ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ തന്റെ സഹതാരമായ ലിറോയ് സാനെയുടെ മുഖത്തടിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാനെയില്‍ നിന്ന് അടിയേറ്റ സാനെയുടെ ചുണ്ട് പൊട്ടി രക്തമൊലിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍ക്കിടയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സംഭവത്തെ തുടര്‍ന്ന് മാനെയെ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള പ്രസ്താവന പുറത്തുവരികയായിരുന്നു. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ എഫ്.സി ബയേണിന്റെ സ്‌ക്വാഡില്‍ സാദിയോ മാനെയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സംഭവത്തിന്റെ പ്രത്യാഘാതം മനസിലാക്കി താരം പിഴ ചുമത്തേണ്ടി വരുമെന്നും ബയേണ്‍ മ്യൂണിക്ക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വിഷയത്തില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ മാനെ. സാനെ തന്നോട് മോശമായി സംസാരിച്ചപ്പോള്‍ തന്റെ നിയന്ത്രണം വിട്ടുപോയതാണെന്നും തനിക്ക് വളരെ അടുപ്പമുള്ള ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടതിനാല്‍ തന്റെ മാനസികാരോഗ്യം ശരിയല്ലെന്നുമാണ് മാനെ പറഞ്ഞത്.
അതേസമയം, സാനെ സാദിയോ മാനെയെ നിറത്തിന്റെ പേരില്‍ കളിയാക്കിയിരുന്നെന്നും വംശീയാധിക്ഷേപം നടത്തിയതാണ് മാനെയെ ചൊടിപ്പിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ ടഗാറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സാനെ തന്റെ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും താരത്തോട് മാപ്പ് പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോഡ്രി, ബെര്‍ണാര്‍ഡോ സില്‍വ, എര്‍ലിങ് ഹാലണ്ട് എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ സിറ്റി ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. 27ാം മിനിട്ടിലായിരുന്നു റോഡ്രിയുടെ ഗോള്‍ പിറന്നത്. 70ാം മിനിട്ടില്‍ സിറ്റിയുടെ രണ്ടാം ഗോളും പിറന്നു. സില്‍വ ഹെഡ്ഡറിലൂടെയാണ് ലീഡ് നേടികൊടുത്തത്. ആറ് മിനിട്ടുകള്‍ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ജോണ്‍ സ്റ്റോണ്‍സിന്റെ അസിസ്റ്റില്‍ ഹാലണ്ടായിരുന്നു മൂന്നാം ഗോള്‍ നേടിയത്.
Content Highlights: Sadio Mane reveals the reason behind the clash between Leroy Sane and him