പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അത് വലിയ അപകടകാരിയാണ്
Daily News
പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അത് വലിയ അപകടകാരിയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2016, 4:13 pm

അടുക്കളയില്‍ സംഭവിക്കാറുള്ള അപകടങ്ങളില്‍ ഒരു പക്ഷെ ഏറ്റവും കൂടുതലെന്ന് പറയാവുന്നത് പ്രഷര്‍ കുക്കറിന്റെ ഉപയോഗം കൊണ്ടുള്ളതാണ്. പാചകം ഏറെ ഈസിയാക്കി മാറ്റുന്ന ഈ ഉപകരണം പക്ഷെ ഏറെ അപകടകരമാണെന്ന ഓര്‍മ്മ അതുപയോഗിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതുണ്ട്.

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചെന്നും അതുവഴി പൊള്ളലേറ്റെന്നും മരണപ്പെട്ടെന്നും വരെയുള്ള വാര്‍ത്തകള്‍ ഒരു പക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമ്പോഴുള്ള സ്‌ഫോടനം ഏറെ വലുതാണ്. എങ്ങിനെയാണ് ഇത് സംഭവിക്കുന്നത്. പ്രഷര്‍ കുക്കറിന്റെ അശ്രദ്ധമായ ഉപയോഗം തന്നെയാണ് ഇതിന് പ്രധാന കാരണം. ആവികൊണ്ടുള്ള അതി ശക്തമായ മര്‍ദ്ദം ഉപയോഗിച്ചാണ് പ്രഷര്‍ കുക്കറില്‍ പാചകം സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ആ മര്‍ദ്ദത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഇവിടെയിതാ പ്രഷര്‍ കുക്കര്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടവ

ലേലത്തിന് കിട്ടുന്നതും വിലക്കുറവില്‍ കിട്ടുന്നതും പ്രമുഖമായ കമ്പനികളുടേതല്ലാത്തതുമായ പ്രഷര്‍ കുക്കറുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത്തരം പ്രഷര്‍ കുക്കറുകളില്‍ ഉണ്ടാകുന്ന സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വിശ്വസിക്കാനാവില്ല. കൃത്യമായ അളവിലും രീതിയിലുമല്ല സുരക്ഷാ സംവിധാനങ്ങളുടെ ക്രമീകരണമെങ്കില്‍ അത് അപകടമാണ്.

പ്രഷര്‍ കുക്കറിനകത്തെ റബ്ബര്‍ വളയം വൃത്തിയായും കൃത്യമായ ആകൃതിയിലും സൂക്ഷിക്കുക. ഇവയില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തേയ്മാനങ്ങളോ പൊട്ടലോ ഉള്ളവയാണെങ്കില്‍ ഉടന്‍ തന്നെ അത് മാറ്റേണ്ടതാണ്. പ്രഷര്‍ കുക്കറിനകത്തെ ശക്തമായ വായുമര്‍ദ്ദത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് ഈ റബ്ബര്‍ വളയത്തിനുണ്ട്.

PRESSURE-COOKER-PARTS കുക്കര്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് കമ്പനി നിര്‍ദ്ദേശങ്ങള്‍ വായിക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യേണ്ടതുണ്ട്.

പ്രഷര്‍ കുക്കറിനകത്ത് ഒഴിക്കേണ്ട വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടതാണ്. ഒരോ അളവില്‍പെട്ട കുക്കറിലും വെള്ളം ഉപയോഗിക്കുന്നതിന് പ്രത്യേക അളവുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകും. അതനുസരിച്ച് ആഹാരത്തിന്റെ അളവും തീരുമാനിക്കണം.

കുക്കറില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്. ചില ആഹാര പാദാര്‍ത്ഥങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. അതായത് കടല,പയര്‍ എന്നിവയെ പോലെ പാകം ചെയ്യുമ്പോള്‍ വികസിക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍.

നുരഞ്ഞുപൊങ്ങുന്ന ആഹാരങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യാതിരിക്കുക. അത് ചിലപ്പോള്‍ പ്രഷര്‍ കുക്കറിന്റെ സ്റ്റീം വാല്‍വില്‍ ആഹാരങ്ങള്‍ അടിഞ്ഞ് ദ്വാരം അടയാന്‍ ഇടയാക്കിയേക്കും. ഇത് അപകടമാണ്. പാസ്ത, ഓട്‌സ്, പൊടിയരി തുടങ്ങിയ ആഹാരങ്ങള്‍ ഇത്തരത്തിലുള്ള ആഹാരങ്ങളില്‍ ചിലതാണ്. ഇത്തരം ആഹാരങ്ങള്‍ പാകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ പാകം ചെയ്യുക.

സുരക്ഷിതമായി വേണം പ്രഷര്‍ കുക്കറിലെ മര്‍ദ്ദം കുറയ്ക്കാന്‍. തീയില്‍ നിന്നും എടുത്താണ് സാധാരണയായി നമ്മള്‍ പ്രഷര്‍ കുക്കറിലെ മര്‍ദം കുറയ്ക്കാറുള്ളത്. അമിതമായി പ്രഷര്‍ ഉള്ളപ്പോള്‍ സ്റ്റീം വാല്‍വിന് മുകളിലെ അടപ്പ് ഊരിയെടുക്കാന്‍ ശ്രമിക്കരുത്. തണുത്ത വെള്ളം പ്രഷര്‍ കുക്കറിന് മുകളില്‍ ഒഴിക്കുകയാണ് മറ്റൊരു വഴി. അടുക്കളയിലെ പൈപ്പ് തുറന്ന് അതിന് ചുവട്ടില്‍ അല്‍പ്പനേരം കുക്കര്‍ വെച്ചാല്‍ മതി. ഒരോ പ്രഷര്‍ കുക്കറും ഓരോ രീതിയിലാണ് ഉപയോഗിക്കേണ്ടത്. അതിനാല്‍ കുക്കറിനൊപ്പമുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് പഠിക്കേണ്ടതാണ്.

പ്രഷര്‍ കുക്കര്‍ തുറക്കുമ്പോള്‍ ശക്തിയായി ആവി പുറത്തേക്ക് വരാറുണ്ട്. ഇത് ചിലപ്പോള്‍ കൈ പൊള്ളാനിടയാക്കും. അതിനാല്‍ കുക്കര്‍ തുറക്കുമ്പോള്‍ പരമാവധി മര്‍ദ്ദം കുറയ്ക്കുകയും കയ്യില്‍ തുണിയോ മറ്റോ ഇടുകയോ ചെയ്യാം. ഒപ്പം മുഖത്ത് നിന്നും ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്തിവേണം കുക്കര്‍ തുറക്കാന്‍.

ഓരോ തവണ ഉപയോഗിക്കുമ്പോഴും നിങ്ങള്‍ നിങ്ങളുടെ പ്രഷര്‍ കുക്കര്‍ പരിശോധിക്കുക. പ്രഷര്‍ കുക്കറിന്റെ അടപ്പ് പരിശോധിക്കുക. സേഫ്റ്റി വാല്‍വിന്റെ ഉറപ്പും പരിശോധിക്കേണ്ടതാണ്. ആവി പുറത്ത് പോകാതെ കുക്കറിനകത്ത് അപകടകരമാം വിധം മര്‍ദ്ദം കൂടുമ്പോള്‍ പ്രഷര്‍കുക്കറിന്റെ വാല്‍വ് പ്രവര്‍ത്തിക്കുകയും ആവി പുറത്ത് പോവുകയും ചെയ്യും.

പ്രഷര്‍ കുക്കറിന്റെ പഴക്കമല്ല പ്രഷര്‍ കുക്കറിന്റെ സുരക്ഷിതത്വം നിര്‍ണ്ണയിക്കുന്നത് എന്ന് മനസ്സിലാക്കുക. ആവി ലീക്ക് ആവുന്നുണ്ടെങ്കിലും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഉടന്‍തന്നെ കമ്പനി സര്‍വ്വീസ് സെന്ററിനെ സമീപിക്കുക.

ഒരോ ഉപയോഗത്തിന് ശേഷവും പ്രഷര്‍ കുക്കറിന്റെ ഓരോ ഭാഗവും വൃത്തിയായി സൂക്ഷിക്കുക.