയവും കഴിഞ്ഞ് സമനില തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് പോയത്.

38ാം മിനുറ്റിലൂടെ ലാലിയന്‍സുവാല ചാംഗ്‌തേയുടെ സൂപ്പര്‍ ഗോളിലൂടെ ഇന്ത്യ തിരിച്ചു വരികയും ചെയ്തു.  മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു സൂപ്പര്‍ ഗോള്‍ പിറന്നത്.

ടീമിലെ മറ്റൊരു മലയാളി താരം ആശിഖ് കുരുണിയനാണ് ഗോളിന് വഴിയൊരുക്കിയ ആദ്യ നീക്കം നടത്തിയത്. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച പന്ത് മനോഹര നീക്കങ്ങളിലൂടെ ആശിഖ് പന്ത് സുനില്‍ ഛേത്രിക്ക് നല്‍കുകയായിരുന്നു.

ഛേത്രി ഒരു വണ്‍ ടച്ചിലൂടെ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പന്ത് സഹല്‍ കൃത്യമായ ആന്റിസിപ്പേഷനിലൂടെ കാല്‍വരുതിയിലാക്കി. പിന്നീട് ഫിനിഷ് ചെയ്യാന്‍ പാകത്തിന് ചാംഗ്‌തേയ്ക്ക് നല്‍കുകയായിരുന്നു.

കളി സമനിലയായതോടെ ഇരു ടീമുകളും നിരവധി ശ്രമങ്ങള്‍ അങ്ങോട്ടും ഇങ്ങേട്ടും നടത്തിയെങ്കിലും ഒന്നും ഗോളായി മാറിയില്ല. സെമിയിലേത് പോലെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പ്രകടനവും ഇന്ത്യക്ക് ആശ്വസിക്കാവുന്ന വകയുണ്ടാക്കി.

4-2-3-1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. 4-3-3 ഫോര്‍മേഷനിലാണ് റൂയി ബെന്റോയുടെ കുവൈറ്റ് കളത്തിലിറങ്ങിയത്.

Content Highlight: Saff Cup final updation