| Monday, 30th October 2023, 2:16 pm

'മാര്‍ട്ടിന്‍ കീഴടങ്ങിയത് കൊണ്ട് കേരളം രക്ഷപ്പെട്ടു': സാദിഖ് അലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടന കേസില്‍ മാര്‍ട്ടിന്‍ കീഴടങ്ങിയതുകൊണ്ട് കേരളം രക്ഷപ്പെട്ടുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍. അല്ലെങ്കില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകുമായിരുന്നു.

‘സ്‌ഫോടനം നടത്തിയ ആള്‍ തന്നെ സംഭവം വെളിപ്പെടുത്തിയത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഊഹപോഹങ്ങളുടെ പുറകെ പോയി തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ പ്രയാസം ഉണ്ടാവുകയും ചെയ്യുമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ മാധ്യമങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്.

പക്ഷെ ചില മാധ്യമങ്ങള്‍ സംഭവത്തെ മറ്റുതലത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് പറയാതിരിക്കാന്‍ കഴിയില്ല. പിന്നെ സമൂഹമാധ്യമങ്ങളുടെ കാര്യം പറയേണ്ടതില്ല. ഒരിക്കലും മുന്‍വിധിയോട് കൂടി കാര്യങ്ങള്‍ പറയരുത്,’ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഞായറാഴ്ചയാണ് കൊച്ചി കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ പ്രാര്‍ത്ഥന കണ്‍വെന്‍ഷനില്‍ സ്‌ഫോടനമുണ്ടായത്. ഇതുവരെ സ്‌ഫോടനത്തില്‍ മൂന്നു പേരാണ് മരണപ്പെട്ടത്. 51 പേര്‍ക്ക് പരിക്കേറ്റു.
സംഘടിത ഭീകരാക്രമണമെന്ന സംശയമുണര്‍ത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളില്‍ ഒരാളായിരുന്ന മാര്‍ട്ടിന്‍ ഡൊമനിക്കാണ് സ്‌ഫോടനം നടത്തിയത് എന്ന സ്ഥിരീകരണത്തില്‍ പൊലീസെത്തി. താനാണ് സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട മാര്‍ട്ടിന്‍ ഡൊമനിക് തൃശ്ശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. സ്‌ഫോടനം നടത്താനുപയോഗിച്ച റിമോട്ട് കണ്‍ട്രോള്‍ ഉള്‍പ്പെടെ വീട്ടില്‍നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തു വരികയാണ്. യു.എ.പി.എ ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.

പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ്(55), തൊടുപുഴ സ്വദേശി കുമാരി (52), മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് കൊല്ലപ്പെട്ടത്.

Content Highlight: Sadiq Ali Shihab Thangal statement on kochi blast

We use cookies to give you the best possible experience. Learn more