അത് തങ്ങള്‍ കുടുംബത്തിന് ചേര്‍ന്നതല്ല; മുഈന്‍ അലിയെ തള്ളി സാദിഖലി തങ്ങള്‍
Kerala News
അത് തങ്ങള്‍ കുടുംബത്തിന് ചേര്‍ന്നതല്ല; മുഈന്‍ അലിയെ തള്ളി സാദിഖലി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th August 2021, 7:56 pm

മലപ്പുറം: മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ തള്ളി ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

മുഈന്‍ അലി തങ്ങളുടെ നടപടി കുടുംബത്തിന്റെ പാരമ്പര്യത്തിനു ചേര്‍ന്നതല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. തങ്ങള്‍ കുടുംബത്തിന്റെ കീഴ്‌വഴക്കം മുഈന്‍ അലി ലംഘിച്ചു.

അതു തെറ്റാണെന്ന് മുഈന്‍ അലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനം നടത്തിയതു ശരിയായില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. നടപടിക്കാര്യം ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കും. അദ്ദേഹത്തെ യോഗത്തിന്റെ വിലയിരുത്തല്‍ ധരിപ്പിക്കും.

കുടുംബവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടാണ് ഇക്കാര്യം ഈ വിധത്തില്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വാര്‍ത്താസമ്മേളനം അലങ്കോലമാക്കിയ റാഫി പുതിയകടവിനെ സസ്‌പെന്‍ഡ് ചെയ്തു. കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ക്കെതിരെ മുഈന്‍ അലി നടത്തിയ വിമര്‍ശനങ്ങളാണ് റാഫി പുതിയകടവിനെ പ്രകോപിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈന്‍ അലിക്കെതിരെ അസഭ്യം പറയുകയായിരുന്നു.

റാഫി പുതിയകടവ് ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെയും പ്രതിയാണ്. 2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. ലീഗ് പ്രതിഷേധപ്രകടനത്തിനിടെ ഇന്ത്യാവിഷന്‍ ഓഫീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും അന്ന് കല്ലേറുണ്ടായിരുന്നു

ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.

വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.

മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റാഫി പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങളുടെ വിഷമങ്ങള്‍ക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞിരുന്നു.

മുഈനലി തനിക്ക് ബന്ധമില്ലാത്ത വിഷയങ്ങളില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചന്ദ്രികയില്‍ മുഈനലിക്ക് ചുമതല നല്‍കിയതിനെ കുറിച്ചുള്ള കത്ത് പുറത്തുവന്നതോടെ ഈ വാദങ്ങളുടെ വാദങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sadiq Ali Thangal Mueen Ali Thangal IUML