| Wednesday, 19th October 2022, 8:26 pm

ഞങ്ങള്‍ ഏറെ ദൂരം താണ്ടേണ്ടിയിരിക്കുന്നു; ബ്രസീലുമല്ല, അര്‍ജന്റീനയുമല്ല, ഈ രണ്ട് പേരില്‍ ഒരാള്‍ ലോകകപ്പ് നേടും; തുറന്ന് പറഞ്ഞ് സാദിയോ മാനെ

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളെ കുറിച്ച് സോക്രട്ടീസ് അവാര്‍ഡ് ജേതാവും ബാലണ്‍ ഡി ഓറിലെ രണ്ടാം റാങ്കുകാരനുമായ സാദിയോ മാനെ.

ഇത്തവണ തന്റെ ദേശീയ ടീമായ സെനഗല്‍ ലോകകപ്പില്‍ നിന്നും ഏറെ ദൂരെയാണെന്നും കിരീടം നേടാന്‍ സാധ്യത കാണുന്നില്ലെന്നും മാനെ പറയുന്നു.

ഡിഫന്‍ഡിങ് ചാമ്പ്യന്‍സായ ഫ്രാന്‍സിനും മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിനുമാണ് താരം സാധ്യത കല്‍പിക്കുന്നത്. തന്റെ ടീമിനേക്കാള്‍ എത്രയോ മുമ്പിലാണ് ഫ്രാന്‍സും സ്‌പെയ്‌നുമെന്നും പറഞ്ഞ മാനെ തങ്ങള്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ആര്‍.എം.സി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സെനഗലിനെ ഫേവറിറ്റുകളായി കാണാന്‍ സാധിക്കില്ല. കാരണം സെനഗലിനേക്കാള്‍ എത്രയോ മുന്നിലോടുന്ന നിരവധി ടീമുകളുണ്ട്. ഫ്രാന്‍സും സ്‌പെയ്‌നുമൊക്കെ ഒരുപാട് മുന്നിലാണ്.

ഞങ്ങള്‍ ഒരിക്കലും ലോകകപ്പിനെ തണുപ്പന്‍ മട്ടില്‍ സമീപിക്കില്ല. സാധാരണ ഞങ്ങളെന്താണോ കളിക്കളത്തില്‍ ചെയ്യാറുള്ളത്, ലോകകപ്പില്‍ അതുതന്നെ ചെയ്യാന്‍ ശ്രമിക്കും,’ മാനെ പറയുന്നു.

എന്നാല്‍ ഒട്ടും കുറച്ചുകാണാന്‍ സാധിക്കാത്ത ടീമാണ് സെനഗല്‍. 2022 ആഫ്‌കോണ്‍ കപ്പ് നേടിയ സെനഗല്‍, മുഹമ്മദ് സലയുടെ ഈജിപ്തിനെ തോല്‍പിച്ചാണ് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയത്. പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ 3-1നായിരുന്നു സെനഗല്‍ ഈജിപ്തിനെ പരാജയപ്പെടുത്തിയത്.

ലോകകപ്പിന്റെ ഗ്രൂപ്പ് എയിലാണ് സെനഗല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഖത്തര്‍, നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.

കഴിഞ്ഞ വര്‍ഷം സെനഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരത്തിന്റെ ചിറകിലേറി ബഹുദൂരം പറക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

Content highlight: Sadio Mane picks his favorites in 2022 world cup

We use cookies to give you the best possible experience. Learn more