| Thursday, 4th May 2023, 9:32 pm

സി.ഐ.സി ജനറല്‍ സെക്രട്ടറിയെ തീരുമാനിച്ചതില്‍ ചതി നടന്നു, ഇനിയുമുണ്ടാകും; സാദിഖലി തങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി സമസ്ത യോഗത്തില്‍ മുഈനലി തങ്ങളുടെ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.ഐ.സി ജനറല്‍ സെക്രട്ടറിയെ തീരുമാനിച്ചതില്‍ ചതി നടന്നെന്ന് സമസ്ത യോഗത്തില്‍ പാണക്കാട് മുഈനലി തങ്ങള്‍. സമസ്തയുമായി ആലോചിച്ചിട്ടല്ല പുതിയ സെക്രട്ടറിയെ തീരുമാനിച്ചതെന്നും, ഇനിയും ഇത്തരത്തിലുള്ള ചതികള്‍ നടക്കുമെന്നും ചെര്‍പ്പുളശ്ശേരിയിലെ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ പാണക്കാട് മുഈനലി തങ്ങള്‍ പറഞ്ഞു.

ഹക്കീം ഫൈസി ആദൃശ്ശേരിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ നിയമനം സമസ്തയോട് കൂടിയാലോചിച്ചില്ലെന്ന പരാതിയാണ് സമസ്ത നേരത്തെ ഉന്നയിച്ചിരുന്നത്. ഈ പരാതിക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതും മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ കൂടുതല്‍ പ്രതിരോധിത്തിലാക്കുന്നതുമാണ് മുഈനലി തങ്ങളുടെ സമസ്ത യോഗത്തിലെ ഈ വെളിപ്പെടുത്തല്‍

‘സമസ്തയാണ് പാണക്കാട് തങ്ങന്മാരെ ഖാളിമാരാക്കിയിട്ടുള്ളത്. സമസ്ത പാണക്കാട് തങ്ങന്മാര്‍ക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്. എ.പിക്കാരല്ലല്ലോ പാണക്കാട് തങ്ങന്മാരെ ഖാളിമാരാക്കിയത്. സമസ്തക്കാര്‍ മാത്രമാണ് തങ്ങന്മാരെ അംഗീകരിക്കുന്നതും അവര്‍ക്ക് ബഹുമാനം നല്‍കുന്നതും. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങലും ഹൈദരലി ശിഹാബ് തങ്ങളും അത് പാലിച്ചുപോന്നിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ഇനി പാണക്കാട് നിന്നും ഖാളിമാരുണ്ടാകുമോ’ മുഈനലി തങ്ങള്‍ ചോദിച്ചു.

‘ഒന്നും പ്രതീക്ഷിക്കാതെയാണ് സമസ്തയും തങ്ങന്മാരും തമ്മിലുള്ള ബന്ധം. ഹക്കീം ഫൈസിയെ സംബന്ധിച്ച് ഭിന്നതയാണ് ലക്ഷ്യം. ആ ഭിന്നിപ്പിക്കലില്‍ നമ്മളാരും പെടരുത്. സമസ്ത എന്നത് സത്യമാണ്. സമസ്ത നല്‍കിയിട്ടുള്ള സ്ഥാനമാനങ്ങളിലാണ് തങ്ങന്മാര്‍ നിലനില്‍ക്കുന്നത്. ഇനിയും അങ്ങനെ തന്നെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന സമസ്ത യോഗത്തില്‍ പാണക്കാട് മുഈനലി തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സി.ഐ.സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും സംഘടന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും സി.ഐ.സി സമിതികളില്‍ നിന്നും രാജിവെച്ചത്. സി.ഐ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

CONTENT HIGHLIGHTS; Sadiqali made them more defensive and Mueenali revealed themselves in the Samasta meeting 

We use cookies to give you the best possible experience. Learn more