| Thursday, 9th December 2021, 8:05 pm

ആ കട്ടില്‍ കണ്ട് ക്ലിഫ് ഹൗസില്‍ ആരും പനിച്ച് കിടക്കേണ്ട; മുഖ്യമന്ത്രിക്കെതിരെ സാദിഖലി ശിഹാബ് തങ്ങള്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് സാമുദായിക ഐക്യത്തിന്റെ വക്താക്കളാണെന്ന് മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍. സമുദായത്തിലെ ചിലര്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഐക്യത്തിന് വിള്ളല്‍ ഉണ്ടാകാന്‍ പാടില്ലെന്നം അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമനം പി.എസ്.സിക്ക് വിടാന്‍ ഉള്ള തീരുമാനം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും സമുദായ ഐക്യത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗും സമസ്തയുമായി തര്‍ക്കമുണ്ടെന്ന വാര്‍ത്തകളോടും പരോക്ഷമായി സാദിഖലി പ്രതികരിച്ചു. സമുദായ ഐക്യമാണ് ലീഗിന്റെ ലക്ഷ്യം. ആ കട്ടില്‍ കണ്ട് ക്ലിഫ് ഹൗസില്‍ ആരും പനിച്ച് കിടക്കേണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

നിയമസഭയില്‍ പാസക്കിയ തീരുമാനം നിയമസഭയില്‍ തന്നെ പിന്‍വലിക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനം ദുഷ്ടലാക്കോടെയാണ്.

ഇസ്‌ലാമികമായ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ് വഖഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലല്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.

എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.

കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

ദേവസ്വം റിക്രൂട്ട്മെന്റ് പോലെ വഖഫ് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭേദഗതി പരിഗണിച്ചില്ല. മുസ്‌ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും മന്ത്രി അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്ത് എത്തിയത്. മതസംഘടനകളുടെ യോഗത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാനും പകരം തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ റാലിയില്‍ നിന്ന് സമസ്ത വിട്ടുനിന്നു.

അതേസമയം വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Sadiq Ali Shihab Thangal against CM Pinarayi Vijayan and comment about Waqf Board PSC Appointment

We use cookies to give you the best possible experience. Learn more