നസ്‌ലന്‍, മീനാക്ഷി ദിനേശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 18 പ്ലസ്. ‘ജോ ആന്റ് ജോ’ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന സിനിമ ജൂലായ് ഏഴ് മുതല്‍ പ്രദര്‍ശനത്തിയത്.
ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവന്‍, നിഖില വിമല്‍, സോഷ്യല്‍ മീഡിയ താരങ്ങളായ സാഫ് ബ്രോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈംമെന്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ പേരുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങള്‍ സംസാരിക്കുകയാണിപ്പോള്‍ ക്രൂ മെമ്പേഴ്‌സ്. സിനിമയുടെ പോസ്റ്റര്‍ സെര്‍ച്ച് ചെയ്ത സമയത്ത് വേറെ എന്തൊക്കയോ വന്നെന്ന് സാഫ് ബോയ് തമാശരൂപേണെ പറഞ്ഞു.
’18 പ്ലസിന്റെ പോസ്റ്റര്‍ സെര്‍ച്ച് ചെയ്ത സമയത്ത് വെറെ കുറെ വന്ന് ഞാന്‍ വഴി തെറ്റിപ്പോയിട്ടുണ്ട്(ചിരിക്കുന്നു). പിന്നീട് ഞാന്‍ തിരിച്ചുവന്നു,’ സാഫ് ബോയ് പറഞ്ഞു.
18 പ്ലസ് എന്നല്ലെങ്കില്‍ സിനിമക്ക് എന്തായിരിക്കും പേരിടുകയെന്ന ചോദ്യത്തിന് സംവിധായകന്‍ അരുണ്‍ ഡി. ജോസും അഭിമുഖത്തില്‍ മറുപടി പറഞ്ഞു.
‘അഖിലാണ്ഡമണ്ഡലം(ലോകംമുഴുവന്‍) എന്നായിരുന്നു 18 പ്ലസ് അല്ലെങ്കില്‍ തീരുമാനിച്ചിരുന്ന പേര്. ആ സമയത്ത് അത്തരം ടൈറ്റിലുകള്‍ ഒരുപാട് ഉണ്ടാതുകൊണ്ട് മാറ്റിയതാണ്. 18 പ്ലസ് എന്ന് മാത്രമായിരുന്നില്ല ആദ്യം ഉണ്ടായിരുന്നത്. 18 പ്ലസ് അ ആ എന്ന് കൂടെ ഉണ്ടായിരുന്നു. അത് അഖിലും ആതിരയും ആയിരുന്നു.
കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കാന്‍ സധ്യതയുള്ളത് കൊണ്ട് ഒഴിവാക്കിയതാണ്. ഇപ്പോള്‍ അ ആ എടുത്തുമാറ്റിയിട്ടും ആളുകള്‍ തെറ്റിദ്ധരിക്കുന്നു. സിനിമ ഇറങ്ങുമ്പോള്‍ ഈ തെറ്റിദ്ധാരണ മാറും എന്ന് വിചാരിക്കുന്നു,’ അരുണ്‍ ഡി. ജോസ് പറഞ്ഞു.