പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ കളിക്കാനാകാതെ പുറത്തു പോകേണ്ടി വന്ന സാദിയോ മാനെയുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. നാല് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാനെ എന്ന സൂപ്പര്‍താരമില്ലാതെയാണ് ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് വേണ്ടി സെനഗല്‍ കളത്തിലിറങ്ങുന്നത്. നെതര്‍ലാന്‍ഡ്‌സാണ് എതിരാളികള്‍. മാനെക്ക് വേണ്ടി തങ്ങളുടെ എല്ലാ കഴിവുമെടുത്ത് പൊരുതുമെന്നാണ് കുലിബാലിയും സംഘവും പറഞ്ഞിരിക്കുന്നത്.
സര്‍ജറി കഴിഞ്ഞതിന് പിന്നാലെ ടീമിന് ആവേശം പകരുന്ന വാക്കുകളുമായി മാനെയും എത്തിയിരുന്നു. സെനഗലിന്റെ സിംഹങ്ങള്‍ ഫൈനലിന്റെ ആവേശത്തോടെയായിരിക്കും ഓരോ മാച്ചിലും ഇറങ്ങുകയെന്നാണ് മാനെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
ഒപ്പം തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കാനുള്ള അവസരമാണിതെന്നും മാനെ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് പരിക്ക് പറ്റിയ സമയത്ത് നിങ്ങളില്‍ ഒരുപാട് പേര്‍ എനിക്ക് മെസേജുകള്‍ അയച്ചു. ദൈവാനുഗ്രഹം കൊണ്ട് സര്‍ജറി നല്ല രീതില്‍ കഴിഞ്ഞു. ഈ ഒരു അവസരത്തില്‍ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഹൃദയം തൊട്ട് നന്ദി പറയുകയാണ്.
തിങ്കളാഴ്ച നമ്മുടെ രാജ്യം ഖത്തര്‍ ലോകകപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുകയാണ്. ഒരു ഫൈനല്‍ മത്സരത്തിന്റെ അതേ വീറോടും വാശിയോടെയും നമ്മുടെ സിംഹങ്ങള്‍ ഓരോ മാച്ചിലും പോരാടുമെന്ന് എനിക്കുറപ്പാണ്.
കളി നടക്കുന്ന സമയം മുഴുവന്‍ ചെറിയ സ്‌ക്രീനിന് മുമ്പിലിരുന്ന് മുഴുവന്‍ സെനഗലുകാരും ധീരരായ ദേശീയ ടീമിനെ എല്ലാവിധ പിന്തുണയും കൊടുക്കുമെന്നും എനിക്കുറപ്പാണ്.
എന്റെ ടീം മേറ്റ്‌സ് ഒരൊറ്റ കളിക്കാരനെന്ന പോലെ അത്രയും ഒത്തൊരുമയോടെ കളിക്കുമെന്നും എനിക്കുറപ്പാണ്. നമ്മുടെ പ്രിയ സെനഗലിന് വേണ്ടി അവര്‍ എന്നും എപ്പോഴും അങ്ങനെ തന്നെയാണ് പോരാടാറുള്ളത്. ഇത്തവണയും അത് അങ്ങനെ തന്നെയായിരിക്കും,’ മാനെയുടെ കുറിപ്പില്‍ പറയുന്നു.
നവംബര്‍ എട്ടിന് ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് – വേഡര്‍ ബ്രെമന്‍ മത്സരത്തിനിടെയായിരുന്നു
മാനെക്ക് പരിക്കേറ്റത്. എന്നാല്‍ സെനഗലിന് വേണ്ടി ഖത്തറില്‍ ബൂട്ട് കെട്ടും എന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്ത് വന്നിരുന്നത്. താരത്തെ സെനഗല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.