| Monday, 20th February 2023, 8:17 am

'കളത്തിനകത്തും പുറത്തും അവനൊരു ഇതിഹാസമാണ്'; കരിയറിലെ ബെസ്റ്റ് ഫിനിഷറെ തെരഞ്ഞെടുത്ത് സാദിയോ മാനെ

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം സാദിയോ മാനെയുടെ ചിറകിലേറിയാണ് സെനെഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്മാരായത്. ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചു.

എന്നാല്‍ ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി വലത് കാലിനേറ്റ പരിക്ക് കാരണം സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമായിരുന്നു. തുടര്‍ന്ന് താരം സര്‍ജറിക്ക് വിധേനയാവുകയും വിശ്രമത്തില്‍ കഴിയുകയുമായിരുന്നു.

പരിക്കില്‍ നിന്ന് മോചിതനായി സാദിയോ ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ്. താരം കളിക്കാര്‍ക്കൊപ്പം ബയേണ്‍ ക്യാമ്പില്‍ പരിശീലനം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

കരിയറില്‍ തന്റെ സഹതാരങ്ങളായിരുന്നവരില്‍ മികച്ച ഫിനിഷറെ തെരഞ്ഞടുത്തിരിക്കുകയാണ് ഇപ്പോള്‍ മാനെ. ടിക് ടോകില്‍ വണ്‍ ടീം സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കരിയറില്‍ കൂടെ കളിച്ചിട്ടുള്ള താരങ്ങളില്‍ ബെസ്റ്റ് ഫിനിഷര്‍ ആരാണെന്ന ചോദ്യത്തിന് മാനെ ഡിവോക്ക് ഒറിജി എന്നാണ് മറുപടി നല്‍കിയത്. കളത്തിനകത്തും പുറത്തും ഒറിജി ഇതിഹാസമാണെന്നും അദ്ദേഹമൊരു വേള്‍ഡ് ക്ലാസ് സ്‌ട്രൈക്കറും ബെസ്റ്റ് ഫിനിഷറുമാണെന്നും മാനെ പറഞ്ഞു.

ലിവര്‍പൂളിന് വേണ്ടി ബൂട്ടുകെട്ടുന്ന സമയത്ത് ഒറിജി ബാഴ്‌സലോണക്കെതിരെ നേടിയ ഗോള്‍ ആരാധക പ്രശംസ നേടിയിരുന്നു. ലിവര്‍പൂളിനായി കളിച്ച 175 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളാണ് ഒറിജി അക്കൗണ്ടിലാക്കിയത്. നിലവില്‍ എ.സി. മിലാന് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്.

അതേസമയം ലോകകപ്പിന് മുമ്പ് ബയേണ്‍ മ്യൂണിക്കിനായി കളിച്ച അവസാന മത്സരത്തിലാണ് മാനെക്ക് പരിക്കേല്‍ക്കുന്നത്. നവംബര്‍ എട്ടിന് ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് – വേഡര്‍ ബ്രെമന്‍ മത്സരത്തിനിടെയായിരുന്നു പരിക്ക്.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്താണ് മാനെ സെനഗലിനെ വീണ്ടും ഫുട്‌ബോള്‍ ലോകത്തിന് മുമ്പില്‍ ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി തലയുയര്‍ത്തി നിര്‍ത്തിയത്.
മാനെയുടെ അഭാവത്തില്‍ ലോകകപ്പിനിറങ്ങിയ സെനഗല്‍ റൗണ്ട് 16ല്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.

Content Highlights: Sadio Mane praises Divock Origi

We use cookies to give you the best possible experience. Learn more