മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കളുടെ പരസ്യ നിലപാടിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. എല്ലാ കാര്യങ്ങളിലും പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമേ പാടുള്ളൂവെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വാക്കുകള്‍ കൊണ്ട് പോലും എതിരഭിപ്രായമില്ലാത്ത രീതി വേണം. നേതാക്കളുടെ വ്യത്യസ്ത അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നതിന് വഴിയൊരുക്കും. സമുദായത്തിനുള്ളിലെ ഐക്യം നിലനിര്‍ത്തണം. അതിനാദ്യം സംഘടനയ്ക്കുള്ളിലെ ഐക്യമുണ്ടാകണം,’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനമടക്കമുള്ള വിഷയങ്ങളില്‍ വ്യത്യസ്ത നിലപാട് ലീഗ് നേതാക്കള്‍ വ്യക്തമാക്കിയതിലുള്ള നീരസവും സാദിഖലി ശിഹാബ് തങ്ങള്‍ പ്രകടമാക്കി.
പി.എഫ്.ഐയെ നിരോധിച്ചതിന് പിന്നാലെ നടപടിയെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയത് ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത മുനീര്‍ പി.എഫ്.ഐയെ ആശയപരമായി നേരിടുകയും വേരോടുകൂടി പിഴുതെറിയുകയും ചെയ്യണമെന്നായിരുന്നു പ്രതികരിച്ചത്.
ഇതിനെത്തുടര്‍ന്ന് മുനീര്‍ നിലപാട് മാറ്റിയതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. എന്നാല്‍ രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ലെന്നും ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം.
എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടില്‍ ‘പെട്ടുപോയവരെ’ ലീഗിലെത്തിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു കെ. എം ഷാജി പറഞ്ഞത്. പി.എഫ്.ഐയില്‍ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാധ്യതകള്‍ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കണമെന്നും ഷാജി പറഞ്ഞു.
അതേസമയം, പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കുന്നതിനായിട്ടാണ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത്. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരിക്കാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായ ഭരണഘടനാ ഭേദഗതി സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗീകാരവും നല്‍കി. സംസ്ഥാന കൗണ്‍സിലോടെ ഇതടക്കമുള്ള ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.
Content Highlight: Sadiq Ali Shihab Thangal criticizing Public Statement of Muslim league Leaders