| Saturday, 17th July 2021, 1:48 pm

ഹാഗിയ സോഫിയയില്‍ പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കിയില്ല; വിഷയം വഷളാക്കിയത് ഇടത് സൈബര്‍ അണികള്‍: സാദിഖലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹാഗിയ സോഫിയ വിവാദത്തിലുള്ള ചന്ദ്രികയിലെ ലേഖനം പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാതെ എഴുതിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍. ലേഖനത്തില്‍ ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇടതുപക്ഷ സൈബര്‍ അണികളാണ് ഹാഗിയ സോഫിയാ വിഷയം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാര വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സത്യത്തില്‍ ആ ലേഖനം ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തി കൊണ്ട് എഴുതിയതല്ല. അവിടത്തെ ഒരു ചരിത്രം പറഞ്ഞെന്നേയുള്ളൂ. ഹാഗിയ സോഫിയ തന്നെ പലപ്പോഴും ചര്‍ച്ചും പള്ളിയുമൊക്കെയായിട്ടുണ്ട്.

അത്താതുര്‍ക്ക് അതിനെ മ്യൂസിയമാക്കി മാറ്റി. ആ നടപടി റദ്ദുചെയ്ത് മ്യൂസിയത്തെ പളളിയാക്കാന്‍ അവിടുത്തെ കോടതിയാണ് പറഞ്ഞത്. അക്കാര്യം ലേഖനത്തില്‍ എടുത്തു പറയുക മാത്രമാണ് ചെയ്തത്,’ സാദിഖലി തങ്ങള്‍ പറഞ്ഞു.

പക്ഷേ, ഇതിനു പിന്നിലെ പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നത് വാസ്തവമാണ്. ഇടതുപക്ഷക്കാരായ ചില സൈബര്‍ വക്താക്കളാണ് ഇതിനെ വഷളാക്കിയത്. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ പലരും തെറ്റിദ്ധരിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തോട് നമ്മള്‍ എതിരല്ല. അവരുടെ വേദനയില്‍ താന്‍ ക്ഷമചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സംവരണ നിലപാടായിരുന്നു ക്രിസ്തീയ സമുദായത്തെ സ്വാധീച്ചതെന്നാണ് വിലയിരുത്തലെന്നും അവര്‍ക്കിടയിലെ ഇടതുപക്ഷ അനുഭാവികള്‍ ലേഖനത്തെ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും അഭിമുഖത്തില്‍ പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് വീണ്ടും മത്സരിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായോ എന്ന ചോദ്യത്തിന്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗീയ അജണ്ടയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തില്‍ ചെന്നിത്തല മാത്രം പോര, ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വേണമെന്നത് യു.ഡി.എഫിന്റെ ഒരു പൊതു നയമായിരുന്നു. അതാണ് ലീഗ് നടപ്പാക്കിയത്. പക്ഷേ, ഇതിനെ ഹസന്‍ അമീര്‍-കുഞ്ഞാലിക്കുട്ടി എന്ന വര്‍ഗീയ സമവാക്യത്തില്‍ കണ്ടത് ഇടതുപക്ഷമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവ് ഇപ്പോള്‍ ലീഗില്‍ ഉണ്ടെന്നും മുമ്പ് അതുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുറഹ്മ പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍, രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ പിന്നിലായി. പാര്‍ട്ടി ഇനിയത് ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയിലെ ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലെഴുതിയ ‘അയാസോഫിയയിലെ’ ജുമുഅ’ എന്ന ലേഖനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENTENT HIGHLIGHTS: Sadiqali Shihab Thangal said that Chandrika’s article on the Hagia Sofia controversy was written without understanding local politics

We use cookies to give you the best possible experience. Learn more