| Thursday, 26th January 2023, 3:26 pm

പരിക്കിന്റെ പിരിമുറുക്കങ്ങളില്‍ നിന്ന് മോചിതനായി 'സെനഗലിന്റെ ഹൃദയം' കളത്തില്‍ തിരിച്ചെത്തി; പരിശീലന ഗ്രൗണ്ടില്‍ മാനെ

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പർതാരം സാദിയോ മാനെയുടെ ചിറകിലേറിയാണ്‌ സെനെഗൽ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ചാമ്പ്യന്മാരായത്‌. ലോകകപ്പ്‌ യോഗ്യത നേടിക്കൊടുക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. എന്നാൽ ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി വലത് കാലിനേറ്റ പരിക്ക് കാരണം സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമായിരുന്നു. തുടര്‍ന്ന് താരം സര്‍ജറിക്ക് വിധേനയാവുകയും വിശ്രമത്തില്‍ കഴിയുകയുമായിരുന്നു.

പരിക്കില്‍ നിന്ന് മോചിതനായി സാദിയോ ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ബയേണിലെത്തി ആഹ്ലാദ പ്രകടനം നടത്തുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിക്കുന്നത്. പരിശീലന ഗ്രൗണ്ടില്‍ സാദിയോ ഓടി നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

കളിക്കളത്തിലേക്ക് തിരിച്ചെത്തുകയെന്നത് സുഖമുള്ള അനുഭവമാണെന്ന് മാനെ പറഞ്ഞു. സഹതാരങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്യുകയാണ് അടുത്ത പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

മാനെ എന്നുതൊട്ട് കളിക്കാനിറങ്ങും എന്ന കാര്യത്തില്‍ ക്ലബ്ബ് വ്യക്തത നല്‍കിയിട്ടില്ല. കഴിഞ്ഞ ജൂണില്‍ ലിവര്‍പൂളില്‍ നിന്ന് ബയേണിലേക്ക് ചേക്കേറിയ താരം 23 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

ലോകകപ്പിന് മുമ്പ് ബയേണ്‍ മ്യൂണിക്കിനായി കളിച്ച അവസാന മത്സരത്തിലാണ് മാനെക്ക് പരിക്കേല്‍ക്കുന്നത്. നവംബര്‍ എട്ടിന് ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് – വേഡര്‍ ബ്രെമന്‍ മത്സരത്തിനിടെയായിരുന്നു പരിക്ക്.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിക്കൊടുത്താണ് മാനെ സെനഗലിനെ വീണ്ടും ഫുട്ബോള്‍ ലോകത്തിന് മുമ്പില്‍ ഒരിക്കല്‍ക്കൂടി തലയുര്‍ത്തി നിര്‍ത്തിയത്.

മാനെയുടെ അഭാവത്തില്‍ ലോകകപ്പിനിറങ്ങിയ സെനഗല്‍ റൗണ്ട് 16ല്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.

Content Highlights: Sadio Mane is back is Bayern Munich

We use cookies to give you the best possible experience. Learn more