കോഴിക്കോട്: ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നിന് ക്ഷണിച്ചതെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതൊരു ഭരണകൂടത്തിന് ചേര്‍ന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രി വിരുന്നിന് വിളിച്ചത്. അത് നല്ല കാര്യമാണ്. ന്യൂനപക്ഷത്തിന്റെ ആശങ്ക അകറ്റുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ ചുമതല. അത് എന്നേ ചെയ്യേണ്ടതായിരുന്നു.
മണിപ്പൂരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരന്തരമായി ക്രിസ്തീയ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതൊരു ഭരണകൂടത്തിന് ചേര്‍ന്നതല്ല. എല്ലാ വിശ്വസങ്ങളും അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അത് ഭരണകൂടം മനസിലാക്കണം,’ സാദിഖ് അലി പറഞ്ഞു.
സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് നടന്നത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാര്‍ എന്നിവരെയാണ് വിരുന്നിലേക്ക് മോദി ക്ഷണിച്ചത്.
അതേസമയം പ്രധാനമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ എം.എസ്. ഗോള്‍വാള്‍ക്കര്‍ ക്രിസ്ത്യാനികളെക്കുറിച്ച് എഴുതിയത് വായിച്ചാല്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട എന്താണെന്ന് മനസിലാകുമായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ മണിപ്പൂര്‍ കലാപമടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ബിഷപ്പുമാര്‍ ചോദിക്കേണ്ടതായിരുന്നു എന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.
Content Highlight: Sadiq Ali Shihab Thangal said that Prime Minister Narendra Modi invited the bishops to the banquet based on the fact that minorities were dissatisfied