കോഴിക്കോട്: ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിച്ചവര്‍ സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം സമൂഹത്തെ ഒന്നിപ്പിച്ചിരിക്കുകയാണെന്നും സ്വാതന്ത്ര്യ സമരത്തിന് ശേഷം ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രതികരിക്കുന്ന ഒന്നായി അത് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏകവ്യക്തി നിയമത്തിനെതിരെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
‘ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിച്ചവര്‍ സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിച്ചത്. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കി മുതലെടുക്കാന്‍ അവര്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം സമൂഹത്തെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ഒന്നിപ്പിച്ചിരിക്കുന്നു, ജനതയെ ഒന്നിപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന് ശേഷം ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരേ മനസോടെ പ്രതികരിക്കുന്ന ഒരു സംഭവമായി ബി.ജെ.പി സര്‍ക്കാരിന്റെ ഏകസിവില്‍ കോഡ് മാറികഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കാന്‍ തയ്യാറായിരിക്കുന്നു. ഭരണഘടനയെ രക്ഷപ്പെടുത്താന്‍, രാജ്യത്തിന്റെ പാരമ്പര്യത്തെ, പൈതൃകത്തെ രക്ഷപ്പെടുത്തുവാനുള്ള ഈ മുന്നേറ്റത്തില്‍ എല്ലാവരും ഒന്നിച്ചിരിക്കുകയാണ്. സാമുദായിക സംഘടനകള്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ മറന്നുകൊണ്ട് ഒറ്റക്കെട്ടായി ഇവിടെ അണിനിരന്നിരിക്കുകയാണ്. ഈയൊരു സൗഹൃദവും ഐക്യവും ഈ വേദിയില്‍ മാത്രം ഒതുക്കാതെ എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും സാഹോദര്യത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കട്ടൈ,’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏകസിവില്‍ കോഡിനെതിരെ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍ കോഡിനെതിരായ ബോധവത്കരണവും പ്രതിഷേധവും അറിയിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ചുമതലയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
‘ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടാണ്. കാരണം ഇതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ പലരെയും പല വിധത്തിലായിരിക്കും ബാധിക്കുക. ഇവിടെ പല മതങ്ങള്‍, പല ജാതി, പല സംസ്‌കാരങ്ങള്‍, പല ആചാരങ്ങള്‍ ഇതൊക്കെ തന്നെ വ്യത്യസ്തമാണ്. ആ വ്യത്യസ്തതകളെ അംഗീകരിക്കലാണ് ഇന്ത്യയുടെ സൗന്ദര്യമെന്നത്. എന്നാല്‍ ഇവയെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഏകസിവില്‍ കോഡിനെതിരായ ബോധവത്കരണവും പ്രതിഷേധവും അറിയിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ചുമതലയാണ്. അതിന് വേണ്ടിയാണ് മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മതസംഘടനകളെയുമെല്ലാം വിളിച്ചുചേര്‍ത്തുകൊണ്ട് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Sadiqali shihab thangal against uniform civil code