രാമക്ഷേത്രവും പണിയാൻ പോകുന്ന ബാബരി മസ്ജിദും മതേതരത്വത്തിന്റെ ഉദാഹരണങ്ങൾ; വിവാദമായി സാദിഖലി തങ്ങളുടെ പ്രസംഗം
Kerala News
രാമക്ഷേത്രവും പണിയാൻ പോകുന്ന ബാബരി മസ്ജിദും മതേതരത്വത്തിന്റെ ഉദാഹരണങ്ങൾ; വിവാദമായി സാദിഖലി തങ്ങളുടെ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 9:39 am

മലപ്പുറം: ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും അവിടെ ഇനി പണിയാൻ പോകുന്ന ബാബരി മസ്ജിദുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

ജനുവരി 24ന് പുൽപ്പറ്റ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിൽ സാദിഖലി തങ്ങൾ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്.

‘രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ബഹുമാനിക്കുന്ന ശ്രീ രാമക്ഷേത്രം. അതൊരു യാഥാർഥ്യമാണ്. അതിൽ നിന്ന് നമുക്ക് പിറകോട്ട് പോകാൻ സാധിക്കില്ല. അത് രാജ്യത്തിന്റെ ഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ആവശ്യമാണ്. അത് അയോധ്യയിൽ നിലവിൽ വന്നു.

പക്ഷെ അതിൽ പ്രതിഷേധിക്കേണ്ട കാര്യം നമ്മളെ സംബന്ധിച്ചിടത്തോളം ഇല്ല. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തർക്കും വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അതിനനുസരിച്ചു മുന്നോട്ട് പോകുവാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ക്ഷേത്രം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർമാണത്തിനായി കാത്തിരിക്കുന്ന ബാബരി മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇത് രണ്ടും രാജ്യത്തിന്റെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. നമ്മൾ അതിനെ ഉൾക്കൊള്ളുക,’ സാദിഖലി തങ്ങൾ പറഞ്ഞു.

ബാബരി മസ്ജിദ് കർസേവകർ തകർത്തപ്പോൾ സഹിഷ്ണുതയോടെ അത് നേരിടുവാൻ ഇന്ത്യൻ മുസ്‌ലിങ്ങൾക്ക്, പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിങ്ങൾക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ബാബരി മസ്ജിദ് കർസേവകർ തകർത്തു എന്ന് നമുക്കറിയാം. നമുക്കതിൽ പ്രതിഷേധമുണ്ടായിരുന്നു ആ കാലത്ത്. പക്ഷേ അവിടെ സഹിഷ്ണുതയോടെ അത് നേരിടുവാൻ ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് കഴിഞ്ഞു എന്നതാണ്. പ്രത്യേകിച്ച് കേരളത്തിൽ.

അതിനുള്ള മാതൃക കാണിച്ചുകൊടുക്കുവാൻ കേരളത്തിലെ മുസ്‌ലിങ്ങൾക്ക് കഴിഞ്ഞു. അന്ന് രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കേരളത്തിൽ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയത്,’ സാദിഖലി തങ്ങൾ പറഞ്ഞു.

പള്ളികൾ എത്ര പൊളിച്ചാലും അതെല്ലാം മതേതരത്വത്തിന്റെ ഉദാഹരണമാണെന്നാണ് തങ്ങൾ കരുതുന്നതെന്നും അടുത്ത മതേതരത്വം ഗ്യാൻവാപി മസ്ജിദിലാണെന്നുമുൾപ്പെടെ നിരവധി വിമർശനങ്ങളാണ് സാദിഖലി തങ്ങൾക്കെതിരെ ഉയരുന്നത്.

Content Highlight: Sadikhali Thangal says Ram Temple and Babri Masjid to be built are perfect examples of Indian Secularism