കുറെ ദിവസങ്ങള്‍ക്ക് ശേഷം മാതൃഭൂമി ചാനല്‍ പ്രതികരിച്ചിരിക്കുന്നു. മലയാളം മുഴുവന്‍ മീശയുടെ ആവിഷ്‌കാര സ്വതന്ത്ര്യത്തിനും കഥാകൃത്തിന്റെ അവകാശത്തിനും കൂടെ നിന്നപ്പോഴും മാതൃഭൂമി അനങ്ങിയില്ല. ഇതുവരെ മാതൃഭൂമി കാരണം അറിയപ്പെട്ടവരും ഇനി അറിയപ്പെടാനുള്ളവരും സംഘപരിവാറിനെതിരെ ഉറഞ്ഞ് തുള്ളി.
കെ ടി കുഞ്ഞികണ്ണനൊഴിച്ച് ഒരു എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മാതൃഭൂമിയുടെ പൂര്‍വ്വകാല സംഘാനുകൂല നിലപാടിലെ പ്രശ്‌നത്തെ പറ്റി സംസാരിച്ചില്ല. ഇനിയും കഥയും കവിതയുമെഴുതാന്‍ അവര്‍ മാതൃഭൂമിക്ക് മുമ്പില്‍ കുമ്പിട്ട് വണങ്ങി. ഒരു ഉളുപ്പുമില്ലാതെ മോഡിയെ തെറിവിളിച്ചപ്പോഴും പി.വി ചന്ദ്രന്റെ നിലപാടിനെ പറ്റി മിണ്ടിയില്ല.
മാതൃഭൂമിയും മനോരമയും വെറും മാധ്യമസ്ഥാപനങ്ങളല്ല, മലയാളിയുടെ വര്‍ത്തമാനരോഗമായി മാറി കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണെന്ന ബോധ്യം ഇപ്പോഴും ഇവര്‍ക്ക് മുളക്കാത്തത് കൊണ്ടല്ല. വൃത്തികെട്ട അടിമത്വം, അവഗണിക്കുമോ എന്ന ഭയം. നോവലിസ്റ്റ് അഭിലാഷ് മേലതില്‍ പറഞ്ഞ പോലെ സിനിമാ പ്രശ്‌നത്തില്‍ കെ വേണുവിന് ഒരു ലേഖനം എഴുതാനുള്ള ഇടം മാതൃഭൂമിയല്ലാതെ ആര് കൊടുക്കും. (ആര്‍ക്ക് അറിയണം ഇവരുടെ ഒക്കെ വമ്പിച്ച, തുരുമ്പിച്ച നിരീക്ഷണങ്ങള്‍).
വിവാദം തുടങ്ങി രണ്ടാം വാരം മാതൃഭൂമി ചാനല്‍ രാത്രിചര്‍ച്ചയ്ക്ക് വിഷയമെടുത്തു. വേണുവാണ് അവതാരകന്‍, പഴയ വീര്യമൊന്നുമില്ല. കരച്ചിലാണ്. രോഷ പ്രകടനമൊന്നുമില്ല, പതുക്കെയാണ്. പിന്നീട് വന്നത് സാക്ഷാല്‍ വീരേന്ദ്രകുമാറാണ്. അയ്യോ നമ്മ ഭയങ്കരമായ ചരിത്രമുള്ളവരാണ് എന്നതാണ് ഉള്ളടക്കം.
ഗാന്ധി മാതൃഭൂമിയുടെ പടികേറിയിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഗാന്ധി വന്നിടത്തേക്കാണ് ഞങ്ങള്‍ (മാതൃഭൂമിയിലെ ഓരോ ജീവനകാരനും.) കയറുന്നത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം, ചിരി വന്നു. എന്തൊരു വ്യാജന്‍മാരാണ് ഇവരൊക്കെ. എന്റെ ഉപ്പൂപ്പാക്ക് ഉണ്ടായിരുന്ന തയമ്പൊക്കെ തങ്ങള്‍ക്കുണ്ട് എന്ന് കുഴിയാന സ്വന്തമായി ഇല്ലാത്തവര്‍ നിലവിളിക്കുന്നു.
Read Also : ഇംറാന്റെ ഇന്നിങ്സ് ഇന്ന് തുടങ്ങും, കശ്മീരല്ലാതെ മറ്റെന്തുണ്ട് ഫീല്‍ഡില്‍? ഇന്ത്യയും കാത്തിരിക്കുന്നു
വീരേന്ദ്രകുമാര്‍ തന്നെ ഇതൊക്കെ പറയണം എന്നത് തന്നെയാണ് ചന്ദ്രന്റേയും മറ്റ് മാതൃഭൂമികാരുടേയും താല്പര്യം. അപ്പോഴാണല്ലോ ജനങ്ങള്‍ കൂടുതല്‍ തെറ്റിദ്ധരിക്കുക, മാതൃഭൂമിയെന്നാല്‍ മുഴുവന്‍ വീരേന്ദ്രകുമാറാണ് എന്നൊക്കെ ജനം കരുതുകയും മാതൃഭൂമിയുടെ എല്ലാ അശ്ലീലവും വീരന്‍ വഴി ഇടതിന്റെ ചുമലില്‍ വീഴുകയും ചെയ്യും, ചന്ദ്രനപ്പോഴും ചിരിക്കാം. മുട്ടിലിഴഞ്ഞാണ് കാര്യങ്ങളുടെ പോക്ക്.
“”ഞങ്ങള്‍ക്ക് അടച്ച് പൂട്ടേണ്ടി വന്നു സര്‍, തൃപ്പൂണിത്തറയില്‍ ഞങ്ങളുടെ സ്റ്റാള്‍ “” എന്നാണ് വേണു വിനീതവിധേയനായി സംഘപരിവാര്‍ നേതാവിനോട് പറയുന്നത്. ചര്‍ച്ചയുടെ തുടക്കത്തില്‍ മാതൃഭൂമികെതിരെ പ്രതികരിക്കുന്നവര്‍ അവനവന് തന്നെ എതിരാണ് എന്ന് വേണു പറയുന്നുണ്ട്. ഓരോ മാതൃഭൂമികാരനും ഓരോ സംഘിയാണ് എന്ന് സംഘപരിവാറിന് ബോധ്യമില്ലെങ്കിലും മാതൃഭൂമിക്കുണ്ട് എന്ന് ചുരുക്കം.
മാതൃഭൂമിയെ വിമര്‍ശിക്കുന്ന രീതി കുറച്ച് അതിശയോക്തി കലര്‍ന്നതല്ലേ എന്ന കൗതുകം ചിലര്‍ വ്യക്തിപരമായി എന്നോട് ഈ അടുത്ത ദിവസങ്ങളില്‍ പങ്കുവെച്ചു. ഭൗര്‍ഭാഗ്യവശാല്‍ വാണിജ്യമൂല്യത്തിലടിസ്ഥാനമായ ചലിക്കുന്ന ആധുനിക ദൃശ്യമാധ്യമസംസ്‌കാരത്തെ അവര്‍ കൃത്യമായി മനസ്സിലാക്കുന്നില്ല എന്നതാണ് നേര്.
മാതൃഭൂമി ദിവസങ്ങള്‍ക്ക് ശേഷം ഈ വിഷയം ഒന്നര മണിക്കൂര്‍ ചര്‍ച്ച ചെയ്തത് എന്തിനായിരിക്കും.?,
അവര്‍ക്ക് ധാര്‍മ്മികതയുടെ, ജനാധിപത്യത്തിന്റെ, ആവിഷ്‌കാരത്തിന്റെ, കലയുടെ പ്രാഥമികമായ തോല്‍വിയല്ല പ്രശ്‌നം. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ ഹരീഷിനെ പരസ്യപ്പെടുത്താനെങ്കിലും ശ്രമിക്കുമായിരുന്നു. ഓരോ സംഘിയും വീട് വീടാന്തരം കയറി ഇറങ്ങി മാതൃഭൂമിക്ക് പകരം ജന്മഭൂമി വാങ്ങൂ എന്ന് പറഞ്ഞ് തുടങ്ങിയപ്പഴാണ് മാതൃഭൂമിക്ക് ഇളക്കം തട്ടിയത്. സര്‍ക്കുലര്‍ കുറയുന്നതിന്റെ ആവലാതി, മാര്‍ക്കറ്റിങ് ഒറ്റപ്പെടുമോ എന്ന കടുത്ത ഭയം. അതിന്റെ ഓരം ചേര്‍ന്നിരുന്നപ്പോഴാണ് പെട്ടെന്ന് നിലവിളിക്കാന്‍ തോന്നിയത്. അല്ലാതെ ഗാന്ധി കയറിയ പടി കണ്ട് കണ്ണീരുറ്റിയതല്ല. ഇത് പക്ഷെ വേണു ബാലകൃഷ്ണന്‍ സമ്മതിക്കാന്‍ വഴിയ്യില്ല.
മാതൃഭൂമിക്ക് പരസ്യം നല്‍കുന്ന സ്ഥാപനങ്ങളും സംഘികള്‍ ലക്ഷ്യം വെച്ചു. ആ സ്ഥാപന മേധാവിയെ കണ്ട് തിരുത്താനാവശ്യപ്പെടുന്നു. അയാള്‍ നിരസ്സിച്ചപ്പോള്‍ അയാളുടെ ഭാര്യയേയും പെണ്‍മക്കളേയും പോയി കാണുന്നു. എത്ര സങ്കീര്‍ണ്ണമായ അജണ്ടയാണ് സംഘപരിവാര്‍ നിര്‍വഹിക്കുന്നത് എന്ന് നോക്കണം. ആ അജണ്ടയില്‍ മീശയല്ല, കീശയാണ് മാതൃഭൂമിയുടെ വിഷയം. അതിലേക്ക് പാവം ഗാന്ധിയെ കൊണ്ട് വന്ന് പ്രതിരോധം തീര്‍ക്കുന്നത് ഗാന്ധിയെ മാതൃഭൂമി കൊല്ലുന്നതിന് തുല്യമാണ്.
എല്ലാത്തരം വേവലാതികളേയും മുറിച്ച് കളഞ്ഞ് കൃത്യമായ നിലപാട് പറഞ്ഞിരുന്നു ഇടത്പക്ഷം.ആ പക്ഷത്തെ പറ്റി ഒരു മുറിവാക്ക് മാതൃഭൂമി മൊഴിഞ്ഞിട്ടില്ല. സെക്രട്ടറിയേറ്റില്‍ സ്‌കൂട്ടറുമായി വന്ന സന്ധ്യയുടെ ബന്ധുവീട്ടിലെ പറമ്പില്‍ ആരോ വെട്ടിയ വാഴ “ഇടത് ഫാസിസത്തിന്റെ” അടയാളമായി ആഘോഷിച്ച ഒരു മാധ്യമമാണ് മാതൃഭൂമി.
ചര്‍ച്ചയില്‍ പവിത്രന്‍ തീക്കുനിയുടെ പര്‍ദയെ പറ്റി സംഘപരിവാര്‍ നേതാവ് എം.എസ് കുമാര്‍ പറഞ്ഞു. വേണു ക്ഷമയോടെ കേട്ടിരിക്കുകയാണ് അതേ തീക്കുനിയുടെ സീത എന്ന കവിതക്ക് നേരെ സംഘികള്‍ ഫെയ്‌സ് ബുക്കില്‍ ഭരണിപ്പാട്ട് നടത്തിയപ്പോഴും ചാനലുകളും പൊതുസമൂഹവും അനങ്ങിയിരുന്നില്ല. അങ്ങനെ അനങ്ങേണ്ടതായ ഒന്നായിരുന്നില്ല അത്. ഒറ്റ രാത്രി ഫെയ്സ് ബുക്കില്‍ ഇളകിയാടുന്ന മതതീവ്രവാദികള്‍കെതിരെ പ്രതികരിക്കാനിരുന്നാല്‍ അതിന് മാത്രമേ സമയം കാണൂ.
പര്‍ദക്കെതിരേയും ഈ തരത്തിലാണ് വര്‍ഗ്ഗീയവാദികള്‍ രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും ഓരോ വിഷയം തീവ്രവാദികള്‍ക്ക് ഉണ്ടാകും. ഓരോ മണിക്കൂറില്‍ ഓരോ കള്ളപ്രചാരണങ്ങള്‍ വൈറലാക്കുന്ന സിസ്റ്റമുള്ള സംഘപരിവാറാണ് ഇത് പറയുന്നത്. പര്‍ദ്ദയെന്ന് കേട്ടപ്പോള്‍ വേണു മിണ്ടിയില്ല. മാതൃഭൂമി അഡ്മിറ്റ് ചെയ്യുകയായിരുന്നു ആദ്യം, ഞങ്ങള്‍ തെറ്റ് ചെയ്തു എന്ന്.
തിരുത്തേണ്ടത് സംഘപരിവാറല്ല. അവരുടെ അടിസ്ഥാനശിലാ നിര്‍മ്മാണത്തിന് തന്നെ പുസ്തകങ്ങള്‍ കുഴിച്ചിട്ടാണ് മണ്ണ് മാന്തിയെടുത്തത്. അത് കൊണ്ട് അവരോട് വേദാന്തമോതിയിട്ടും കാലുപിടിച്ചുമല്ല നേരിന്റെ വേര് മുളപ്പികേണ്ടത്. എതിര്‍ത്ത് തോല്‍പ്പിച്ച് കൊണ്ടാണ്.
തിരുത്തേണ്ടത് മാതൃഭൂമിയാണ്. ഇതുവരെ ശീലിച്ച സംഘപരിവാര്‍ അനുഭാവങ്ങള്‍ കാട്ടിലെറിയണം. വെറുതെ ചോദിച്ച് പോവുന്നതാണ്..