| Wednesday, 9th November 2022, 5:55 pm

'ഓ സാദിയോ'; സൂപ്പര്‍താരം ലോകകപ്പ് കളിക്കില്ലെന്ന് റിപ്പോര്‍ട്ട്; ഹൃദയം തകര്‍ന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് 11 നാള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത. സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ ലോകകപ്പ് കളിക്കില്ലെന്ന് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ ലെക്വിപ് (L’equip) ആണ് വിവിരം പുറത്ത് വിട്ടത്.

ചൊവ്വാഴ്ച വേഡര്‍ ബ്രെമെനെതിരെ നടന്ന മത്സരത്തിനിടെയാണ് മാനെക്ക് പരിക്കേറ്റത്. മത്സരത്തിന്റെ 20ാം മിനിട്ടില്‍ പരിക്കേറ്റ മാനെ കളത്തില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു.

മത്സരം തുടങ്ങി ആറാം മിനിട്ടില്‍ മാനെയുടെ അസിസ്റ്റില്‍ ജമാല്‍ മുസിയാല ബയേണിനായി ആദ്യ ഗോള്‍ നേടുകയായിരുന്നു. മാനെയ്ക്ക് പരിക്കേറ്റയുടന്‍ മെഡിക്കല്‍ സംഘം ശുശ്രൂഷക്കായി എത്തിയെങ്കിലും താരത്തിന് കളത്തില്‍ തുടരാനായിരുന്നില്ല.

മാനെ ലോകകപ്പിനില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് നിരവധിയാരാധകരാണ് സങ്കടം പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് സാദിയോ മാനെയെ പോലുള്ള താരത്തിന്റെ അഭാവം വലിയ നിരാശയുണ്ടാക്കുന്നതാണെന്ന് ആരാധകര്‍ പറഞ്ഞു.

അതേസമയം ലീഗ് മത്സരങ്ങളുടെ മധ്യത്തില്‍ ലോകകപ്പ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചതിന് ഫിഫക്കെതിരെയും ആരാധകര്‍ പ്രതിഷേധമറിയിച്ചു.

ലീഗ് മത്സരങ്ങളില്‍ പരിക്കുകള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാണെന്നും താരങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സാവകശം പോലുമില്ലെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ സെനഗലോ താരത്തിന്റെ നിലവിലെ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കോ ഈ വിഷയത്തില്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ നടന്ന മത്സരത്തില്‍ താരത്തിന് സാരമായ പരിക്കുകളില്ലെന്നായിരുന്നു ഇന്ന് രാവിലെ വന്നിരുന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്.

വേഡര്‍ ബ്രെമെനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ മാനെ പുറത്തായതിന് പുറകെ കോച്ച് ലെറോയ് സാനെയെ പകരക്കാരനായി ഇറക്കുകയായിരുന്നു. ബ്രെമെനെതിരെ നടന്ന മത്സരത്തില്‍ 6-1നാണ് ബയേണിന്റെ ജയം.

സൂപ്പര്‍താരം ഗ്‌നാബ്രിയാണ് ബയേണ്‍ മ്യുണീക്കിനായി തിളങ്ങിയത്. 82 മിനിട്ടിനുള്ളില്‍ താരം ഹാട്രിക് അടിച്ചത് ബയേണിനെ കൂടുതല്‍ കരുത്തരാക്കി.

ലിവര്‍പൂളില്‍ നിന്ന് നാഗല്‍സ്മാന്റെ ടീമിലേക്ക് ചേക്കേറിയ സാദിയോ മാനെ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ച വെക്കുന്നത്. ഇതുവരെ കളിച്ച 23 മത്സരങ്ങളില്‍ 11 ഗോളുകളും നാല് അസിസ്റ്റുമാണ് താരം നേടിയത്.

14 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി നിലവില്‍ ലീഗ് പട്ടികയില്‍ ഒന്നാമതാണ് ബയേണ്‍ മ്യൂണിക്ക്.

Content HIghlights: Sadio Mane ‘is OUT of the World Cup’ after Senegal star limped out of Bayern Munich’s clash against Werder Bremen

We use cookies to give you the best possible experience. Learn more