| Thursday, 27th July 2023, 11:37 pm

ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്: സാദിഖലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിദ്വേഷത്തിന്റെ വിഷച്ചെടികള്‍ കേരളത്തിന്റെ മണ്ണില്‍ വളരാത്തതിന് കാരണം നമ്മുടെ സ്നേഹവും സഹവര്‍ത്തിത്വവുമാണെന്നും എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തുമെന്നും തങ്ങള്‍ പറഞ്ഞു.

സി.പി.എം-യുവമോര്‍ച്ച കൊലവിളികളുടെ പശ്ചാത്തലത്തിലാണ് തങ്ങളുടെ ഈ പ്രതികരണം. പാര്‍ട്ടികളേയോ വ്യക്തികളെയോ പേരെടുത്ത് പറയാതെയാണ് തങ്ങള്‍ പ്രസ്താവന ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.

ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ‘മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ നമുക്ക് അധികാരമില്ല.

സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കും. നമുക്കൊരു സംസ്‌കാരവും വ്യക്തിത്വവുമുണ്ട്.

എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്‍പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്.

വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്‍ത്തിയിലും അടുക്കും ചിട്ടയും വേണം.

സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍ക്കൊള്ളണം. പ്രവര്‍ത്തികളില്‍ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലര്‍ത്തണം,’ തങ്ങള്‍ ഓര്‍മിപ്പിച്ചു.

സാദിഖ് അലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല.

ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താന്‍ നമുക്ക് അധികാരമില്ല. സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കും.

വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്‍ത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍ക്കൊള്ളണം. പ്രവര്‍ത്തികളില്‍ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലര്‍ത്തണം.

ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്‍പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികള്‍ കേരളത്തിന്റെ മണ്ണില്‍ വളരാത്തതിന് കാരണം നമ്മുടെ സ്നേഹവും സഹവര്‍ത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്ലിംലീഗിന്റെ ചരിത്രം ആര്‍ക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാള്‍ക്കും അതെടുത്ത് വായിക്കാം. അതില്‍ ദുരൂഹതകളില്ല. ദുര്‍ഗ്രാഹ്യതകളില്ല. മുസ്ലിംലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവര്‍ക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും.

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പാണക്കാട്‌

Content Highlights: sadiq ali shihab thangal responds to cpim-yuvamorcha disputes

Latest Stories

We use cookies to give you the best possible experience. Learn more