| Sunday, 8th May 2022, 4:21 pm

'മലപ്പുറത്ത് മുതലാളിമാര്‍, തൃക്കാക്കരയില്‍ പ്രൊഫഷണലുകള്‍'; എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥി ക്ഷാമമെന്ന് സാദിഖലി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നേറുന്നതിനിടെ എല്‍.ഡി.എഫിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥി ക്ഷാമമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. 24ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃക്കാക്കരയില്‍ പ്രൊഫഷണലുകളെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നത്. മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നത് മുതലാളിമാരെയാണ്. വിജയ സാധ്യത കുറവായതിനാലാണ് ഇത്തരം തീരുമാനങ്ങള്‍ എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. അങ്ങനെയൊരു തീരുമാനമാണ് തൃക്കാക്കരയിലും ഉണ്ടായിരിക്കുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ദൗത്യം, അത് തൃക്കാക്കരയിലും ചെയ്യുമെന്നും സാദിഖലി പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായ സഭാ സ്ഥാനാര്‍ത്ഥി ആരോപണം സാദിഖ് അലി തങ്ങള്‍ തളളി. ക്രിസ്ത്യന്‍ സഭകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാഷ്ട്രീയമാണ് ചര്‍ച്ചയാകേണ്ടതെന്നും സാദിഖലി പറഞ്ഞു.

യു.ഡി.എഫ് കോട്ടയായ തൃക്കാക്കരയില്‍ വിജയമുറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിന് അനുയോജ്യയായ സ്ഥാനാര്‍ത്ഥിയെയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. വൈകാരികമായി മണ്ഡലത്തോട് ബന്ധമുള്ളതിനാല്‍ ഉമ തോമസിന്റെ വിജയം മുന്നികണ്ടുതന്നെയാണ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃക്കാകരയിലെ സ്ഥാനാര്‍ഥി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് മന്ത്രി പി.രാജീവിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സഭയുടെ സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് രാജീവാണ്. യു.ഡി.എഫിന്റെ അശ്വമേധമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ എന്നും സതീശന്‍ പറഞ്ഞു.

നേരത്തെ, താന്‍ മാത്രമാണ് കോണ്‍ഗ്രസിലെ നേതാവ് എന്ന് തെളിയിക്കാനാണ് വി.ഡി. സതീശന്റെ ശ്രമം എന്ന് പി. രാജീവ് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഒരു അശ്വമേധമാണിതെന്നും പറഞ്ഞിരുന്നു.

CONTENT HIGHLIGHTS:  Sadiqali Thangal criticizes the LDF during the election campaign in Thrikkakara

We use cookies to give you the best possible experience. Learn more