മലപ്പുറം: സി.ഐ.സിയുടെ ഭരണ ചുമതല സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍.
വിവാദങ്ങള്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കില്ലെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും വാഫി-വഫിയയില്‍ പഠിക്കുന്നവര്‍ സമസ്തക്കാര്‍ തന്നെയാണെന്നും ജിഫ്രി കോയ തങ്ങള്‍ പറഞ്ഞു.
സി.ഐ.സിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി അദൃശേരി രാജിവെച്ചതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സമസ്ത നേതാക്കള്‍. ജിഫ്രി കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും സംയുക്തമായാണ് മാധ്യമങ്ങളെ കണ്ടത്.
‘വാഫി-വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയുടെ തീരുമാനം അനുസരിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍, ജനറല്‍ സെക്രട്ടി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.ഐ.സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളും കൂടി ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും പരസ്പരം വിലയിരുത്തി. ഇതനുസരിച്ച് നിലവില്‍ വാഫി-വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കയും പ്രയാസവും ഇല്ലാതെ സ്ഥാപനവും ഭരണവും മുന്നോട്ട് കൊണ്ടുപോകാന്‍ ധാരണയായി.
ഇതുസംബന്ധിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിനും സി.ഐ.സി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങളെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാരും ചുമതലപ്പെടുത്തുന്നു,’ സമസ്തയുടെ പ്രസ്താവനയില്‍ പറയുന്നു.
സംഘടനാവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസമായിരുന്നു ഹക്കീം ഫൈസി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇതിന് പിന്നാലെ സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.
താന്‍ രാജിവെച്ചാല്‍ 118 പേര്‍ സി.ഐ.സിയില്‍ നിന്ന് രാജിവെക്കുമെന്നും ഹക്കീം ഫൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. സമസ്ത ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അവ അംഗീകരിച്ചതുകൊണ്ടല്ല രാജിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ രാജി കാരണം നിലവില്‍ വാഫി കോഴ്സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അനാഥമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ ബോഡി വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നുവെന്നും ഹക്കീം ഫൈസി പറഞ്ഞു. സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് രാജി സമര്‍പ്പിക്കുന്നതെന്നും ഹക്കീം ഫൈസി പറഞ്ഞു.