| Monday, 7th March 2022, 9:46 am

മുസ്‌ലിം ലീഗ് പ്രത്യേക ഉന്നതാധികാര യോഗം ഇന്ന്; സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം തീര്‍ത്ത നിരാശക്കിടെയാണ് യോഗം ചേരുന്നത്.

യോഗത്തില്‍ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കും. നേരത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി കിടന്ന സമയത്ത് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല താല്‍കാലികമായി വഹിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നു.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി പ്രസിഡന്റായി തെരഞ്ഞെടുക്കുകയെന്ന പരിപാടി മാത്രമായിരിക്കും ഉണ്ടാവുക എന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന സൂചന.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചേയാണ് കബറടക്കിയത്. കബറടക്കം പുലര്‍ച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ നടന്നു.

ജനത്തിരക്ക് കാരണം മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം പന്ത്രണ്ടരയോടെ നിര്‍ത്തി മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

മുഹമ്മദലി ശിഹാബ് തങ്ങളുടെ കബറിടത്തിന് അടുത്തായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കബറിടം ഒരുക്കിയത്. പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വലിയ ജനക്കൂട്ടമായിരുന്നു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളിലും പിന്നീട് പാണക്കാട് വീട്ടിലേക്കും എത്തിയത്.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറുമായിരുന്നു ഹൈദരലി തങ്ങള്‍.

അര്‍ബുദത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി മരണം സംഭവിക്കുകയായിരുന്നു


Content Highlights:  Sadiqali Shihab Thangal will be the Muslim League state president

We use cookies to give you the best possible experience. Learn more