സഫാരി സ്റ്റോം ന്യൂ വേര്‍ഷന്‍
Big Buy
സഫാരി സ്റ്റോം ന്യൂ വേര്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th November 2012, 2:06 pm

ഏറെ മാറ്റവുമായാണ് പുതിയ സഫാരി സ്‌റ്റോം വിപണിയിലെത്തുന്നത്. ആധുനിക ഹൈഡ്രോ ഫോം ഷാസിയും എന്‍ജിന്‍, ഗിയര്‍ബോക്‌സ്, സസ്‌പെന്‍ഷനും തുടങ്ങി അടിമുടി മാറിയ സഫാരി കൂടുതല്‍ മികവിലാണ് ഇപ്പോഴുള്ളത്. ഓഫ് റോഡിങ്ങിലും ഓണ്‍റോഡിങ്ങിലും സ്‌റ്റോം സഫാരിയില്‍ നിന്നും ഏറെ മുന്നിലാണ്.[]

ഉയര്‍ന്ന മുന്‍  ബമ്പറും വലിയ ക്രോമിയം ഗ്രില്ലും സ്‌റ്റോം എന്ന വിശാലമായ  ബ്രാന്‍ഡിങ്ങുമെല്ലാം സ്റ്റോമിനെ മുന്നില്‍ നിന്നുള്ള നോട്ടത്തില്‍ തികച്ചും പുതിയൊരു വാഹനമാക്കുന്നു.

ഫെന്‍ഡറും വീല്‍ ആര്‍ച്ചുകളും ഡോര്‍ ക്ലാഡിങ്ങും പിന്‍വശവും പുതുതാണ്. കാതലായ മാറ്റം പുതിയ ഷാസിയാണ്. ഹൈഡ്രോഫോം സാങ്കേതികതയില്‍ നിര്‍മിച്ച ഷാസി സ്ട്രക്ചറല്‍ റിജിഡിറ്റിയും ഓഫ് റോഡിങ് ശേഷിയും കൂട്ടുന്നതിന് പുറമെ യാത്രാസുഖവും മെച്ചപ്പെടുത്തുന്നു.

ഹാന്‍ഡ്‌ലിങ് മെച്ചപ്പെടാന്‍ പുതിയ സ്മൂത് സ്റ്റിയറിങ്ങും ക്ലച്ചും ബ്രേക്കും എല്ലാം ഉണ്ട്. നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കാണ് ഉള്ളത്. ഓട്ടത്തില്‍ സ്വിച്ചിട്ട് മാറ്റാനാവുന്ന നാലു വീല്‍ ഡ്രൈവ്. സെന്റര്‍ കണ്‍സോളില്‍ വോള്യം കണ്‍ട്രോളിനെ അനുസ്മരിപ്പിക്കുന്ന നാലു വീല്‍ നിയന്ത്രണ നോബും പുതുമയാണ്. പുതിയ ഷാസിയില്‍ മുന്‍ ട്രാക്കിന് വീതി കൂടിയത് ടേണിങ് റേഡിയസ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഡാഷ് ബോര്‍ഡ്,ഫാബ്രിക് സീറ്റുകള്‍,ഡോര്‍ ട്രിമ്മില്‍ ഫാബ്രിക് ഇന്‍സേര്‍ട്ട് തുടങ്ങി എല്ലാം പുതുമയിലാണ്. നല്ല വിസിബിലിറ്റി നല്‍കാനായി ഇന്‍ട്രമെന്റ് കണ്‍സോളും. ഹെഡ്‌ലാംപ് സ്വിച്ചുകള്‍ ജര്‍മന്‍ വാഹനങ്ങളിലേത് പോലെ ഡാഷ്‌ബോര്‍ഡിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

പുറത്തിറങ്ങി ദശകങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ജനം കൈവിടാത്ത സഫാരി വര്‍ഷം 20,000 യൂണിറ്റുകള്‍ വരെ ഇപ്പോഴും വില്‍ക്കുന്നുണ്ട്.