| Friday, 21st April 2023, 8:23 am

സാദിയോ മാനെ പി.എസ്.ജിയില്‍ കളിക്കണം; അഭിപ്രായം വ്യക്തമാക്കി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് സാദിയോ മാനെ ലിവര്‍പൂളില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ച്ചയായി പരിക്കുകളുടെ പിടിയിലായതിനാല്‍ മാനെക്ക് ബയേണിന്റെ ഒട്ടുമിക്ക മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

താരത്തിനെ ബയേണ്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ സ്‌കില്ലുകള്‍ പുറത്തെടുക്കാനുള്ള അവസരം ബയേണ്‍ മ്യൂണിക്കില്‍ ഇല്ലെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ നബീല്‍ ജെലിറ്റ്. മാനെ പി.എസ്.ജിയിലേക്ക് നീങ്ങുന്നത് താരത്തിന് ഗുണം ചെയ്യുമെന്നും അവിടെ അദ്ദേഹത്തിന് തിളങ്ങാനാകുമെന്നും ജെലിറ്റ് പറഞ്ഞു. കനാല്‍ പ്ലസ് ആഫ്രിക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവന് 31 വയസാണ് പ്രായം, ഇനിയുമൊരുപാട് കളിക്കാനുണ്ട്. അദ്ദേഹത്തിന് കഴിവ് തെളിയിക്കാന്‍ ഒരവസരം ഇതുവരെ ബയേണില്‍ കിട്ടിയിട്ടില്ല. സാദിയോ മാനെ ഒരു ആഗോള ബ്രാന്‍ഡ് ആണ്. അങ്ങനെയാണ് മാനെ അറിയപ്പെടുന്നത്. ഒരു സൈഡില്‍ ഒതുങ്ങിപ്പോകേണ്ട താരമല്ല അദ്ദേഹം. മാനെ പി.എസ്.ജിയിലേക്ക് പോകണമെന്നാണ് ഞാന്‍ പറയുന്നത്.

മാനെ ബയേണ്‍ മ്യൂണിക്കില്‍ യഥാര്‍ത്ഥ പൊസിഷനില്‍ അല്ല കളിക്കുന്നത്. ലെവന്‍ഡോസ്‌കിക്ക് പകരമാണ് അദ്ദേഹം ബയേണില്‍ എത്തിയത്. ബാലണ്‍ ഡി ഓറില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു താരത്തെ ക്ലബ്ബിലെത്തിക്കുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഏറ്റവും മികച്ച രീതിയില്‍ തന്നെ കളിപ്പിക്കണം.

അതേസമയം, ബയേണ്‍ മ്യൂണിക്കില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്. കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് സമനില വഴങ്ങിയിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ മത്സരത്തില്‍ 1-1ന്റെ സമനിലയാണ് ഇരുകൂട്ടരും വഴങ്ങിയത്. ഇതോടെ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി

ഏപ്രില്‍ 22ന് ബുണ്ടസിലിഗയില്‍ ഹോഫന്‍ഫെയ്മിനെതിരെയാണ് ബയേണ്‍ മ്യൂണിക്കിന്റെ അടുത്ത മത്സരം.

Content Highlights: Sadio Mane advised to join Parisians

We use cookies to give you the best possible experience. Learn more