| Sunday, 2nd July 2023, 12:01 pm

ആകെ 18 റണ്‍സും എടുത്ത് രണ്ട് ക്യാച്ചും വിട്ട ധോണിക്ക് മാന്‍ ഓഫ് ദി മാച്ച്!! ഇത് അനീതിയല്ലേ?; തുറന്നടിച്ച് സയ്യിദ് അജ്മല്‍

സ്പോര്‍ട്സ് ഡെസ്‌ക്

2012-13ലെ ഇന്ത്യ – പാകിസ്ഥാന്‍ പരമ്പരയിലെ ഒരു മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്ക് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയതിനെതിരെ മുന്‍ പാക് സൂപ്പര്‍ താരം സയ്യിദ് അജ്മല്‍. മത്സരത്തില്‍ ധോണിയുടെ പ്രകടനം മികച്ചതായിരുന്നില്ല എന്നും അദ്ദേഹത്തിന് മാന്‍ ഓഫ് ദി മാച്ച് നല്‍കിയത് അനീതിയാണെന്നും അജ്മല്‍ പറഞ്ഞു.

നാദിര്‍ അലി പോഡ്കാസ്റ്റിലാണ് അജ്മല്‍ ധോണിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

‘അത് എന്റെ നിര്‍ഭാഗ്യമായിരുന്നു. ഞാന്‍ ഇന്ത്യയില്‍ കളിച്ച ഒരേയൊരു പരമ്പരയിലെ മൂന്നാം ഏകദിനമായിരുന്നു അത്. ഇന്ത്യന്‍ ടീമിനെ ഞാന്‍ 175ന് പുറത്താക്കിയിരുന്നു. ഞങ്ങള്‍ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചിരുന്നു, ആ രണ്ട് മത്സരത്തിലും വളരെ മികച്ച രീതിയിലാണ് ഞാന്‍ പന്തെറിഞ്ഞത്. മത്സരത്തില്‍ ഞാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി, എന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറിലൊന്നാണ് അത്.

എന്നാല്‍ 18 റണ്‍സോ മറ്റോ നേടുകയും രണ്ട് ക്യാച്ച് താഴെയിടുകയും ചെയ്ത ധോണിയെയാണ് അവന്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്. ഇത് തീര്‍ത്തും അനീതിയാണ്. ഇങ്ങനെ നല്‍കാനാണെങ്കില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് എന്താണ് അര്‍ത്ഥം?

ഒരു മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം ആരാണോ, അയാള്‍ക്കല്ലേ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കേണ്ടത്? എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു എന്ന ഒറ്റ കാരണത്താല്‍ മാന്‍ ഓഫ് ദി മാച്ച് രണ്ട് ക്യാച്ച് താഴെയിട്ട ധോണിക്ക് നല്‍കുകയായിരുന്നു,’ സയ്യിദ് അജ്മല്‍ പറഞ്ഞു.

ഒരുകാലത്ത് ഏകദിനത്തിലും ടി-20യിലും ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ബൗളറായ സയ്യിദ് അജ്മല്‍ കരിയറില്‍ ഒരിക്കല്‍പ്പോലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഏകദിനത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടും മാന്‍ ഓഫ് ദി മാച്ച് ലഭിച്ചിരുന്നില്ല എന്നതാണ് ഇതിലെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത.

2013 ജനുവരി ആറിന് ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.4 ഓവറില്‍ 167 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 36 റണ്‍സ് നേടിയ ധോണിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

പാകിസ്ഥാനായി സയ്യിദ് അജ്മല്‍ 24 റണ്‍സിന് ആഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഇര്‍ഫാന്‍ രണ്ടും ജുനൈദ് ഖാന്‍, ഉമര്‍ ഗുല്‍, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവരെയാണ് അജ്മല്‍ പുറത്താക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 157 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ആര്‍. അശ്വിനും പാകിസ്ഥാന്റെ പതനം വേഗത്തിലാക്കി. ജുനൈദ് ഖാന്‍ റണ്‍ ഔട്ടായപ്പോള്‍ ജഡേജയും ഷമിയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയത്.

Content highlight: Saeed Ajmal on MS Dhoni’s Man Of The Match Award

We use cookies to give you the best possible experience. Learn more