| Monday, 26th February 2018, 11:30 am

സഫീറിന്റെ നെഞ്ചില്‍ കത്തിയിറക്കാന്‍ കൊലയാളികളുടെ കയ്യില്‍ ആയുധം വെച്ച് കൊടുത്ത സി.പി.ഐ ക്രിമിനലുകള്‍ വല്യേട്ടനോട് മത്സരിക്കുകയാണ്; കെ.എ ഷാജി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലറുമായ വറോടന്‍ സിറാജുദ്ദീന്റെ മകന്‍ സഫീറിന്റെ കൊലപാതകത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശവുമായി കെ.എ ഷാജി എം.എല്‍..

ഇരുപത്തി രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ നെഞ്ചില്‍ കത്തിയിറക്കാന്‍ കൊലയാളികളുടെ കയ്യില്‍ ആയുധം വെച്ച് കൊടുത്തു പറഞ്ഞയച്ച സി.പി.ഐയുടെ ക്രിമിനല്‍ നേതാക്കള്‍ വല്യേട്ടനോട് മത്സരിക്കുകയാണെന്ന് സുധാകരന്‍ പറയുന്നു.

അധികാരത്തിന്റെ ഹുങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ തനിനിറം പുറത്തു കാണിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടി വരുമെന്നും ഇത് ചുവപ്പു ഭീകരത തന്നെയാണെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചുകപ്പ് ഭീകരത തന്നെ

മനസ്സ് പിടയുന്നു; മുസ്ലിം ലീഗ് പതാക പിടിച്ചതിന്റെ പേരില്‍ കുന്തിപ്പുഴയില്‍ ഞങ്ങളുടെ പ്രിയ അനുജന്‍ സഫീറിനെ കമ്മ്യൂണിസ്റ്റു കാപാലികര്‍ കൊലക്കത്തിക്കിരയാക്കിയിരിക്കുന്നു
ഇന്നാ ലില്ലാഹ്

ഇരുപത്തി രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ നെഞ്ചില്‍ കത്തിയിറക്കാന്‍ കൊലയാളികളുടെ കയ്യില്‍ ആയുധം വെച്ച് കൊടുത്തു പറഞ്ഞയച്ച സി പി ഐയുടെ ക്രിമിനല്‍ നേതാക്കള്‍ വല്യേട്ടനോട് മത്സരിക്കുകയാണ്

അധികാരത്തിന്റെ ഹുങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ തനിനിറം പുറത്തു കാണിക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ ജനാധിപത്യ പ്രതിരോധം നേരിടേണ്ടി വരും

പ്രിയ സഹോദരന്‍ സഫീറിന്റെ മരണത്തില്‍ വേദനിക്കുന്ന സിറാജുദ്ധീന്‍ സാഹിബിന്റെയും കുടുമ്പത്തിന്റെയും വേദനയില്‍ പങ്കു ചേരുന്നു!

സഫീറിന്റെ മരണം രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു.

പിടിയിലായവരെല്ലാം സഫീറിന്റെ അയല്‍വാസികളാണ്. ഇവര്‍ സി.പി.ഐ അനുഭാവികളാണെങ്കിലും രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാഭ്യാസ കാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്ലെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലറുമായ വറോടന്‍ സിറാജുദ്ദീന്റെ മകന്‍ സഫീര്‍ (23) കൊല്ലപ്പെട്ടത്. കോടതിപ്പടിയിലെ തുണിക്കടയില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ സഫീറിനെ വട്ടമ്പലം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

നേരത്തെ കുന്തിപ്പുഴയില്‍ നിലനിന്ന രാഷ്ട്രീയത്തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സി.പി.ഐ-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നായിരുന്നു ലീഗ് ആരോപിച്ചിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more