| Wednesday, 7th September 2022, 7:29 pm

ആ ദിവസം തൊഴിലാളിവര്‍ഗ ചരിത്രത്തില്‍ ഒറ്റിന്റെ ദിനമായി അടയാളപ്പെടുത്തപ്പെടും; ഒരു പോളിറ്റ്ബ്യൂറോ അംഗത്തിന്റെ കാര്‍മികത്വവും

സഈദ് അബി

സെപ്റ്റംബര്‍ അഞ്ചിന് തൊഴിലാളികള്‍ക്ക് പ്രധാനപ്പെട്ടൊരു ദിവസമാണ് എന്ന് കരുതിയിരുന്നു. മുഖ്യമന്ത്രിയുമായിട്ടുളള തൊഴിലാളി സംഘടനകളുടെ ചര്‍ച്ച വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു.

തിരുവനന്തപുരത്ത് ശുചീകരണതൊഴിലാളികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദത്തിനുള്ളില്‍ തൊഴിലാളികള്‍ പരിപൂര്‍ണമായി തോറ്റ് മടങ്ങിയ ഒരു പകലും രാത്രിയും ആരും അറിയാതെ പോയി. മാധ്യമങ്ങള്‍ മനോഹരമായി ഒളിപ്പിച്ച് വെച്ചു. ചരിത്രത്തില്‍ തോറ്റ് മടങ്ങേണ്ടി വന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഉള്ളിലൊതുക്കി ചിരിക്കാന്‍ ഒരു ദിവസം ലഭിച്ചു.

കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും തൊഴിലാളി സംഘടനകള്‍ വളരെ നേരത്തെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കോണ്‍ഗ്രസിന്റെ സംഘടന നേതാവ് എം. വിന്‍സെന്റ് എം.എല്‍.എ വിശദമായി സംസാരിക്കുകയും ചെയ്തു. ഇടത് തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ യോഗം അപ്പോഴും തുടരുകയായിരുന്നു. വൈകിയായിരുന്നു സി.ഐ.ടി.യുവിന്റെ പത്രക്കുറിപ്പ് വന്നത്, വായിച്ചപ്പോള്‍ ഞെട്ടലുണ്ടായെങ്കിലും നിയമസഭയിലും പുറത്തും എല്‍.ഡി.എഫ് അംഗങ്ങള്‍ എടുത്ത നിലപാടിന്റെ തുടര്‍ച്ചയില്‍ അനിവാര്യമായി സംഭവിച്ചൊരു ദുരിതമായി തന്നെ കണ്ടു.

അവസാന ഭാഗത്തൊരു പാരഗ്രാഫുണ്ട്;

‘മോട്ടോര്‍ ട്രാന്‍സ്പോര്‍ട് ആക്ട് 1961/62 പ്രകാരം ഡ്യൂട്ടികള്‍ ക്രമീകരിക്കുക. 12 മണിക്കൂര്‍ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം”.
എട്ട് മണിക്കൂര്‍ ഡ്യൂട്ടി എന്ന തൊഴിലാളികളുടെ മൗലിക അവകാശം സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അട്ടിമറിച്ചിരിക്കുന്നു.മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ താഴെ പാരമ്പര്യവും ചരിത്രവുമുള്ള ഇടത് തൊഴിലാളി സംഘടന ഒറ്റിന്റെ ഒപ്പ് ചാര്‍ത്തി.

84 വയസുള്ള ആനത്തലവട്ടം ആനന്ദന്‍ സഖാവിനെ അത് ന്യായീകരിക്കാന്‍ പാര്‍ട്ടിക്ക് പങ്കുള്ള ദൃശ്യമാധ്യമത്തില്‍ ചര്‍ച്ചക്ക് അയച്ചു. പിടിച്ചുവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ഓണസമ്മാനം എന്ന തലക്കെട്ടില്‍ തൊഴിലാളികള്‍ പിരിവ് നടത്തി ഉണ്ടാക്കിയ കൈരളി ചാനല്‍ ചര്‍ച്ച വെച്ചു.

1942ലാണ് ദേശാഭിമാനി ഒരു വീക്കിലിയായി ആദ്യമായി പുറത്തിറങ്ങുന്നത്. അന്ന് സെപ്റ്റംബര്‍ ആറ് ആയിരുന്നു. ഇതും ഒരു സെപ്റ്റംബര്‍ ആറാണ്. ഈ ദിവസത്തെ ദേശാഭിമാനിയുടെ ഫ്രണ്ട് പേജിലെ തലക്കെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണസമ്മാനം എന്നാണ്. പിടിച്ചുവെച്ച രണ്ട് മാസത്തെ ശമ്പളം തരുന്നത് തൊഴിലാളിക്ക് അധികാരവര്‍ഗം കൊടുക്കുന്ന സമ്മാനമാണത്രെ!

സി.പി.ഐ.എം ഭരിക്കുന്ന സര്‍ക്കാര്‍ ഇന്നിറക്കിയ പത്രക്കുറിപ്പില്‍ തൊഴിലാളിക്ക് ശമ്പളം തരാനുള്ള തീരുമാനം എടുത്തത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ചു എന്ന ഉറപ്പിലാണെന്ന് എഴുതിവെച്ചു.

ഈ പോസ്റ്റ് എഴുതുമ്പോള്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പില്‍ വരുത്താന്‍ ആദ്യത്തെ യോഗം വിളിക്കുന്ന വാര്‍ത്ത വരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള ഒരു കാലത്ത് തൊഴിലാളി രാഷ്ട്രീയത്തിന്റെ തോല്‍വിയുടെ കാരണങ്ങളായി എണ്ണുന്ന ഒന്നില്‍ രേഖപ്പെടുത്തുന്ന തീയ്യതിയാണ് സെപ്റ്റംബര്‍ 5, 2022.

ഒരു ചെറിയ നേതാവിന്റെ അവിവേകമായി കണ്ട് നേരിടേണ്ട ഒന്ന് മാത്രമാണ് ഇന്നലെ തലസ്ഥാന നഗരിയില്‍ കണ്ടത്.
പക്ഷെ, സഖാവ് എ.കെ.ജിയുടെ ഓര്‍മയില്‍ തിളങ്ങുന്ന മന്ദിരത്തോട് അധികം അകലെയല്ലാതെ അധികാര ഇടനാഴികയില്‍ വെച്ച് ചേര്‍ന്നൊരു മീറ്റിങ്ങില്‍ സംഭവിച്ചത് വെറും അവിവേകമല്ല.

അവിടെ പൊന്തിയ കറുത്ത പുകകള്‍ ലോകം അവസാനിക്കുന്ന കാലം വരെ അധ്വാനം കൊണ്ട് അന്നം കഴിക്കുന്ന തൊഴിലാളിയുടെ ആത്മവീര്യത്തെ ദ്രോഹിച്ച് കൊണ്ടിരിക്കും.

പണ്ടൊരിക്കല്‍ ബോണസും കൂലി വര്‍ധനവും ചോദിച്ച് മൂന്ന് കൊല്ലം കമ്യൂണിസ്റ്റുകാര്‍ സമരം നടത്തി. സര്‍ സി.പി തിരിഞ്ഞ് പോലും നോക്കിയില്ല, കമ്യൂണിസ്റ്റുകാര്‍ തകര്‍ന്നില്ല, തെരഞ്ഞെടുക്കുന്ന സഭകള്‍ക്ക് മുകളില്‍ സി.പിക്ക് അധികാരം കൊടുക്കുന്ന നിയമം പാസ്സാക്കാന്‍ രാജാവ് തീരുമാനിച്ചപ്പോള്‍ കമ്യൂണിസ്റ്റ് തൊഴിലാളികള്‍ എതിര്‍ത്തു. അത് മറികടക്കാന്‍ സര്‍ സി.പി തൊഴിലാളി നേതാക്കളെ മീറ്റിങ്ങിന് വിളിച്ചു. ബോണസടക്കം എല്ലാം നല്‍കാമെന്ന വാക്കിലും തൊഴിലാളികള്‍ വീണില്ല. രാഷ്ട്രീയം വിട്ടൊരു തൊഴിലുമില്ല എന്നായിരുന്നു തൊഴിലാളി നേതാക്കളുടെ നിലപാട്.

ശമ്പളം തന്നില്ലെങ്കിലും സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ പേജില്‍ ഒപ്പ് ചേര്‍ക്കില്ല എന്ന് സി.ഐ.ടി.യു പറയണമെന്ന് ആഗ്രഹിച്ചവരായിരുന്നു തൊഴിലാളികള്‍. എന്നാല്‍ അത് സംഭവിച്ചു. ഇന്ന് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ ഒപ്പ്  ശേഖരണം തുടങ്ങീട്ടുണ്ട്. അംഗീകൃത തൊഴിലാളി യൂണിയനുകളുടെ അംഗീകാരം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഭീമ ഹരജിക്കാണ് നീക്കം. എല്ലാ നേതാക്കള്‍ക്കും നല്‍കിയിരിക്കുന്ന സൗജന്യങ്ങളും അധികാരവും എടുത്ത് കളയാമെന്നാണ് ആവശ്യം. കാര്യമായി സംഭവിക്കാനൊന്നും പോവുന്നില്ല, എന്നാല്‍ ആ ഹരജിയില്‍ വീഴുന്ന എല്ലാ ഒപ്പുകളും ഒറ്റിന് കൂട്ട് നില്‍ക്കാത്ത മഷി കൊണ്ടുള്ളതാകും.

എല്ലാ രംഗത്തും 12 മണിക്കൂര്‍ ഡ്യൂട്ടി എന്ന ഭാവിയിലെ വാളിനെതിരെ സംഘടിക്കാന്‍ പുറത്തുള്ള എല്ലാ തൊഴിലാളി സഖാക്കള്‍ക്കും കഴിയട്ടെ…

ലാല്‍ സലാം!

Content Highlight: Saeed Aby writes about the KSRTC workers protest and the decision made after meeting with the government of Pinarayi Vijayan

സഈദ് അബി

Latest Stories

We use cookies to give you the best possible experience. Learn more