ന്യൂദല്‍ഹി: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമായ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം ആരാധനാലയമാക്കിയതിനെതിരെ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. മ്യൂസിയമായി മാറ്റി ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷം ഹാഗിയ സോഫിയയെ മസ്ജിദാക്കിയത് ഒരു മോശം തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
‘അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. പള്ളിയാക്കി മാറ്റണമെന്നാഗശ്രഹിക്കുന്നവരെ കോടതി പിന്തുണച്ചിട്ടുണ്ടാകം. എന്നാല്‍, ദേശീയവും അന്തര്‍ദേശീയവുമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ട് കുറച്ചുകൂടി പക്വമായ നിലപാട് തുര്‍ക്കി ജനത സ്വീകരിക്കണമായിരുന്നു’, സഫറുല്‍ ഇസ്‌ലാം ഖാന്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തെ അതിതീവ്ര വിഭാഗത്തെ ഈ തീരുമാനം സഹായിക്കുമെങ്കിലും ലോകത്തിന്റെ കണ്ണില്‍ മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ചേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
രണ്‍ജീത് സിങിന്റെ ഭരണകാലത്ത് ഗുരുദ്വാരയാക്കി മാറ്റിയിരുന്ന പഴയ ഷഹീദ്ഗഞ്ജ് മസ്ജിദ് വീണ്ടും മസ്ജിദ് ആക്കി മാറ്റണമെന്ന ആവശ്യം പാകിസ്താന്‍ കോടതികള്‍ തള്ളിക്കളഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലെ തെറ്റുകള്‍ തിരുത്താനിരുന്നാല്‍ പിന്നെ അതിനവസാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഹാഗിയ സോഫിയ യഥാര്‍ത്ഥത്തില്‍ ഒരു പള്ളിയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കള്‍ കരുതുന്നു. എന്നാല്‍ ജസ്റ്റീനിയന്‍ കാലഘട്ടത്തില്‍ എ.ഡി 539 ല്‍ നിര്‍മ്മിച്ച ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ കത്തീഡ്രല്‍ ആയിരുന്നു അത്. 1204-1361 നും ഇടയില്‍ അതൊരു റോമന്‍ കത്തോലിക് കത്തീഡ്രല്‍ ആയിരുന്നു. ഓട്ടോമന്‍ സാമ്രാജ്യം 1453 ല്‍ കോണ്‍സ്റ്റന്റനിപ്പോള്‍ കീഴടക്കിയപ്പോള്‍ ഇത് പള്ളിയാക്കി മാറ്റി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ക്രിസ്ത്യന്‍ പള്ളിയാണ് മസ്ജിദാക്കി മാറ്റിയത്.’
1935 ല്‍ മുസ്തഫ കമാല്‍ ഇത മ്യൂസിയമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമാക്കിയതായി വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരുന്നു.
ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതനിടെയാണ് എര്‍ദൊഗാന്റെ തീരുമാനം.
റഷ്യ, അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും യുനെസ്‌കോയും തുര്‍ക്കിയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഓട്ടോമന്‍ കാലഘട്ടത്തിലെ മുസ്ലിം പള്ളി കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ