| Sunday, 7th May 2023, 10:46 am

സമസ്തയും പാണക്കാട് കുടുംബവും തമ്മില്‍ പാലും വെള്ളവും പോലെ വേര്‍തിരിക്കാന്‍ പറ്റാത്ത ബന്ധം: സാദിഖ് അലി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്തയും പാണക്കാട് കുടുംബവും തമ്മിലുളള ബന്ധം തകര്‍ക്കാനാവാത്തതെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍. സമസ്തയും തന്റെ കുടുംബവും തമ്മില്‍ പാലും വെള്ളവും പോലെ വേര്‍തിരിക്കാന്‍ പറ്റാത്ത ബന്ധമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാണക്കാട് കുടുംബവുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങളും വ്യക്തമാക്കി. എന്നാല്‍ നയപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും അവ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍ സമസ്ത മുഅല്ലിമീന്‍ 30-ാം വാര്‍ഷിക വേദിയില്‍ സംസാരിക്കവെയായിരുന്നു ഇരുവരുടെയും പ്രതികരണം.

പാണക്കാട് കുടുംബത്തോട് എതിര്‍പ്പില്ലെന്നും ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ജിഫ്രി തങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ സമസ്ത പറയുന്നത് പോലെ കേട്ടില്ലെങ്കില്‍ സി.ഐ.സിയെ തളളുമെന്ന മുന്നറിയിപ്പും ജിഫ്രി തങ്ങള്‍ നല്‍കി.

സമസ്തയുടെയും ലീഗിന്റെയും അണികള്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് ഇരുവരുടെയും പ്രതികരണം. എന്നാല്‍ സമസ്തയും സി.ഐ.സിയും തമ്മിലുളള പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ലീഗ് നേതൃത്വത്തോട് ഇടഞ്ഞ് സമസ്ത നേതാക്കള്‍ സി.ഐ.സി ഉപദേശക സമിതിയില്‍ നിന്നും രാജി വെച്ചിരുന്നു. സാദിഖലി തങ്ങള്‍ സി.ഐ.സിയുടെ ജനറല്‍ സെക്രട്ടറിയായി ഹബീബുല്ല ഫൈസിയെ നിയമിച്ചതിന് പിന്നാലെയായിരുന്നു രാജി.

content highlights: Sadiq Ali Thangal on the relationship between Samastha and the Panakkad family

Latest Stories

We use cookies to give you the best possible experience. Learn more