മാനെ വരും; സെനഗല്‍ തകര്‍ക്കും; സ്‌ക്വാഡ് പ്രഖ്യാപിച്ച് ആഫ്രിക്കന്‍ സിംഹങ്ങള്‍
Football
മാനെ വരും; സെനഗല്‍ തകര്‍ക്കും; സ്‌ക്വാഡ് പ്രഖ്യാപിച്ച് ആഫ്രിക്കന്‍ സിംഹങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th November 2022, 4:33 pm

ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സൂപ്പര്‍താരങ്ങള്‍ പരിക്കിന്റെ പിടിയിലകപ്പെടുന്നത്. ലീഗ് മത്സരങ്ങളും ലോകകപ്പ് ടൂര്‍ണമെന്റും ഒരുമിച്ചെത്തിയതാണ് പ്രധാന കാരണം.

താരങ്ങള്‍ ക്ലബ്ബ് മത്സരങ്ങളിലേര്‍പ്പെടുകയും പരിക്കിനെ തുടര്‍ന്ന് കളം വിടുകയും ചെയ്യുന്ന ദയനീയ സാഹചര്യമാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചുലച്ച ആ വാര്‍ത്തയെത്തിയത്. സെനഗലിന്റെ സൂപ്പര്‍താരം സാദിയോ മാനെ പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പുറത്താകുമെന്ന വാര്‍ത്തയായിരുന്നു പ്രചരിച്ചിരുന്നത്.

എന്നാലിപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമാകുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. സെനഗലിന്റെ 26 അംഗങ്ങളടങ്ങിയ ലോകകപ്പ് സ്‌ക്വാഡില്‍ മാനെയും ഉള്‍പ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പശ്ചിമ ആഫ്രിക്കന്‍ ടീമായ സെനഗല്‍ തങ്ങളുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച വേഡര്‍ ബ്രെമെനെതിരെ നടന്ന മത്സരത്തിനിടെയാണ് മാനെക്ക് പരിക്കേറ്റത്. മത്സരത്തിന്റെ 20ാം മിനിട്ടില്‍ പരിക്കേറ്റ മാനെ കളത്തില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു.

മത്സരം തുടങ്ങി ആറാം മിനിട്ടില്‍ മാനെയുടെ അസിസ്റ്റില്‍ ജമാല്‍ മുസിയാല ബയേണിനായി ആദ്യ ഗോള്‍ നേടുകയായിരുന്നു. മാനെയ്ക്ക് പരിക്കേറ്റയുടന്‍ മെഡിക്കല്‍ സംഘം ശുശ്രൂഷക്കായി എത്തിയെങ്കിലും താരത്തിന് കളത്തില്‍ തുടരാനായിരുന്നില്ല.

മാനെ പുറത്തായതിന് പുറകെ കോച്ച് ലെറോയ് സാനെയെ പകരക്കാരനായി ഇറക്കുകയായിരുന്നു. മത്സരത്തില്‍ 6-1നായിരുന്നു ബയേണിന്റെ ജയം.


ലിവര്‍പൂളില്‍ നിന്ന് നാഗല്‍സ്മാന്റെ ടീമിലേക്ക് ചേക്കേറിയ സാദിയോ മാനെ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ച വെക്കുന്നത്. ഇതുവരെ കളിച്ച 23 മത്സരങ്ങളില്‍ 11 ഗോളുകളും നാല് അസിസ്റ്റുമാണ് താരം നേടിയത്.

14 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി നിലവില്‍ ലീഗ് പട്ടികയില്‍ ഒന്നാമതാണ് ബയേണ്‍ മ്യൂണിക്ക്.

Content Highlights: Sadio Mané will be included in the Senegalese World Cup squad