|

ആതിഥേയനെ വെറുപ്പിക്കാതെ അവര്‍ തരുന്ന ഭക്ഷണം കഴിക്കുക, കുഴിമന്തി തന്നെ വേണമെന്ന് വാശിപിടിക്കരുത്; കേക്ക് വിവാദത്തില്‍ സാദിക്കലി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്രിസ്മസ് കേക്ക് മുറിച്ചതും കഴിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി സാദിക്കലി തങ്ങള്‍.

ആരെങ്കിലും സ്‌നേഹപൂര്‍വം സല്‍കരിച്ചാല്‍ അവര്‍ തരുന്ന അനുവദിനീയമായ ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ കുഴിമന്തി തന്നെ വേണമെന്ന് വാശിപിടിച്ച് ആതിഥേയനെ വെറുപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ കോണ്‍വെക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരോടും സൗഹൃദം കാത്തു സൂക്ഷിക്കണമെന്നും അതാണ് ഇന്നത്തെ ലോകത്തിന് ആവശ്യമുള്ളതെന്നും സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ആരെങ്കിലുമൊക്കെ ക്ഷണിച്ചാല്‍ പോവുക. അവരെന്തെങ്കിലും കാര്യമായി സല്‍ക്കരിച്ചാല്‍ നിങ്ങള്‍ക്കത് ഭക്ഷിക്കാം. അല്ലാതെ, എനിക്ക് കുഴിമന്തിയേ പറ്റൂ എന്ന് പറയേണ്ട. അവര്‍ക്കിഷ്ടമുള്ളതായിരിക്കും നമുക്ക് തരുന്നത്. നമ്മളത് കഴിക്കുക. അവര്‍ക്കത് സന്തോഷമാണ്. അതല്ലാതെ അവരെ നമ്മള്‍ വെറുപ്പിക്കേണ്ടതില്ല, സാദിക്കലി തങ്ങള്‍

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് അതിരൂപത ആസ്ഥാനത്തെത്തിയ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം കേക്ക് മുറിക്കുകയും കഴിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ നേതാവായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സാദിക്കലി തങ്ങള്‍ക്കെതിരെ വിമര്‍ശനവമായി രംഗത്തുവന്നത്.

മറ്റുമതസ്ഥരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണ് എന്നായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവിന്റെ വിമര്‍ശനം. ഇതിനുള്ള പരോക്ഷമറുപടിയാണ് സാദിക്കലി തങ്ങള്‍ ഇന്നലെ ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന പരിപാടിയില്‍ നല്‍കിയിരിക്കുന്നത്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങലെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു സാദിക്കലി തങ്ങളുടെ മറുപടി എന്നതും ശ്രദ്ധേയമായി.

അതേസമയം, തന്റെ വിമര്‍ശനം സാദിക്കലി തങ്ങള്‍ക്കെതിരായിരുന്നില്ല എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹമീദ് ഫൈസി അമ്പലക്കടവ് തിരുത്തിയിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് അനുകൂല വിഭാഗവും തയ്യാറായിരുന്നില്ല എന്നാണ് പിന്നീട് വന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.

ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ അണികള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് ലീഗ് നേതാവായ ഷാഫി ചാലിയവും വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പറഞ്ഞിരുന്നു.

content highlights: Sadiqali thangals’s response to the Christmas cake controversy.

Video Stories