| Saturday, 27th February 2021, 7:00 pm

1960ല്‍ മലപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിക്കെതിരെ മുസ്‌ലിങ്ങള്‍ രംഗത്ത് എത്തിയെന്ന് സാദിഖലി തങ്ങള്‍; മലപ്പുറത്തെ മുസ്‌ലിങ്ങളെ അപമാനിക്കുന്നത് നിര്‍ത്തണമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: 1960 ല്‍ ക്രിസ്ത്യന്‍ പള്ളിക്കെതിരെ മലപ്പുറത്തെ മുസ്‌ലിം മതസ്ഥര്‍ രംഗത്ത് എത്തിയെന്ന് മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍.

1960 ല്‍ മലപ്പുറം ടൗണില്‍ ഒരു ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കാന്‍ തീരുമാനം ആയെന്നും എന്നാല്‍ പ്രാദേശിക മുസ്‌ലിങ്ങള്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചെന്നുമായിരുന്നു സാദിഖലിയുടെ പ്രസ്താവന.

തുടര്‍ന്ന് സാദിഖലി ശിഹാബ് തങ്ങളുടെ പിതാവായ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ ഇടപ്പെട്ട് പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് പള്ളി വരാന്‍ കാരണമായെന്നും ആയിരുന്നു സാദിഖലിയുടെ പരാമര്‍ശം.

മനോരമ ന്യൂസിനോട് ആയിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന.  എന്നാല്‍ സാദിഖലിയുടെ പ്രസ്താവന മലപ്പുറത്തെ മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണെന്നും സാദിഖലിയുടെ പിതാവ് ഉള്ളത് കൊണ്ടാണ് മലപ്പുറത്ത് ക്രിസ്ത്യന്‍ പള്ളി ഉണ്ടായതെന്നുമുള്ള പ്രസാവന കള്ളമാണെന്നുമാണ് ഉയരുന്ന വിമര്‍ശനം.

മുസ്‌ലിം ലീഗ് ഇല്ലെങ്കില്‍ മലപ്പുറത്തെ മുസ്‌ലിങ്ങള്‍ കത്തിയെടുക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളായെന്നും മലപ്പുറത്തെ മുസ്‌ലിങ്ങളുടെ ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലുള്ളതാണ് ഈ പ്രസ്താവനയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

1960 കളില്‍ പള്ളി നിര്‍മ്മാണവുമായി തീരുമാനം എടുക്കേണ്ടിയിരുന്നത് പഞ്ചായത്ത് ആയിരുന്നില്ല ജില്ലാ കളക്ടര്‍ ആയിരുന്നെന്നും മലപ്പുറത്തെ ജനങ്ങളുടെ സാമുദായിക ഐക്യത്തെ ചോദ്യം ചെയ്യുന്ന, വെല്ലു വിളിക്കുന്ന പ്രസ്താവനയാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൂടിയായ സാദിഖലി തങ്ങള്‍ നടത്തിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടും മുസ്‌ലിം ലീഗ് സമാനമായ പ്രസ്താവന നടത്താറുണ്ടെന്നും ലീഗ് ഉള്ളത് കൊണ്ടാണ് അന്ന് മുസ്‌ലിങ്ങള്‍ കലാപത്തിന് ഇറങ്ങാത്തതെന്നുമുള്ള പ്രചാരണം കേരളത്തിലെയും പ്രത്യേകിച്ച് മലപ്പുറത്തെയും മുസ്‌ലിം സമുദായത്തിനെ അപമാനിക്കുന്നതും അവരുടെ അത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

സാമുദായിക സന്തുലനാവസ്ഥ മോശമാണെന്നും മറ്റു മതങ്ങള്‍ക്ക് മലപ്പുറത്ത് സ്ഥാനമില്ലെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് ചൂട്ട് പിടിച്ച് നല്‍കാന്‍ എന്താണ് മുസ്‌ലിം ലീഗ് നേതാവായ സാദിഖലി തങ്ങള്‍ക്കിത്ര വ്യഗ്രതയെന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.

നേരത്തെ ഹാഗിയ സോഫിയ പള്ളിയുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങള്‍ ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഴുതിയ ലേഖനം വിവാദമായിരുന്നു. തുടര്‍ന്നാണ് ലേഖനത്തിന്റെ പേരില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞത്. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല ലേഖനം. ക്രൈസ്തവരോട് എന്നും ആദരവും സ്‌നേഹവും പാണക്കാട് കുടുംബത്തിനുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sadiqali Thangal alleges that Muslims came out against a Christian Church in Malappuram in 1960; Social media ask him stop insulting Muslims in Malappuram

We use cookies to give you the best possible experience. Learn more