| Sunday, 3rd January 2021, 3:24 pm

സഫ്ദര്‍: സമരത്തെരുവുകളുടെ തീനാളം | പി.വി. ഷെബി

പി.വി. ഷെബി

ചുവന്ന ഓര്‍മകളില്‍ പുതുവര്‍ഷസൂര്യന്‍ തുടിച്ചുദിക്കുന്ന പ്രദേശമാണ് ഉത്തര്‍പ്രദേശിലെ ഝണ്ടാപുര്‍. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ നിന്ന് ഏറെയില്ല ദൂരം. ഭരണകൂടങ്ങളുടെ നെറികേടുകളെ നോക്കി തെരുവുകളില്‍ ജ്വലിച്ച് ചോദ്യങ്ങളുന്നയിച്ച സഫ്ദര്‍ ഹാശ്മി എന്ന നാടകപ്രതിഭ 1989 ജനുവരി ഒന്നിന് കൊലക്കത്തിക്കിരയായത് ഇവിടെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ‘ഹല്ലാ ബോല്‍’ (നിങ്ങള്‍ ശബ്ദമുയര്‍ത്തൂ) എന്ന പേരിലുള്ള നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കേയായിരുന്നു അക്രമം. തൊഴിലാളികളുടെ ദൈന്യത വിവരിച്ച് ചൂഷണത്തിനെതിരെയുള്ള ശബ്ദം പ്രമേയമാക്കിയുള്ള തെരുവുനാടകം.

നിസ്വരായ മനുഷ്യര്‍ക്കുവേണ്ടി, അന്യവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശത്തിനുവേണ്ടി വേദികളിലൂടെ സംസാരിച്ചുകൊണ്ടിരുന്ന സഫ്ദറിന്റെ അവസാനനാടകത്തിന്റെ പേരായ ‘ഹല്ലാ ബോല്‍’ ഇന്ന് രാജ്യത്താകമാനം ഒരു മുദ്രാവാക്യമായി മാറിയിരിക്കുന്നു. ഭേദഗതി ചെയ്യപ്പെട്ട പൗരത്വനിയമം മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചപ്പോഴും ഇന്ദ്രപ്രസ്ഥനഗരിയുടെ അതിര്‍ത്തികള്‍ വളഞ്ഞ് അന്നദാതാക്കള്‍ ഉപരോധമിരിക്കുമ്പോഴുമൊക്കെ അവകാശസമരത്തിന്റെ അലയൊലികളായി ആകാശംമുട്ടെ ഉയര്‍ന്ന മുഷ്ടികളില്‍ മുഴങ്ങുന്ന മുദ്രാവാക്യം.

സഫ്ദറിനെ ഓര്‍ക്കാന്‍ ജനനാട്യമഞ്ച് പ്രവര്‍ത്തകര്‍ എല്ലാ വര്‍ഷത്തെയുംപോലെ ഇത്തവണയും ഝണ്ടാപുരിലെ ആ തെരുവില്‍ ഒത്തുകൂടും. അവിടെ നാടകം കളിക്കും. വിമോചനസ്വപ്നമുള്ള ലക്ഷക്കണക്കിന് ജനതയുടെ ഹൃദയമായി സഫ്ദര്‍ തുടിച്ചുനില്‍ക്കുന്നുണ്ടെന്ന് ഉറക്കെയുറക്കെ പറയാന്‍.

സാഹിബാബാദില്‍ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ഝണ്ടാപുരില്‍ തെരുവുനാടകം കളിക്കാന്‍ പുതുവര്‍ഷദിനത്തില്‍ ഉച്ചയോടെ എത്തിയതായിരുന്നു സഫ്ദറും കൂട്ടരും. മുനിസിപ്പാലിറ്റിയിലേക്കു മത്സരിക്കുന്ന മുകേഷ് ശര്‍മ എന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ അക്രമം അരങ്ങേറി. സഫ്ദര്‍ ഓടി രക്ഷപ്പെട്ടില്ല. ഒപ്പമുള്ള നാടകപ്രവര്‍ത്തകരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. വടികളും തോക്കുകളുമായി എത്തിയ അക്രമികളില്‍നിന്ന് സഹപ്രവര്‍ത്തകരെയും സഖാക്കളെയും രക്ഷിക്കാന്‍ അവരെയെല്ലാം സഫ്ദര്‍ തൊട്ടടുത്തുള്ള സി.ഐ.ടി.യു ഓഫീസിലാക്കി.

എല്ലാവരെയും അകത്താക്കി വാതില്‍ക്കല്‍ കാവലുറപ്പിച്ച സഫ്ദറിനൊപ്പം ബ്രിജേന്ദ്ര സിങ് എന്ന സഹപ്രവര്‍ത്തകനും നിലയുറപ്പിച്ചു. എന്നാല്‍, ആ സഖാവിനെ ശാസിച്ച് സഫ്ദര്‍ ഓഫീസിനുള്ളിലാക്കി വാതിലടച്ചു. ഒടുവില്‍ കൊലവിളികളുമായി അക്രമികളെത്തുമ്പോള്‍ ഒപ്പമുള്ളവരെ അവര്‍ക്കു വിട്ടുകൊടുക്കാതെ സഫ്ദര്‍ ധീരതയോടെ വാതില്‍ക്കല്‍ നിന്നു.

അക്രമത്തില്‍ അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തെരുവില്‍ കിടന്ന സഫ്ദറിനെ ആദ്യം ഗാസിയാബാദിലും അവിടന്ന് ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയിലും പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ, പിറ്റേദിവസം ആ ജീവന്‍ വെടിഞ്ഞു. അന്നത്തെ സംഘര്‍ഷത്തില്‍ ബഹാദുര്‍ സിങ് എന്ന തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറം തൊഴിലാളികളടക്കം നൂറുകണക്കിന് നിസ്വരായ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ഒരു വാര്‍ത്തപോലുമാകാത്ത നാടായി ഉത്തര്‍പ്രദേശ് മാറിയിരിക്കുന്നു.

1989 ജനുവരി മൂന്നിന് സഫ്ദറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പാര്‍ലമെന്റിന് സമീപം വിത്തല്‍ഭായ് പട്ടേല്‍ ഹൗസിനു മുന്നില്‍നിന്ന് പുറപ്പെടുമ്പോള്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. ഉത്തരേന്ത്യയില്‍ അന്നുവരെ ഒരു കലാകാരനും ലഭിച്ചിട്ടില്ലാത്ത ആദരാഞ്ജലിയായിരുന്നു പത്തു കിലോമീറ്ററോളം കാല്‍നടയായി നീങ്ങിയ ആ വിലാപയാത്ര.

സി.പി.ഐ.എം നേതാക്കളായ ബി.ടി രണദിവെ, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, സൈഫുദ്ദീന്‍ ചൗധരി, ജോഗീന്ദര്‍ ശര്‍മ തുടങ്ങിയവര്‍ ശവമഞ്ചം ചുമലിലേറ്റി. അദ്ദേഹത്തിന്റെ മതത്തിന്റെ പേരുപറഞ്ഞ് ശ്മശാനം അധികൃതര്‍ സംസ്‌കാരത്തിന് തടസ്സം നിന്നു. എന്നാല്‍, മതപരമായ ഒരു അനുഷ്ഠാനത്തിലും വിശ്വസിച്ചിട്ടില്ലാത്ത സഫ്ദറിനെ സഖാക്കള്‍ ന്യൂഡല്‍ഹിയിലെ വൈദ്യുതിശ്മശാനത്തില്‍ത്തന്നെ സംസ്‌കരിച്ചു.

സഫ്ദര്‍ പിടഞ്ഞുവീണ ഝണ്ടാപുരിലെ അതേ തെരുവില്‍ പിറ്റേ ദിവസം 1200ലേറെ പേര്‍ പങ്കെടുത്ത ഒരു അപൂര്‍വ കാഴ്ച അരങ്ങേറി. സഫ്ദര്‍ എഴുതിവച്ച നാടകം കണ്ണീരടക്കിപ്പിടിച്ച മനസ്സുമായി ഭാര്യ മാലശ്രീ അടക്കമുള്ള സഖാക്കള്‍ തൊഴിലാളികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. രണ്ടു ദിവസംമുമ്പ് കൊലക്കത്തിക്കുമുന്നില്‍ പിടഞ്ഞുവീണതുകൊണ്ടുമാത്രം പൂര്‍ത്തിയാക്കാനാകാതെ ബാക്കിവച്ച സഫ്ദറിന്റെ നാടകം അവര്‍ പൂര്‍ണമാക്കി.

ഇടതുപക്ഷ രാഷ്ട്രീയത്തിന് സമര്‍പ്പിച്ചതായിരുന്നു സഫ്ദറിന്റെ ജീവിതം. ഡല്‍ഹി സര്‍വകലാശാല, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളിലായി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് സി.പി.ഐ.എമ്മില്‍ സജീവമായി. പി.ടി.ഐ വാര്‍ത്താ ഏജന്‍സി, ഇക്കണോമിക് ടൈംസ് ദിനപത്രം എന്നിവയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഡല്‍ഹി സര്‍വകലാശാലയിലും ഗഡ് വാള്‍, കശ്മീര്‍ സര്‍വകലാശാലകളിലുമൊക്കെ അധ്യാപകനായി. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും അദ്ദേഹം ജോലി ചെയ്തു.

1973ല്‍ തന്റെ 19ാമത്തെ വയസ്സില്‍ ‘ജനകീയ നാടകവേദി’ എന്നര്‍ഥമുള്ള ജനനാട്യമഞ്ചിന് സഫ്ദര്‍ രൂപം നല്‍കിയിരുന്നു. മുഴുവന്‍സമയ നാടകപ്രവര്‍ത്തകനാകാന്‍ 1983ല്‍ അദ്ദേഹം ജോലി രാജിവച്ചു. ദൂരദര്‍ശനില്‍ സീരിയലുകളായും ഡോക്യുമെന്ററികളായുമൊക്കെ സഫ്ദറിന്റെ രചനകള്‍ നിറഞ്ഞു.

ഒരു ജനകീയ കലാപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന് എക്കാലത്തേക്കുമുള്ള പേരാണ് സഫ്ദര്‍ ഹാശ്മി. അടിയന്തരാവസ്ഥയ്ക്കുശേഷം ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് സഫ്ദറിന്റെ രക്തസാക്ഷിത്വം.

ലോകം മുഴുവന്‍ തെരുവുനിറയ്ക്കുന്ന കാഴ്ചകളാണ് സഫ്ദറിന്റെ നാടകങ്ങള്‍. യുവാക്കളും സ്ത്രീകളുമടക്കം ഏറെപ്പേര്‍ ജനനാട്യമഞ്ചിന്റെ ഭാഗമായി. ഇന്ത്യയിലാകെ തെരുവുനാടകപ്രവര്‍ത്തകര്‍ക്ക് സഫ്ദര്‍ പ്രചോദനമായി. ജനനാട്യമഞ്ചിന്റെ ചുവടുപിടിച്ച് ഒട്ടേറെ തെരുവുനാടകസംഘങ്ങള്‍ വളര്‍ന്നുവന്നു. ഒരു ജനകീയ കലാപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന് എക്കാലത്തേക്കുമുള്ള പേരാണ് സഫ്ദര്‍ ഹാശ്മി. അടിയന്തരാവസ്ഥയ്ക്കുശേഷം ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് സഫ്ദറിന്റെ രക്തസാക്ഷിത്വം.

സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ഫാസിസം കാര്‍ന്നുതിന്നുന്നതാണ് നമ്മുടെ വര്‍ത്തമാനം. ഫാസിസം അധികാരസിംഹാസനങ്ങളിലേക്കും പടര്‍ന്നുകയറിയ കാലത്ത് സഫ്ദര്‍ ഒരു പ്രതിരോധത്തിന്റെ അടയാളമായിത്തീരുന്നു. തെരുവുകളില്‍ രാഷ്ട്രീയം സംസാരിച്ച് ഹൃദയങ്ങളിലേക്കു പടര്‍ന്ന വിപ്ലവകാരിയാണ് സഫ്ദര്‍. തെരുവുകള്‍ സമരഭരിതമാകുകയും പ്രക്ഷോഭകര്‍ വേട്ടയാടപ്പെടുകയും ചെയ്യുമ്പോള്‍ സഫ്ദര്‍ അനിവാര്യനാണെന്ന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ ഓര്‍മയില്‍ ചലച്ചിത്രകാരന്‍ ആനന്ദ് പട്വര്‍ധന്‍ എഴുതിയ കവിത.

‘സഫ്ദര്‍,
ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച നിനക്കു കാണാനായില്ല
ശേഷമുള്ള വിദ്വേഷവും കുരുതികളുമൊന്നും…
രമാഭായിയെ നിങ്ങള്‍ക്കു നഷ്ടമായി
ഒപ്പം മറ്റു ദലിത് കൂട്ടക്കൊലകളും…
ആണവബോംബിനോടുള്ള നമ്മുടെ രാജ്യത്തിന്റെ സ്‌നേഹം നിനക്കറിയാനായില്ല
2002ലെ ഗുജറാത്ത് വംശഹത്യയും
അയലത്തെ പാകിസ്ഥാനിലുള്ളതും
താലിബാന്‍ രൂപീകരണവും
ഒക്കെ നിനക്കു നഷ്ടമായി…
കൊലയാളികളുടെ കിരീടവാഴ്ചയും
നിനക്കു നഷ്ടമായി…
സകലതും കണ്ട ഞങ്ങള്‍ക്കോ നഷ്ടമായത്
നിന്റെ സാന്നിധ്യം.’

കടപ്പാട്: ദേശാഭിമാനി

Content Highlight: Safdar Hashmi memoir – Pv shebi writes

പി.വി. ഷെബി

Latest Stories

We use cookies to give you the best possible experience. Learn more